ബംഗ്ലദേശില്‍ ഇനി താരിഖ് യുഗം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബംഗ്ലദേശ് നാഷണലിസ്റ്റ് പാര്‍ട്ടിക്ക് വന്‍ജയം. ബി.എന്‍.പിയെ നയിച്ച ഖാലിദ് സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പ് ആസൂത്രിത പ്രഹസനമെന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ആരോപിച്ചു.
പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയ രാഷ്ട്രീയ കലാപത്തിന് പിന്നാലെ അതീവ സങ്കീര്‍ണമായ സാഹചര്യത്തിലായിരുന്നു പൊതുതിരഞ്ഞെടുപ്പ്. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ നിരോധിച്ചതോടെ ബി.എന്‍.പിയും ജമാ അത്തെ ഇസ്‌ലാമി സഖ്യവും തമ്മിലായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പ് നടന്ന 299 സീറ്റുകളില്‍ മൂന്നില്‍ രണ്ട് സീറ്റുകള്‍ നേടിയാണ് ബി.എന്‍.പി മിന്നും ജയം നേടിയത്. ജമാ അത്തെ ഇസ്‌ലാമി സഖ്യം എഴുപത് സീറ്റിലൊതുങ്ങി. ഹസീനയെ പുറത്താക്കിയ പ്രക്ഷോഭത്തിന് വഴിവച്ച നാഷനൽ സിറ്റിസൺ പാർട്ടി 30 സീറ്റുകളില്‍ മല്‍സരിച്ചെങ്കിലും അഞ്ചിടത്തുമാത്രമാണ് ജയിച്ചത്.
ബി.എന്‍.പി ജയം അംഗീകരിക്കുന്നെന്നും അനാവശ്യപ്രതിരോധമുയര്‍ത്തുന്ന പ്രതിപക്ഷമാകില്ലെന്നും ജമാ അത്തെ ഇസ്‌ലാമി നേതാവ് ഷഫിഖ്വര്‍ റഹ്മാന്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി ഖാലിദ് സിയയുടെയും മുന്‍ പ്രസിഡന്റ് സിയാവുര്‍ റഹ്മാന്റെയും മകനായ താരിഖ് റഹ്മാന്‍ ജനാധിപത്യവും തൊഴിലും ഉറപ്പാക്കുമെന്ന വാഗ്ദാനത്തോടെയാണ് തിരഞ്ഞെടുപ്പിനിറങ്ങിയത്.
17 വര്‍ഷം ലണ്ടനില്‍ പ്രവാസത്തിനുശേഷം തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ധാക്കയില്‍ മടങ്ങിയെത്തിയത്. പ്രതികാര രാഷ്ട്രീയത്തിനില്ലെന്ന് പ്രഖ്യാപിച്ച താരിഖിന് ജനാധിപത്യ പാതയില്‍ മുന്നേറാനാകുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഭരണഘടനാ പരിഷ്കരണത്തിന് ഉള്‍പ്പെടെ 84 വിഷയങ്ങളിലെ ഹിതപരിശോധനയും തിരഞ്ഞെടുപ്പിനൊപ്പം നടന്നു. പരിഷ്കാരങ്ങള്‍ക്ക് പിന്തുണ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.