Image: Internet
അടുത്തിടെയാണ് അവിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭധാരണത്തിന് തന്‍റെ ബീജം ഉപയോഗിക്കാമെന്നും ഐവിഎഫ് ചികില്‍സയുടെ ചിലവും വഹിക്കാമെന്ന് പറഞ്ഞ് ടെലഗ്രാം സ്ഥാപകനും റഷ്യൻ ബില്യണയറുമായ പാവേൽ ദുരോവ് രംഗത്തെത്തിയത്. ബീജദാനത്തിലൂടെ നിലവിൽ 100 കുട്ടികളുടെ പിതാവാണ് ദുരോവ്. കൂടാതെ മൂന്ന് പങ്കാളികളിലായി ആറ് കുട്ടികളും ദുരോവിനുണ്ട്. അതുകൊണ്ടു തന്നെ പാവേല്‍ ദുരോവിന്‍റെ ആഗ്രഹം വലിയതോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. ഇപ്പോളിതാ പാവേൽ ദുരോവിന് പിന്നാലെ അത്തരത്തില്‍ ഒരു ആഗ്രഹവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ചൈനീസ് കോടീശ്വരനും.
ചൈനയിലെ ഏറ്റവും വലിയ മൊബൈൽ ഗെയിമിങ് സ്ഥാപനങ്ങളിലൊന്നായ ഗ്വാങ്‌ഷോ ഡുവോയി നെറ്റ്‌വർക്കിന്‍റെ സ്ഥാപകനും ഇതിനകം 100 ലധികം കുട്ടികളുടെ പിതാവുമായ 48 കാരനായ ഷൂ ബോയാണ് തനിക്ക് അമേരിക്കന്‍ വംശജരായ 20 കുട്ടികള്‍ കൂടിവേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. തന്‍റെ ഗെയിമിങ് കമ്പനിയിലൂടെ താൻ സമ്പാദിച്ച 1.1 ബില്യൺ ഡോളർ ആസ്തിയുടെ അവകാശികളാകാനും അത് കൈകാര്യം ചെയ്യാനും കഴിയുന്ന ‘ഉയർന്ന നിലവാരമുള്ള’ കുട്ടികളാണ് ഷൂ ബോയുടെ ആഗ്രഹം.
ഫോർച്യൂണിന്റെയും വാൾ സ്ട്രീറ്റ് ജേണലിന്റെയും റിപ്പോർട്ടുകൾ പ്രകാരം ഷു ബോ തന്‍റെ സ്വത്ത് സ്വന്തം നാട്ടിൽ തന്നെ കൈമാറാന്‍ ആഗ്രഹിക്കുന്നില്ലത്രേ. പകരം, യുഎസിൽ ജനിക്കുന്ന കുട്ടികളിലാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുഎസിലെ വാടക ഗർഭധാരണ നിയമങ്ങളും പൗരത്വ നിയമങ്ങളും തന്‍റെ ഭാവി പദ്ധതികൾക്ക് കൂടുതൽ അനുകൂലമായാണ് ഷൂ ബോ കണക്കാക്കുന്നത്. ഇതിനകം യുഎസില്‍ വാടക ഗർഭധാരണത്തിലൂടെ ഷൂ ബോ നൂറിലധികം കുട്ടികളുടെ പിതാവാണെന്നും വാൾ സ്ട്രീറ്റ് ജേണല്‍ അവകാശപ്പെടുന്നുണ്ട്.
ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷൂ ‘50 ഉയർന്ന നിലവാരമുള്ള ആൺമക്കള്‍’ക്കായി തയ്യാറെടുക്കുകയാണെത്രേ. കൂടുതൽ കുട്ടികളുണ്ടായാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ കഴിയും എന്ന് ഷു പറഞ്ഞതായും ബ്ലോഗുകള്‍ പറയുന്നു. അതേസമയം, ഈ റിപ്പോര്‍ട്ടുകളെയെല്ലാം ഗ്വാങ്‌ഷോ ഡുവോയി നെറ്റ്‌വർക്ക് തള്ളികളയുന്നുണ്ട്. ഷു 100 ലധികം കുട്ടികളുടെ പിതാവാണെന്നതും കമ്പനി നിഷേധിക്കുന്നു. എന്നിരുന്നാലും. അദ്ദേഹത്തിന്റെ 12 കുട്ടികളും അമേരിക്കയിലാണ് ജനിച്ചതെന്ന് കമ്പനി സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ലോകമെമ്പാടുമായി ഷൂവിന് 300 കുട്ടികളുണ്ടെന്ന് ഷു ബോയുടെ മുന്‍കാമുകി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ ഒന്നും തന്നെ സ്ഥിരീകണം ഉണ്ടായിട്ടില്ല.
ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തങ്ങളുടെ കുട്ടികളുടെ എണ്ണം കൂട്ടാന്‍ ശ്രമിക്കുന്ന ആദ്യത്തെ ആളൊന്നുമല്ല ഷൂ ബോ. ഏകദേശം 14.2 ബില്യൺ ഡോളർ ആസ്തിയുള്ള ടെലഗ്രാം സ്ഥാപകൻ പാവേൽ ദുരോവ് ബീജദാനത്തിലൂടെ 12 രാജ്യങ്ങളിലായി 100-ലധികം കുട്ടികൾക്ക് താന്‍ ജന്മം നൽകിയതായി അടുത്തിടെ പറഞ്ഞിരുന്നു. മാത്രമല്ല ആഗോള ജനനനിരക്ക് വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌കും പലതവണ ആവർത്തിച്ച് സംസാരിച്ചിട്ടുണ്ട്. മൂന്ന് സ്ത്രീകളില്‍ നിന്നായി കുറഞ്ഞത് 14 കുട്ടികളുടെയെങ്കിലും പിതാവാണ് മസ്‌ക്.