മാസങ്ങള്‍ക്കകം ഫിഫ ലോകകപ്പ് വേദിയാകേണ്ട മെക്സിക്കോയിലെ അക്രോണ്‍ സ്റ്റേഡിയത്തിന് സമീപം കണ്ടെത്തിയത് മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 456 ബാഗുകൾ. 2022 മുതൽ സ്റ്റേഡിയത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ നിന്നാണ് തിരച്ചിൽ സംഘങ്ങൾ അസ്ഥികൂടങ്ങളടങ്ങിയ ബാഗുകള്‍ കണ്ടെത്തിയത്.
മെക്സിക്കോയിലെ ഏറ്റവും സംഘർഷഭരിതമായ സംസ്ഥാനങ്ങളിലൊന്നായ ഹലിസ്കോയിലാണ് അക്രോണ്‍ സ്റ്റേഡിയം. പ്ലേ ഓഫ് മല്‍സരങ്ങള്‍ക്കും നാല് ഗ്രൂപ്പ് റൗണ്ട് മല്‍സരങ്ങള്‍ക്കും സ്റ്റേഡിയം വേദിയാകും. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവന്നത്. സ്റ്റേഡിയത്തിൽ നിന്ന് ഏകദേശം 10 മുതൽ 20 വരെ കിലോമീറ്റർ ചുറ്റളവിലുള്ള വിവിധ സ്ഥലങ്ങളിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 456 ബാഗുകൾ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കാണാതായ തങ്ങളുടെ ഉറ്റവർക്കുവേണ്ടി തിരച്ചിൽ നടത്തുന്ന കുടുംബാംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഘങ്ങള്‍ നടത്തിയ തിരിച്ചിലിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ലോകകപ്പിന് 200 ദിവസത്തിൽ താഴെ മാത്രം ബാക്കിനിൽക്കെ, സുരക്ഷാ ആശങ്കകൾ വര്‍ധിപ്പിക്കുന്നതായി പുതിയ കണക്കുകള്‍. മെക്സിക്കോയിലെ സംഘടിത കുറ്റകൃത്യങ്ങളുടെയും ആളുകളെ കാണാതാകുന്നതിന്റെയും ഭീകരത വീണ്ടും ചർച്ചയായി. ലോകകപ്പ് തുടങ്ങുന്നതോടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹലിസ്കോ പൊലീസ് ഫ്രാൻസിന്റെ ദേശീയ പൊലീസിൽ നിന്ന് രണ്ടാഴ്ചത്തെ പരിശീലനം നേടിയിട്ടുണ്ട്.