ഇറാനെതിരെ യു.എസ് ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനിടെ ഇസ്രയേല്‍ മുന്‍നിര്‍ത്തി മുന്നൊരുക്കങ്ങള്‍. ഇസ്രയേലിലെ എംബസി ജീവനക്കാരെ യു.എസ് ഒഴിപ്പിക്കാന്‍ തുടങ്ങി. ഇസ്രയേല്‍ വിടാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ന് തന്നെ ചെയ്യണമെന്ന് യുഎസ് അംബാസഡർ മൈക്ക് ഹക്കബി ജീവനക്കാര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. യുദ്ധ ആശങ്ക സജീവമായതോടെ ഇസ്രയേലില്‍ ആശുപത്രികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിയെന്നാണ് വിവരം.
ജൂണിലെ സംഘര്‍ഷങ്ങള്‍ക്കിടെയുണ്ടായ പോരായ്മകള്‍ തിരിച്ചറിയാനും ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ നേരിടാനുള്ള ശുപാര്‍ശകളുമാണ് ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൈമാറിയതെന്ന് ഇസ്രയേലി മാധ്യമമായ യെന്‍റ് റിപ്പോര്‍ട്ട് ചെയ്തു. രോഗികളുടെ സ്വകാര്യത സംരക്ഷിക്കാനും ആരോഗ്യ പ്രവർത്തകർക്ക് കൂടുതൽ പിന്തുണ നല്‍കാനും തിരക്കേറിയ വാർഡുകളിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
ചൊവ്വാഴ്ചയോടെ തെക്കന്‍ ഇസ്രയേലിലെ ഒവ്‍ദ എയര്‍ബേസില്‍ 12 എഫ്-22 യുദ്ധവിമാനങ്ങള്‍ യുഎസ് വിന്യസിച്ചിരുന്നു. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ ആകാശം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാലാണ് ഇസ്രയേലിലേക്ക് യു.എസ് താവളം മാറ്റുന്നതെന്നാണ് സൂചന.
അതിനിടെ യു.എസിന്‍റെ മധ്യേഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപുമായ കൂടിക്കാഴ്ച നടത്തി. ഇറാനില്‍ നടത്തേണ്ട സൈനിക നടപടികളെ പറ്റിയായിരുന്നു ചര്‍ച്ചയെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാനും പ്രസിഡന്റിന്റെ മുതിർന്ന സൈനിക ഉപദേശകനുമായ ജനറൽ ഡാൻ കെയ്‌നും വൈറ്റ് ഹൗസിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. ജനീവയില്‍ കഴിഞ്ഞ ദിവസം നടന്ന യു.എസ്– ഇറാന്‍ മൂന്നാം ഘട്ട ചര്‍ച്ചയില്‍ കരാറിലെത്താന്‍ സാധിക്കാത്തതിന് പിന്നാലെയാണ് പുതിയ ചലനങ്ങള്‍. എന്നാല്‍ ഓസ്ട്രിയയിലെ വിയന്നയില്‍ ചര്‍ച്ച തുടരുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ആഴ്ചകൾക്കുള്ളിൽ ഇറാനെതിരെ അമേരിക്കൻ സൈനിക നീക്കമുണ്ടാകാൻ 90 ശതമാനം സാധ്യതയുണ്ടെന്നാണ് ട്രംപിന്റെ ഉപദേഷ്ടാവ് പറഞ്ഞത്. ഈ വാരാന്ത്യത്തോടെ തന്നെ ആക്രമണത്തിന് സജ്ജമാകാൻ തങ്ങൾക്ക് കഴിയുമെന്ന് പെന്റഗണ്‍ വൈറ്റ്ഹൗസിനെ അറിയിച്ചിരുന്നു. അതേസമയം, മേഖലയിലെ സുരക്ഷാ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇറാനില്‍ നിന്നും ബ്രിട്ടന്‍ പൗരന്മാരെ താല്‍ക്കാലികമായി പിന്‍വലിച്ചു. ഇറാനിലുള്ള പൗരന്മാര്‍ സുരക്ഷിതമായി രാജ്യം വിടാൻ കഴിയുമെങ്കിൽ രാജ്യം വിടണമെന്ന് കാനഡ സർക്കാർ ആവശ്യപ്പെട്ടു.