വെനസ്വേലയില്‍ നടത്തിയ സൈനിക അധിനിവേശത്തിന് പിന്നാലെ ഇന്ത്യയടക്കം ആറു രാജ്യങ്ങൾക്ക് നേരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സികോ, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരെ ലഹരിക്കടത്തുമായി ബന്ധപ്പെട്ടാണ് ഭീഷണിയെങ്കില്‍ ഇന്ത്യയോടുള്ള വെല്ലുവിളി റഷ്യന്‍ എണ്ണയെ ചൊല്ലിയാണ്. ഇറാനില്‍ 'സമാധാന സ്ഥാപനം' ലക്ഷ്യമിടുന്ന ട്രംപ്, ഗ്രീന്‍ലാന്‍ഡ് അമേരിക്കയ്ക്ക് നിര്‍ബന്ധമായും കൂട്ടിച്ചേര്‍ക്കുമെന്നാണ് വെല്ലുവിളി ഉയര്‍ത്തുന്നത്.
ട്രംപിന്റെ പുതിയ 'ഹിറ്റ് ലിസ്റ്റിൽ' ഇടംപിടിച്ച രാജ്യങ്ങളും അവയ്ക്കെതിരായ ഭീഷണികളും
ഇന്ത്യ: റഷ്യൻ എണ്ണയ്ക്ക് പണികിട്ടും
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെയാണ് ട്രംപ് ആഞ്ഞടിച്ചത്. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ തുടരുകയാണെങ്കിൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ വൻതോതിൽ ഇറക്കുമതി തീരുവ (Import Duty) ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ക്യൂബ: സാമ്പത്തിക തകർച്ചയുടെ വക്കിൽ
വെനസ്വേലയ്ക്ക് പിന്നാലെ ക്യൂബയ്ക്കും മയക്കുമരുന്ന് കടത്ത് ആരോപണത്തിലാണ് ട്രംപ് മറുപടി നൽകിയത്. വെനസ്വേലയിൽ നിന്നുള്ള എണ്ണപ്പണത്തെ ആശ്രയിച്ചാണ് ക്യൂബ നിലനിൽക്കുന്നതെന്നും, ആ സഹായം നിന്നതോടെ ക്യൂബ തകരുമെന്നും ട്രംപ് പരിഹസിച്ചു. അമേരിക്ക പ്രത്യേകിച്ച് ഒന്നും ചെയ്തില്ലെങ്കിൽ പോലും ക്യൂബ ഉടൻ നാമാവശേഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോ: സൈനിക ഇടപെടൽ സൂചന
മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്താൻ മെക്സിക്കൻ സർക്കാർ തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനോട് സഹായത്തിനായി യുഎസ് സൈന്യത്തെ അയക്കാമെന്ന് പലതവണ വാഗ്ദാനം ചെയ്തതായി ട്രംപ് വെളിപ്പെടുത്തി. മെക്സിക്കോയ്ക്ക് സ്വയം പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ അമേരിക്കൻ സൈന്യം രംഗത്തിറങ്ങുമെന്ന സൂചനയും ഇതിലുണ്ട്.
കൊളംബിയ: ഭരണമാറ്റത്തിനുള്ള നീക്കം?
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയെ 'സമനില തെറ്റിയവൻ' എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. കൊക്കെയ്ൻ നിർമ്മിച്ച് അമേരിക്കയിലേക്ക് കടത്തുകയാണ് ഇയാളുടെ ജോലിയെന്നും ട്രംപ് ആരോപിച്ചു. കൊളംബിയ ആക്രമിക്കുമോ എന്ന ചോദ്യത്തിന് അതൊരു നല്ല കാര്യമായിരിക്കുമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ഇറാൻ: പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്താൽ തിരിച്ചടി
ഇറാനിലെ ആഭ്യന്തര പ്രക്ഷോഭങ്ങളെ യുഎസ് നിരീക്ഷിച്ചു വരികയാണെന്നാണ് ട്രംപ് പറയുന്നത്. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ വെടിവച്ചു കൊല്ലാനാണ് ഇറാൻ ഭരണകൂടത്തിന്റെ നീക്കമെങ്കിൽ അമേരിക്കയിൽ നിന്ന് കടുത്ത ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. സമാധാനം സ്ഥാപിക്കാന്‍ അമേരിക്ക നേരിട്ടിറങ്ങുമെന്നാണ് ട്രംപിന്‍റെ വാക്കുകള്‍.
ഗ്രീൻലൻഡ്: വിട്ടുകൊടുക്കണമെന്ന് ആവശ്യം
ഡെന്മാർക്കിന്റെ അധീനതയിലുള്ള ഗ്രീൻലൻഡിനെ അമേരിക്കയ്ക്ക് വേണമെന്ന മുൻപത്തെ ആവശ്യം ട്രംപ് ആവർത്തിച്ചു. ഗ്രീൻലൻഡിൽ റഷ്യൻ, ചൈനീസ് കപ്പലുകൾ ചുറ്റിത്തിരിയുന്നത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിനാൽ ഗ്രീൻലൻഡ് തങ്ങൾക്ക് വേണമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ആവശ്യം അസംബന്ധമാണെന്നും രാജ്യം വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി പ്രതികരിച്ചു. ഗ്രീന്‍ലാന്‍ഡിന്‍റെ കാര്യത്തില്‍ പൂര്‍ണമായ അധികാരം ഡെന്‍മാര്‍ക്കിനാണെന്ന് യു.കെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും പ്രതികരിച്ചു.