ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊന്ന് മരത്തിൽ കെട്ടിത്തൂക്കിയ സംഭവത്തിൽ 7 പേർ അറസ്റ്റിൽ. മൈമൻസിങ് നഗരത്തിലെ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസിനെ വ്യാഴാഴ്ച രാത്രിയാണ് ആൾക്കൂട്ടം മർദിക്കുകയും പിന്നീട് മരത്തിൽ കെട്ടിത്തൂക്കി കൊല്ലുകയും ചെയ്തത്. ഇടക്കാല സർക്കാരിൻ്റെ തലവൻ മുഹമ്മദ് യൂനുസ് ആണ് പ്രതികൾ അറസ്റ്റിലായതായി അറിയിച്ചത്.
ദീപുവിനെ ആൾക്കൂട്ടം കൊല പെടുത്തിയ ശേഷം, മൃതദേഹം ഒരു മരത്തിൽ കെട്ടിത്തൂക്കി തീകൊളുത്തുകയായിരുന്നു. ബംഗ്ലാദേശിലെ ഈ ക്രൂരമായ കൊലപാതകം ആശങ്കാജനകമാണെന്ന് പ്രിയങ്കാ ഗാന്ധി എംപി പ്രതികരിച്ചിരുന്നു.
മതം, ജാതി, സ്വത്വം മുതലായവയുടെ അടിസ്ഥാനത്തിൽ വിവേചനം, അക്രമം, കൊലപാതകം എന്നിവ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. അയൽരാജ്യത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരുമടങ്ങുന്ന ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ധിക്കുകയാണ്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും ബംഗ്ലാദേശിനെ നിലപാട് അറിയിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പലായനത്തിന് കാരണമായ വിദ്യാർഥി കലാപത്തിന്‍റെ നേതാവും ഇങ്ക്വിലാബ് മോര്‍ച്ച വക്താവുമായ ഷറീഫ് ഉസ്‌മാൻ ഹാദി (32) മരിച്ചതിനെത്തുടർന്നാണ് ബംഗ്ലദേശിൽ പുതിയ കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്‌ച മുൻപ് തലയ്ക്കു വെടിയേറ്റ ഹാദി സിംഗപ്പൂരിൽ ചികിത്സയിലായിരിക്കെ വ്യാഴാഴ്‌ച രാത്രി മരിച്ചിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് അക്രമം ആരംഭിച്ചത്.
ധാക്കയില്‍ പ്രക്ഷോഭകാരികള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുകയായിരുന്നു. ബംഗ്ലദേശി പത്രങ്ങള്‍ക്കും മാധ്യമസ്ഥാപനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു. ഓഫിസുകള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയ 25 മാധ്യമപ്രവര്‍ത്തകരെ പൊലീസ് രക്ഷിച്ചു. ചിറ്റോഗ്രാമിലെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന് നേരെയും കല്ലേറുണ്ടായിരുന്നു. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ആള്‍ക്കൂട്ടം ഇരച്ചെത്തുകയും ഓഫിസിന് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഷെയ്ഖ് ഹസീനയെ എത്രയും വേഗം ബംഗ്ലദേശിന് കൈമാറണമെനന്നായിരുന്നു പ്രക്ഷോഭകാരികളുടെ ആവശ്യം.