Image: Gaston County Sheriff's Office via AP
അമേരിക്കയിലെ നോർത്ത് കാരോലൈനയിൽ പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി എഫ്ബിഐ. ആക്രമണത്തിന് പദ്ധതിയിട്ട 18 വയസ്സുകാരനെ അറസ്റ്റ് ചെയ്തതായും എഫ്ബിഐ അറിയിച്ചു. ഭീകരസംഘടനയായ ഐഎസിൽ നിന്നു പ്രചോദിതമായി ആക്രമണം നടത്താനായിരുന്നു ലക്ഷ്യമെന്നും മാസങ്ങളോളം പ്രതി ഐഎസിന്റെ പിന്തുണയോടെ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നവെന്നും എഫ്ബിഐ വ്യക്തമാക്കുന്നുണ്ട്. മിന്റ് ഹില്ലില്‍ നിന്നുള്ള ക്രിസ്റ്റ്യൻ സ്റ്റർഡിവന്റ് എന്ന 18 കാരനാണ് അറസ്റ്റിലായത്.
എഫ്ബിഐ പറയുന്നതനുസരിച്ച്, കറുത്ത വസ്ത്രം ധരിച്ച് ചുറ്റിക ഉപയോഗിച്ച് ആക്രമണം നടത്താനായിരുന്നു യുവാവിന്‍റെ പദ്ധതി. ഐഎസിന്‍റെ അനുബന്ധ സംഘടനകളുമായി യുവാവ് തന്‍റെ ആക്രമണത്തെ കുറിച്ച് ഓൺലൈനിൽ ചർച്ച ചെയ്തിരുന്നു. 2022 ജനുവരി മുതൽ യുവാവിന് ഐഎസ്ഐഎസുമായി ബന്ധമുണ്ട്. ഈ സമയം യുവാവ് പ്രായപൂര്‍ത്തിപോലും ആയിരുന്നില്ല. എങ്കിലും ഈ സമയം മുതല്‍ യുവാവ് അയാള്‍പോലും അറിയാതെ എഫ്ബിഐയുടെ നിരീക്ഷണ വലയത്തിലായിരുന്നു.
എന്നാല്‍ അടുത്തിടെ ഐഎസിനെ പ്രശംസിക്കുന്ന സമൂഹമാധ്യമ പോസ്റ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. പിന്നാലെ ഡിസംബർ 29ന് യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഐഎസ് അംഗങ്ങളുമായി സംസാരിക്കുകയാണെന്ന് വിചാരിച്ച് പ്രതി ആശയവിനിമയം നടത്തിയത് തങ്ങളുടെ രഹസ്യ ഉദ്യോഗസ്ഥരോടാണെന്നും എഫ്ബിഐ വ്യക്തമാക്കി. കൂട്ടക്കൊല നടത്തുന്നതിനിടയിൽ ‘രക്തസാക്ഷി’യായി മരിക്കാനായിരുന്നു പ്രതി ആഗ്രഹിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പ്രതിയുടെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ‘ന്യൂ ഇയർ അറ്റാക്ക് 2026’ എന്ന് കൈകൊണ്ട് എഴുതിയ കുറിപ്പുകള്‍, ആക്രമണ സമയം ധരിക്കാനുള്ള വസ്ത്രം, മുഖംമൂടി, കയ്യുറകള്‍, കത്തികൾ, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ആക്രമണമുണ്ടായാല്‍ ഉടന്‍ പൊലീസ് എത്തുമെന്ന് ബോധ്യമുള്ള പ്രതി, പൊലീസ് തന്നെ വധിക്കും മുന്‍പ് ഒന്നിലധികം ആളുകളെ കുത്തിക്കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി ഈ കുറിപ്പുകള്‍ വ്യക്തമാക്കുന്നു. ഐഎസിന് ഭൗതിക സഹായം ചെയ്യാൻ ശ്രമിച്ചതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പ്രതി ഇപ്പോഴും ഫെഡറൽ കസ്റ്റഡിയിലാണ്. ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.