Image: X

Image: X

തെക്കുപടിഞ്ഞാറൻ സ്വിറ്റ്സർലൻഡിലെ പ്രശസ്ത സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിലെ ബാറിലുണ്ടായ തീപിടിത്തം കവര്‍ന്നത് നാല്‍പ്പതുപേരുടെ ജീവനാണ്. തീപിടിത്തത്തില്‍ 119 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആൽപ്‌സ് പർവതനിരകളിലെ ആഘോഷ രാത്രിയാണ് ദുരന്തമായി പര്യവസാനിച്ചത്. പുതുവര്‍ഷ പുലരിയിലെ ദുരന്തത്തില്‍ നിന്ന് നാടും നാട്ടുകാരും സഞ്ചാരികളും ഇതുവരെ മുക്തരായിട്ടില്ല.

വില്ലനായ പൂത്തിരികള്‍

പ്രശസ്ത ബാറായ ലെ കോൺസ്റ്റലേഷനിലാണ് തീപിടിത്തമുണ്ടായത്. ആഘോഷത്തിന്‍റെ ഭാഗമായുളള കരിമരുന്ന് പ്രയോഗമാണ് അപകടത്തിന് പിന്നിലെന്നായിരുന്നു സൂചനകള്‍. ഇപ്പോളിതാ തീപിടിത്തത്തിന്‍റെ കാരണത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ആഘോഷങ്ങളുടെ ഭാഗമായി ഷാംപെയ്ൻ കുപ്പികളിൽ പൂത്തിരികള്‍ (Sparklers) കുത്തി നിര്‍ത്തിയിട്ടുണ്ടായിരുന്നു. ഇവ കത്തിക്കുകയും ആവേശത്തില്‍ കുപ്പികള്‍ ഒരുമിച്ച് മുകളിലേക്ക് ഉയര്‍ത്തുകയും ചെയ്തു. ഈ കത്തിച്ച പൂത്തിരികളും സീലിങ്ങും തമ്മില്‍ സമ്പര്‍ക്കത്തിലായതോടെയാണ് തീപിടിത്തം ആരംഭിക്കുന്നത്.

സാഹചര്യ തെളിവുകളെല്ലാം ഷാംപെയ്ൻ കുപ്പികളിൽ സ്ഥാപിച്ചിരിക്കുന്ന ഈ പൂത്തികളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബാറിലെ ആഘോഷ ദൃശ്യങ്ങളില്‍ ഇവ സീലിങിനോട് വളരെ അടുത്ത് പിടിച്ചിരുന്നു എന്നത് വ്യക്തമാണ്. തീപടര്‍ന്നതിന് പിന്നാലെ അഗ്നിരക്ഷാസേനകള്‍ പോലും ഭയപ്പെടുന്ന ‘ഫ്ലാഷ്ഓവർ’ ഉണ്ടായതായും അധികൃതര്‍ പറഞ്ഞു. അടച്ചിട്ട ഒരു മുറിയിലെ എല്ലാം ഏതാണ്ട് ഒരേസമയം കത്തിയെരിയുന്ന ഏറെ അപകടകരമായ സാഹചര്യമാണിത്.

ആഘോഷങ്ങള്‍ക്കിടെ ആളുകള്‍ റെക്കോര്‍ഡ് ചെയ്ത വിഡിയോ ദൃശ്യങ്ങളുടേയും നിരവധി ദൃക്സാക്ഷികളുടെ മൊഴിയുടേയും അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ ഈ അനുമാനത്തിലെത്തിയിരിക്കുന്നത്. അതേസമയം, ഈ അനുമാനങ്ങള്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. സാധ്യമായ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ടെന്നും ഒന്നും തള്ളിക്കളയുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതേസമയം, തീപിടിത്തത്തില്‍ പരുക്കേറ്റ 119 പേരില്‍ 113 പേരെ ഇതുവരെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. 71 സ്വിസ് പൗരന്മാരും 14 ഫ്രഞ്ചുകാരും 11 ഇറ്റാലിയന്‍ പൗരന്‍മാരും നാല് സെർബിയക്കാരുമാണുള്ളത്. ബോസ്നിയ, ബെൽജിയം, പോളണ്ട്, പോർച്ചുഗൽ, ലക്സംബർഗ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്‍മാരും അപകടത്തില്‍പ്പെട്ടിരുന്നു. 40 മരണങ്ങളാണ് ഇതുവരെ സ്ഥിരീകരിച്ചത്. എന്നാല്‍ ഈ സംഖ്യയും അന്തിമമല്ലെന്ന് അധികൃതർ പറയുന്നു. 

എന്താണ് ‘ഫ്ലാഷ് ഓവര്‍’?

അടച്ചിട്ട ഒരിടത്ത് തീപിടുത്തമുണ്ടാകുമ്പോൾ നിമിഷനേരം കൊണ്ട് ആ മുറിയിലാകെ തീ പടരുന്ന അപകടകരമായ അവസ്ഥയാണ് ‘ഫ്ലാഷ് ഓവർ’ (Flashover). ഒരു മുറിക്കുള്ളിലെ ജൈവവസ്തുക്കൾ ചൂടാകുമ്പോൾ അവ വിഘടിക്കുകയും ജ്വലനസ്വഭാവമുള്ള വാതകങ്ങൾ പുറത്തുവിടുകയും ചെയ്യുന്നുണ്ട്. മുറിയിലുള്ള വസ്തുക്കളുടെ ഉപരിതലം അവ തനിയെ കത്താൻ ആവശ്യമായ താപനിലയിൽ (Autoignition temperature) എത്തുമ്പോഴാണ് ഫ്ലാഷ് ഓവർ സംഭവിക്കുന്നത്. സാധാരണയായി 500 ഡിഗ്രി സെൽഷ്യസ് മുതൽ 600 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയിലാണ് ഇത്തരം തീപിടുത്തങ്ങൾ ഉണ്ടാകുന്നത്.

ഉദാഹരണത്തിന് വീടിനുള്ളിലെ ഫർണിച്ചറിന് തീപിടിക്കുന്നു എന്ന് കരുതുക. ഈ തീയിൽ നിന്നും പുറപ്പെടുന്ന ചൂടുള്ള പുകയും വാതകങ്ങളും മുറിയുടെ മുകൾഭാഗത്ത് (സീലിങ്) ഒരു പാളിയായി പടരും. പുകയും ചൂടും വർദ്ധിക്കുന്നതോടെ മുറിയിലെ ഭിത്തികൾക്കിടയിൽ ഇവ ഒരു ആവരണമായി മാറും. ഈ ചൂടുപടലം മുറിയിലുള്ള മറ്റ് വസ്തുക്കളിലേക്ക് കഠിനമായ ചൂട്  (Radiated heat) പ്രസരിപ്പിക്കുന്നു. ഇതോടെ മറ്റ് വസ്തുക്കളും വിഘടിക്കുകയും കത്തുന്ന വാതകങ്ങൾ പുറപ്പെടുവിക്കുകയും ചെയ്യും. ഈ വാതകങ്ങൾ നിശ്ചിത താപനിലയിൽ എത്തുന്നതോടെ മുറിയിലാകെ ഒരേസമയം തീ ആളിപ്പടരുന്നു. സാധാരണക്കാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത ഈ പ്രതിഭാസം വലിയ ദുരന്തങ്ങൾക്കാണ് പലപ്പോഴും വഴിതെളിക്കുന്നത്.

ENGLISH SUMMARY:

Investigation reveals that sparklers placed on champagne bottles caused the devastating fire at 'Le Constellation' bar in Crans-Montana, Switzerland. The fire killed 40 people and injured 119 during New Year 2026 celebrations. Experts highlight the 'Flashover' phenomenon as the reason for the rapid spread. Victims include Swiss, French, and Italian citizens. Get the latest details on the investigation and the science behind flashover fires.