വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ബന്ദിയാക്കി ന്യൂയോര്‍ക്കിലെത്തിക്കുകയും വെനസ്വേല അമേരിക്ക ഭരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെ മൂന്ന് രാജ്യങ്ങള്‍ക്കുകൂടി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. മെക്സിക്കോ, ക്യൂബ, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്കാണ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വെനസ്വേലയുടെ മുകളിലുള്ള ട്രംപിന്‍റെ സൈനിക നടപടിയെ മൂന്ന് രാജ്യങ്ങളും അപലപിക്കുകയും ചെയ്തിരുന്നു.
കൊളംബിയന്‍ പ്രസിഡന്‍റ് ഗുസ്താവോ പെട്രോ കൊക്കെയ്ൻ ഉണ്ടാക്കുകയാണെന്നും അവർ അത് അമേരിക്കയിലേക്ക് അയയ്ക്കുന്നു അതിനാല്‍ സൂക്ഷിച്ചോളാനാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. വെനസ്വേലയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒന്നുകൂടിയാണ് കൊളംബിയ. അതേസമയം, ട്രംപിന്‍റെ നടപടികളെ ലാറ്റിൻ അമേരിക്കയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം എന്നാണ് ഗുസ്താവോ പെട്രോ വിശേഷിപ്പിച്ചത്.
ട്രംപ് ഭരണകൂടത്തിന്റെ അടുത്ത ലക്ഷ്യം ക്യൂബയായിരിക്കാമെന്നാണ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ സൂചന നൽകിയത്. എന്നാല്‍ ക്യൂബ ഇപ്പോൾ ഒരു പരാജയപ്പെടുന്ന രാഷ്ട്രമായതിനാൽ ക്യൂബയെ കുറിച്ച് അവസാനമേ ചര്‍ച്ച ചെയ്യുകയുള്ളൂ എന്നാണ് ട്രംപ് പറഞ്ഞത്. ക്യൂബയിലെ ജനങ്ങളെ ‘സഹായിക്കാൻ’ താന്‍ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.
മെക്സിക്കോയെക്കുറിച്ചും സംസാരിച്ച ട്രംപ്, മെക്സിക്കോയിലും എന്തെങ്കിലും ചെയ്യേണ്ടിവരുമെന്നാണ് പറഞ്ഞത്. പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം ഒരു നല്ല സ്ത്രീയാണ്. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണ്. എന്നാല്‍ അവർ രാജ്യം ഭരിക്കുന്നില്ല. കാർട്ടലുകളാണ് മെക്സിക്കോയെ ഭരിക്കുന്നത്. കാര്‍ട്ടലുകളെ പുറത്താക്കാന്‍ സഹായിക്കണമോ എന്ന് പലതവണ ചോദിച്ചെങ്കിലും വേണ്ടെന്നാണ് ക്ലോഡിയ പറഞ്ഞതെന്നും അവര്‍ക്ക് കാർട്ടലുകളെ വളരെ ഭയമാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, പ്രസിഡന്റ് നിക്കോളസ് മഡുറോയെയും ഭാര്യയെയും ന്യൂയോര്‍ക്കിലെത്തിച്ചതായാണ് റിപ്പോര്‍ട്ട്. ഇരുവരുമായുള്ള വിമാനം ന്യൂയോർക്കിലെ സ്റ്റിവാര്‍ട്ട് എയര്‍ നാഷണല്‍ ബേസില്‍ ലാന്‍ഡ് ചെയ്തതായും അവിടെ നിന്നും മഡുറോയെ ഹെലികോപ്റ്ററില്‍ നഗരത്തിലെത്തിക്കുകയും ചെയ്തതായാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് അഡ്മിനിസ്ട്രേഷന്റെ ഓഫീസിലെത്തിക്കുന്ന മഡുറോയെ അവിടെ നിന്ന് മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്‍ററിലെ ജയിലിലേക്ക് മാറ്റും. തിങ്കളാഴ്ച വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും.
മഡുറോയും ഭാര്യയും യു.എസില്‍ വിചാരണ നേരിടണമെന്നും വെനസ്വേലയുടെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തെന്നും ട്രംപ് അറിയിച്ചിരുന്നു. വെനസ്വേലയില്‍ സുരക്ഷിതമായ മാറ്റം സംഭവിക്കുന്നതുവരെ യു.എസ് ഭരിക്കുമെന്നാണ് ട്രംപ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. യു.എസ് പങ്കാളിത്തം വെനിസ്വേലന്‍ ജനങ്ങളെ സമ്പന്നരും സ്വതന്ത്രരും സുരക്ഷിതരുമാക്കുമെന്നും ട്രംപ് പറഞ്ഞു. വെനസ്വേലയിലെ എണ്ണ വ്യവസായത്തില്‍ അമേരിക്കന്‍ എണ്ണ കമ്പനികള്‍ ഇടപെടുമെന്നും ട്രംപ് വ്യക്തമാക്കി. അതേസമയം, വെനസ്വേലയുടെ വരുംദിവസങ്ങളിലെ നീക്കങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങളെടുക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചിട്ടുള്ളത്.