സ്വിറ്റ്‌സർലൻഡിലെ ആഡംബര റിസോര്‍ട്ടില്‍ പുതുവത്സര ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്- മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ ബാറിലാണ് സ്ഫോടനമുണ്ടായത്. പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സംഭവം.
സ്ഫോടനത്തിന്‍റെ കൃത്യമായ കാരണം എന്താണെന്ന് അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്ഫോടനത്തിന് കാരണമെന്നാണ് സ്വിസ് മാധ്യമങ്ങൾ സൂചിപ്പിക്കുന്നുണ്ട്. സ്ഫോടനത്തിന് പിന്നാലെ ബാറിൽ നിന്ന് വലിയ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങൾക്കായി ഹെൽപ്പ് ലൈൻ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
സ്വിസ് ആൽപ്‌സിന്‍റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്രാൻസ്-മൊണ്ടാന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. സ്കീയിങ്, സ്നോബോർഡിങ്, ഗോൾഫ് തുടങ്ങിയവ ഇവിടേക്ക് ആഗോള സന്ദർശകരെ ആകർഷിക്കുന്നുണ്ട്. സ്വിസ് തലസ്ഥാനമായ ബേണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെയാണ് സ്ഫോടനമുണ്ടായ സ്കീ റിസോർട്ട്. മാസങ്ങള്‍ക്ക് മുന്‍പ് ജനീവയുടെ ഹൃദയഭാഗത്തുള്ള സ്വിറ്റ്സർലൻഡിലെ ഏറ്റവും പഴക്കമേറിയ ആഡംബര ഹോട്ടലിലും തീപിടുത്തം ഉണ്ടായിരുന്നു. ഫോർ സീസൺസ് ഹോട്ടൽ ഡെസ് ബെർഗ്യൂസിൽ ഉണ്ടായ തീപിടുത്തത്തിൽ ഒട്ടേറെപ്പേർക്കാണ് പരുക്കേറ്റത്.