പൂര്‍വാധികം വഷളായിരിക്കുന്ന ഇറാന്‍–അമേരിക്ക ബന്ധത്തില്‍ വീണ്ടും ആഘാതമേല്‍പ്പിച്ച് ട്രംപിനെതിരായ കൊലവിളി. ഇറാന്‍റെ ഔദ്യോഗിക ടെലിവിഷനിലൂടെയാണ് യുഎസ് പ്രസിഡന്റിന് നേരെ വധഭീഷണി മുഴങ്ങിയത്. 2024 ജൂലൈയില്‍ പെനിസില്‍വേനിയയില്‍ നടത്തിയ റാലിക്കിടെ ട്രംപിനെതിരെയുണ്ടായ വധശ്രമത്തിന്‍റെ ചിത്രത്തിനൊപ്പമായിരുന്നു 'ഇത്തവണ ഉന്നം പിഴയ്ക്കില്ലെ'ന്നത് സംപ്രേഷണം ചെയ്തതെന്ന് എഎഫ്പിയും ന്യൂയോര്‍ക്ക് പോസ്റ്റും റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ട്രംപിനെതിരായ വധഭീഷണിയെ സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.ബട്‍ലര്‍ റാലിയില്‍ ഉണ്ടായ വെടിവെപ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപെട്ടത്. ട്രംപിന്‍റെ ചെവിയില്‍ വെടിയുണ്ട തട്ടി ചോരയൊലിക്കുന്ന ദൃശ്യങ്ങള്‍ അന്ന് പുറത്തുവന്നിരുന്നു. Also Read: വ്യോമപാത ഭാഗികമായി അടച്ച് ഇറാന്‍; വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍
ഇറാനെ യുഎസ് ആക്രമിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് പരസ്യമായി ഇറാന്‍റെ ഭീഷണി. രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ കൈകടത്തി നുഴഞ്ഞുകയറാന്‍ അമേരിക്ക ശ്രമിക്കുകയാണെന്നാണ് ഇറാന്‍ ആരോപിക്കുന്നത്. ഇരുപക്ഷവും ആരോപണ പ്രത്യാരോപണങ്ങള്‍ മുഴക്കുന്നതിനിടെ മധ്യപൂര്‍വ ദേശത്ത് നിന്നും അമേരിക്ക തങ്ങളുടെ സൈനികരെ പിന്‍വലിച്ചിരുന്നു.
യുഎസ് ഏതെങ്കിലും തലത്തില്‍ ഇറാനില്‍ ഇടപെട്ടാല്‍ , തക്ക തിരിച്ചടി നല്‍കുമെന്നും യുഎസ് സൈന്യത്തിന് ഇറാനിലെത്താന്‍ വഴിയൊരുക്കുന്നവരും ആക്രമിക്കപ്പെടുമെന്നും ഇറാന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇത് ഖത്തറിനും യുഎഇയ്ക്കുമുള്ള മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ജൂണിലെ പന്ത്രണ്ട് ദിവസത്തെ യുദ്ധത്തിനിടെ ഖത്തറിലെ അമേരിക്കന്‍ വ്യോമത്താവളമായ അല്‍ ഉദെയ്ദ് ഇറാന്‍ ആക്രമിച്ചിരുന്നു.
അമേരിക്കന്‍ ഇടപെടല്‍ ഫലിച്ചുവെന്നും പ്രക്ഷോഭകാരികളെ കൊന്നൊടുക്കുന്നത് ഇറാന്‍ നിര്‍ത്തിവച്ചുവെന്നും ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഖമനയി വിരുദ്ധ കലാപത്തിന് ശ്രമിച്ചെന്ന പേരില്‍ അറസ്റ്റ് ചെയ്ത ഇര്‍ഫാന്‍ സുല്‍ത്താനിയെന്ന യുവാവിനെ ഇന്നലെ പുലര്‍ച്ചെ പരസ്യമായി തൂക്കിക്കൊല്ലുമെന്നാണ് ഇറാന്‍ അറിയിച്ചിരുന്നതെങ്കിലും രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്ന് വധശിക്ഷ നീട്ടിവച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒരാളെയും തൂക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ഇറാന്‍ വലിയ വില നല്‍കേണ്ടി വരുമെന്നുമായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്.