Activists take part in a rally supporting protesters in Iran at Lafayette Park, across from the White House, in Washington, Sunday, Jan. 11, 2026. (AP Photo/Jose Luis Magana)

Activists take part in a rally supporting protesters in Iran at Lafayette Park, across from the White House, in Washington, Sunday, Jan. 11, 2026. (AP Photo/Jose Luis Magana)

ഇറാനില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍  ഇടപെടാനുറച്ച്  യു.എസ്. എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍‍  നാളെ നിര്‍ണായകയോഗം. നടപടി സംബന്ധിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍  യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് വിശദീകരണം നല്‍കും. സൈനിക നടപടി, സൈബര്‍ ആക്രമണം തുടങ്ങിയവയാണ്  യു.എസിന് മുന്നിലുള്ളത്.  

ഇറാനെതിരെ സൈനിക നടപടി ഉണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഇറാന്‍റെ സൈനിക, സിവിലിയൻ കേന്ദ്രങ്ങൾക്കെതിരെ രഹസ്യ സൈബർ ആക്രമണം, ഇറാൻ സർക്കാരിനെതിരെ കൂടുതൽ ഉപരോധങ്ങൾ, സർക്കാർ വിരുദ്ധ കണ്ടന്‍റുകള്‍ക്ക് ഓൺലൈനിൽ പ്രോത്സാഹനം നല്‍കല്‍ എന്നിവയാണ് യു.എസ് പരിഗണിക്കുന്നതെന്ന് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ഇറാനെതിരെയുള്ള ഭീഷണി ട്രംപ് തുടര്‍ന്നു. 

ഇറാനിലെ വിഷയം വളരെ ഗൗരവമായി കാണുന്നു എന്നാണ് ട്രംപ് പറഞ്ഞത്. സൈന്യവും വിഷയം പരിശോധിക്കുന്നുണ്ട്. സൈനിക നടപടി കൂടാതെ ശക്തമായ ചില ഓപ്ഷനുകളും തങ്ങളുടെ പക്കലുണ്ട്. ഉടന്‍ ഒരു തീരുമാനമെടുക്കും എന്നാണ് ട്രംപ് ഞായറാഴ്ച എയർഫോഴ്സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പറഞ്ഞത്. സൈനിക നടപടിയെന്ന ഭീഷണിക്ക് പിന്നാലെ ഇറാന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്ക് സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. അവര്‍ ചര്‍ച്ച നടത്താന്‍ ആഗ്രഹിക്കുന്നത് കൊണ്ട് യോഗം വിളിക്കുമെന്നും എന്നാല്‍ ചര്‍ച്ചയ്ക്ക് മുന്‍പ് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു. 

ഇറാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച മണിക്കൂറുകള്‍ വച്ച് അപ്ഡേറ്റ് കിട്ടുന്നു എന്നാണ് ട്രംപ് പറഞ്ഞത്. യു.എസ് ആക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന ഇറാന്റെ ഭീഷണിക്കും ട്രംപ് മറുപടി നല്‍കി. ഇറാന്‍ അങ്ങനെ ചെയ്താല്‍ മുന്‍പ് കാണാത്ത തരത്തില്‍ തിരിച്ചടിക്കുമെന്നാണ് ട്രംപിന്‍റെ മറുപടി. 

ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ടെഹ്റാനില്‍ ആരംഭിച്ച പ്രതിഷേധം രാജ്യത്തെമ്പാടും വ്യാപിച്ചിട്ടുണ്ട്. ഇതുവരെ 500 ലധികം പേര്‍ മരിച്ചതായി യു.എസ് മനുഷ്യാവകാശ സംഘടനയായ എച്ച്ആര്‍എന്‍എ വ്യക്തമാക്കി. 490 സമരക്കാരും 48 സുരക്ഷാ ജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. അതേസമയം, ചില സോഴ്സുകള്‍ പ്രകാരം, 2,000 ത്തിലധംക പേര്‍ മരിച്ചതായി നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കി. 192 മരണങ്ങള്‍ സംഘടന പരിശോധിച്ച് ഉറപ്പിച്ചിട്ടുണ്ട്. 

ENGLISH SUMMARY:

Iran protests are escalating, prompting a crucial US meeting. The meeting will address potential US responses, including military and cyber options.