സ്ത്രീകൾക്കു കൃത്രിമ ഗർഭധാരണത്തിനായി ബീജവും പണവും നല്‍കാമെന്ന വാഗ്ദാനവുമായി ടെലഗ്രാം സ്ഥാപകനും റഷ്യൻ ബില്യണയറുമായ പാവേൽ ദുരോവ്. എല്ലാകുട്ടികൾക്കും തന്‍റെ സമ്പത്തിന്‍റെ ഒരു ഭാഗം അവകാശമുണ്ടാകുന്നത് സന്തോഷമുള്ള കാര്യമാണെന്നും ദുരോവ് പറഞ്ഞു. ബീജദാനത്തിലൂടെ നിലവിൽ 100 കുട്ടികളുടെ പിതാവാണ് ദുരോവ്. കൂടാതെ മൂന്ന് പങ്കാളികളിലായി ആറ് കുട്ടികളും ദുരോവിനുണ്ട്.
മോസ്കോയിലെ ഒരു പ്രത്യുൽപാദന കേന്ദ്രത്തിൽ ദുരോവ് ബീജം വാഗ്ദാനം ചെയ്തതോടെ നിരവധി സ്ത്രീകളാണ് ആവശ്യം അറിയിച്ചതെന്ന് വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. നിയമപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി 37 വയസ്സിൽ താഴെയുള്ള അവിവാഹിതരായ സ്ത്രീകൾക്കു മാത്രമാണ് ബീജം ദാനം ചെയ്യുന്നത്.
2010 മുതലാണ് ദുരോവ് ബീജം ദാനം ചെയ്യാന്‍ തുടങ്ങിയത്. കുട്ടികളുണ്ടാകാത്തതിനെ തുടർന്ന് ഒരു സുഹൃത്തിനു വേണ്ടിയാണ് ആദ്യമായി ബീജം ദാനം ചെയ്തതെന്ന് ദുരോവ് വ്യക്തമാക്കി.