marinera-bella-1

നടുക്കടലില്‍ വച്ച് അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ എണ്ണക്കപ്പലില്‍ മൂന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പടെ 28 ജീവനക്കാരെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ചയാണ് മാരീനേരയെന്ന എണ്ണക്കപ്പല്‍ യുഎസ് കോസ്റ്റ്ഗാര്‍ഡ് പിടിച്ചെടുത്തത്. വടക്കന്‍ അറ്റ്ലാന്റിക് കടലിലായിരുന്നു കപ്പല്‍. കപ്പലിനുള്ളില്‍ 17 യുക്രെയ്ന്‍, ആറ് ജോര്‍ജിയന്‍, മൂന്ന് ഇന്ത്യന്‍, രണ്ട് റഷ്യന്‍ പൗരന്‍മാര്‍ എന്നിവരാണ് ഉള്ളതെന്ന് റഷ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇന്ത്യക്കാര്‍ കപ്പലിലുണ്ടോയെന്നതില്‍ ഔദ്യോഗിക സ്ഥിരീകരണം ഇന്ത്യ നടത്തിയിട്ടില്ല. 

രാജ്യാന്തര മാരിടൈം ചട്ടങ്ങളും നയങ്ങളുമനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും മാരീനേരയ്ക്കെതിരെ നടത്തിയ നിയമവിരുദ്ധമായ നടപടികള്‍ അവസാനിപ്പിക്കണമെന്നും റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെനസ്വേലയുടെ പ്രകൃതി വിഭവങ്ങളുടെ മേല്‍ യുഎസ് നടത്തുന്ന അധിനിവേശത്തെ അപലപിക്കുന്നുവെന്നും ഇത് സാമ്രാജ്യത്വ സമീപനമാണെന്നും  പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കപ്പലിലുള്ളവരോട് മനുഷ്യത്വപരമായ പെരുമാറ്റം വേണമെന്നും പ്രസ്താവനയില്‍ റഷ്യ ആവശ്യപ്പെട്ടു. ' റഷ്യന്‍ പൗരന്‍മാരുള്‍പ്പടെ കപ്പലിലുള്ള എല്ലാ ജീവനക്കാരോടും മനുഷ്യാന്തസും അഭിമാനവും നിലനിര്‍ത്തുന്ന രീതിയിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നും സ്വന്തം നാടുകളിലേക്ക് എത്രയും വേഗം അവരെ അയയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും' പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു. 

സമാധാനപരമായി വടക്കന്‍ അറ്റ്​ലാന്‍റികിലൂടെ സ‌‍ഞ്ചരിക്കുന്നതിനിടയിലാണ് യുഎസ് സൈനിക നടപടിയുണ്ടായതെന്നും രാജ്യാന്തര നിയമവും റഷ്യന്‍ നിയമവും അനുസരിച്ചാണ് കപ്പല്‍ സഞ്ചരിച്ചതെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. കപ്പല്‍ എവിടെ നിന്ന് വരുന്നുവെന്നും എന്താണ് കപ്പലിലെന്നുമെല്ലാമുള്ള വിശ്വസനീയമായ വിവരങ്ങള്‍ യുഎസിന് റഷ്യ നല്‍കിയിരുന്നുവെന്നും എന്നിട്ടും പിടിച്ചെടുത്തത് രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും റഷ്യ ആരോപിക്കുന്നു. 

വെനസ്വേലയില്‍ നിന്ന് എണ്ണ കടത്തിയെന്ന് ആരോപിച്ച് കപ്പലിനെതിരെ യുഎസ് നേരത്തെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അന്ന് ബെല്ല1 എന്നായിരുന്നു കപ്പലിന്‍റെ പേര്. ഡിസംബറില്‍ കപ്പല്‍ പിടിച്ചെടുക്കാനും യുഎസ് ശ്രമിച്ചു. എന്നാല്‍ കപ്പലിന്‍റെ പേര് മാറ്റി മാരിനേരയെന്നാക്കുകയും, ഗയാനയുടെ പതാക മാറ്റി റഷ്യന്‍ പതാക റഷ്യ സ്ഥാപിക്കുകയുമായിരുന്നു.

റഷ്യന്‍ കപ്പല്‍ പിടിച്ചെടുക്കാന്‍ യുഎസ് കോസ്റ്റ് ഗാര്‍ഡിന് ബ്രിട്ടീഷ് സൈന്യത്തിന്‍റെ സഹായം നല്‍കിയെന്ന് ബ്രിട്ടീഷ് പ്രതിരോധ വകുപ്പും ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓപ്പറേഷന്‍ പൂര്‍ത്തിയാക്കുന്നതിനായി വ്യോമത്താവളം വിട്ടുനല്‍കുകയും നിരീക്ഷണം നടത്തി സഹായിക്കുകയും ചെയ്തുവെന്നായിരുന്നു ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ജോണ്‍ ഹേലിയുടെ വെളിപ്പെടുത്തല്‍. 

ENGLISH SUMMARY:

A Russian oil tanker named Marinera, seized by the US Coast Guard in the North Atlantic, reportedly has three Indian nationals among its 28-member crew. According to Russia Today, the crew also includes seventeen Ukrainians, six Georgians, and two Russians, though official confirmation from India is still pending. The Russian Foreign Ministry condemned the seizure as an "imperialist act" and a violation of international maritime laws, demanding the immediate and safe return of all personnel. The vessel, formerly known as Bella 1, had been under US sanctions for transporting Venezuelan oil before Russia renamed it and changed its flag to bypass restrictions. The United States had previously attempted to intercept the ship in December, but the recent successful operation was bolstered by military and intelligence support from the United Kingdom. Russia maintains that the ship was sailing peacefully and that all necessary documentation regarding its cargo had been transparently shared with US authorities.