സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് പിന്നില്‍ ഇസ്രയേലിന്‍റെ പങ്ക് ചര്‍ച്ചയാക്കി ട്വീറ്റ്. പ്രക്ഷോഭങ്ങളെ പിന്തുണച്ചുള്ള ചാരസംഘടനയായ മൊസാദിന്‍റെ ട്വീറ്റാണ് ഇസ്രയേലിലേക്ക് വിരല്‍ചൂണ്ടുന്നത്. പ്രതിഷേധം തുടരാന്‍ ആവശ്യപ്പെടുന്ന ട്വീറ്റില്‍ നേരിട്ട് നിങ്ങളോടൊപ്പമുണ്ടെന്നാണ് മൊസാദ് പറയുന്നത്.

‍വിലക്കയറ്റം, നാണയപ്പെരുപ്പം, സാമ്പത്തിക സ്തംഭനാവസ്ഥ എന്നിവയ്ക്കെതിരെ തലസ്ഥാന നഗരമായ ടെഹ്റാനിലടക്കം വിവിധ നഗരങ്ങളില്‍ സര്‍ക്കാറിനെതിരെ സമരക്കാര്‍ തെരുവിലുണ്ട്. 'ഒന്നിച്ചു തെരുവിലിറങ്ങുക. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്,' എന്നാണ് മൊസാദിന്‍റെ പേർഷ്യൻ ഭാഷയിലുള്ള എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റ്. 

ദൂരത്തുനിന്നോ വാക്കുകളിലൂടെയുള്ള പിന്തുണയല്ല, ഞങ്ങൾ നേരിട്ടും നിങ്ങളോടൊപ്പമുണ്ടെന്നും പോസ്റ്റില്‍ പറയുന്നു. ഞായറാഴ്ച ടെഹ്റാനിലെ വ്യാപാരികള്‍ ആരംഭിച്ച പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ വ്യാപിച്ചത്. ഇസ്ഫഹാൻ, യസ്ദ്, സഞ്ജൻ തുടങ്ങിയ മറ്റ് നഗരങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. 

Also Read: ഇറാന്‍ റിയാല്‍ തകര്‍ന്നു; ജനം തെരുവില്‍; സര്‍ക്കാര്‍ കെട്ടിടം ആക്രമിച്ച് പ്രതിഷേധക്കാര്‍

യു.എസ് ഡോളറിനും മറ്റു വിദേശ കറന്‍സികള്‍ക്കും എതിരെ ഇറാന്‍ റിയാല്‍ നേരിടുന്ന മൂല്യ തകര്‍ച്ചയാണ് രാജ്യത്തെ പ്രതിഷേധങ്ങള്‍ക്ക് കാരണം. ഇറക്കുമതി ചെലവ് വര്‍ധിച്ചതോടെ സാധനങ്ങള്‍ക്ക് തീവിലയായത് റീട്ടെയില്‍ വ്യാപാരികള്‍ക്ക് വലിയ തിരിച്ചടിയായി.  തിങ്കളാഴ്ച ഡോളറിനെതിരെ റിയാലിന്റെ മൂല്യം 13,90,000 എന്ന പുതിയ റെക്കോർഡ് എന്ന നിലയിലേക്ക് താഴ്ന്നിരുന്നു.

ലോകബാങ്ക് ജിഡിപി വളര്‍ച്ച കുറയുമെന്ന് പ്രവചിച്ചതോടെ ഇറാന്‍ സമ്പദ്‌വ്യവസ്ഥ നിലവിൽ മാന്ദ്യഭീഷണിയിലാണ്. ഒക്ടോബറിൽ പണപ്പെരുപ്പം 40 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 48.6 ശതമാനത്തിലെത്തിയിരുന്നു. 

അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവും യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന സംഘര്‍ഷത്തില്‍ തകര്‍ത്ത ആണവ, ബാലിസ്റ്റിക് മിസൈല്‍ സംവിധാനങ്ങള്‍ പുനര്‍നിര്‍മിച്ചാല്‍ ഇറാനെ ആക്രമിക്കുമെന്ന് ട്രംപ് ചര്‍ച്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു. 

ENGLISH SUMMARY:

Israel's intelligence agency Mossad has openly backed the escalating anti-government protests in Iran via a Persian language tweet, stating "We are with you in person." This controversial move comes as the Iranian Rial collapsed to a record low of 13.9 lakh per dollar, triggering nationwide unrest. Following a high-profile meeting between Benjamin Netanyahu and Donald Trump, the US President issued a stern warning to strike Iran if it attempts to rebuild its nuclear or ballistic missile infrastructure, further intensifying geopolitical tensions in the Middle East.