Image Credit: X
പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ ട്രിപ് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കരാസനി ഹരികൃഷ്ണ റെഡ്ഡി(24)യെയാണ് കാണാതായത്. ക്രിസ്മസ് അവധിക്ക് പൊതുഗതാഗതം ഉപയോഗിച്ചാണ് ഹരികൃഷ്ണ അലാസ്കയിലേക്ക് പോയത്. ഡിസംബര്‍ 30നാണ് ഹരി അവസാനമായി സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സംസാരിച്ചത്.
അലാസ്കയിലെ ഡെനാലിയിലെ ഹോട്ടലിലാണ് ഹരി താമസിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അവസാനമായി മൊബൈല്‍ ഫോണിന്‍റെ സിഗ്നല്‍ ലഭിച്ചത് ഡിസംബര്‍ 31ന് ഇവിടെ നിന്നുമാണ്. ഇത്രയും ദിവസമായിട്ടും വിവരം ലഭിക്കാതായതോടെ സുഹൃത്തുക്കള്‍ വിവരംപൊലീസില്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ആരെങ്കിലും കണ്ടെത്തിയാല്‍ വിവരം അറിയിക്കണമെന്ന അഭ്യര്‍ഥനയോടെയായിരുന്നു പോസ്റ്ററുകള്‍. ഡിസംബര്‍ 31ന് മൈനസ് 40 ഡിഗ്രി ആയിരുന്നു അലാസ്കയിലെ താപനില. ഇത്തരം കാലാവസ്ഥയില്‍ സാധാരണഗതിയില്‍ വിനോദ സഞ്ചാരികള്‍ അലാസ്ക സന്ദര്‍ശിക്കാറില്ല. ഹരി എന്തിനാണ് അലാസ്കയിലേക്ക് പോയതെന്നോ വിന്‍റര്‍സ്പോര്‍ട്സില്‍ പങ്കെടുക്കാന്‍ ഉദ്ദേശിച്ചിരുന്നോ അതോ ധ്രുവദീപ്തി കാണാന്‍ പോയതാണോ എന്നതിലൊന്നും സുഹൃത്തുക്കള്‍ക്കും നിശ്ചയമില്ല.
ഹൂസ്റ്റണില്‍ നിന്നും യാത്ര പുറപ്പെടുമ്പോള്‍ താന്‍ ഡെനാലിയിലാണ് താമസിക്കുന്നതെന്നും ജനുവരി നാലോടെ മടങ്ങി വരുമെന്നുമാണ് ഹരി സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. പ്രദേശത്ത് മൊബൈലിന് റേഞ്ചില്ലാത്തതിനാലാകും ഹരി വിളിക്കാത്തതെന്നാണ് കൂട്ടുകാര്‍ കരുതിയിരുന്നത്.എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് പരിശോധിച്ചപ്പോള്‍ പ്രാദേശിക ടാക്സി വിളിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് കാണാനില്ലെന്ന് പരാതി നല്‍കിയത്. ഹരി ഫെയര്‍ബാങ്ക്സ് തീരത്തേക്ക് പോയിട്ടുണ്ടാകാമെന്നാണ് അലാസ്ക പൊലീസ് സംശയിക്കുന്നത്. രണ്ടായിരത്തോളം പേരെ പ്രതിവര്‍ഷം അലാസ്കയില്‍ കാണാതാകുന്നുണ്ടെന്നാണ് അമേരിക്കയുടെ ഔദ്യോഗിക കണക്ക്. മിക്കവരുടെയും മൃതദേഹങ്ങളും കണ്ടെത്താനായിട്ടില്ല.