ചുവന്ന പരവതാനി വിരിച്ച് സ്വീകരണം, പ്രോട്ടോക്കോളുകളെല്ലാം മാറ്റിവച്ച് പ്രധാനമന്ത്രി നേരിട്ടെത്തി, ആദ്യം ഹസ്തദാനം പിന്നാലെ ഊഷ്മളമായ ആലിംഗനം അവിടെനിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഒരു കാറില്‍ യാത്ര... ചുരുക്കിപ്പറഞ്ഞാല്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് തികച്ചും ആവേശഭരിതമായിരുന്നു. ലോകം മുഴുവൻ ഉറ്റുനോക്കുന്ന കൂടിക്കാഴ്ച. എന്നാല്‍ റഷ്യന്‍ പ്രസിഡന്‍റിന് ലഭിച്ച വരവേല്‍പ്പില്‍ എല്ലാവരുടേയും ശ്രദ്ധ പതിഞ്ഞത് പ്രധാനമന്ത്രിയെത്തിയ വെള്ള ടൊയോട്ട ഫോർച്യൂണറിലാണ്. സാധാരണ ഉപയോഗിക്കാറുള്ള റേഞ്ച് റോവര്‍ അല്ലെങ്കിൽ മെഴ്‌സിഡസിന് പകരം മോദി ഫോർച്യൂണര്‍ തിരഞ്ഞെടുത്തത് എന്തുകൊണ്ടായിരിക്കും?
TOPSHOT - In this pool photograph distributed by the Russian state agency Sputnik, Russia's President Vladimir Putin is welcomed by Indian Prime Minister Narendra Modi upon the Russian leader's arrival at Palam Air Force Base in New Delhi on December 4, 2025, the first day of his two-day state visit to India. (Photo by Grigory SYSOYEV / POOL / AFP)
ഫോര്‍ച്യൂണറിന് പിന്നില്‍
ഫോർച്യൂണറിന്‍റെ തിരഞ്ഞെടുപ്പിനെ കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നുമില്ലെങ്കിലും ഇതിലെ ‘നയതന്ത്ര’മെന്തെന്ന് തിരയുകയാണ് പലരും. ഇരുലോകനേതാക്കളേയും ജാപ്പനീസ് ബ്രാൻഡഡ് വാഹനത്തില്‍ കണ്ടതോടെ സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ പലതരത്തിലുള്ള സിദ്ധാന്തങ്ങള്‍ പ്രചരിച്ചു. യൂറോപ്യൻ ബ്രാൻഡിനേക്കാൾ ജാപ്പനീസ് ബ്രാന്‍ഡാന്‍റെ വാഹനം തിരഞ്ഞെടുത്തത് പാശ്ചാത്യ രാജ്യങ്ങൾക്കുള്ള സന്ദേശമായാണ് പലരും വ്യാഖ്യാനിക്കുന്നത്. ടൊയോട്ട ഒരു ജാപ്പനീസ് ബ്രാൻഡാണെങ്കിലും 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭവുമായി യോജിച്ച് കർണാടകയിലാണ് കമ്പനി കാർ അസംബിൾ ചെയ്യുന്നത്. ഫോർച്യൂണർ മാത്രമല്ല ഹൈക്രോസ്, ഇന്നോവ ക്രിസ്റ്റ, ലെജൻഡർ എന്നിവയും ഈ പ്ലാന്‍റില്‍ ഉത്പാദിപ്പിക്കുന്നുണ്ട്.
നിലവിൽ റേഞ്ച് റോവറും മെഴ്‌സിഡസ്-മേബാക്ക് എസ് 650 ഗാർഡും ഉൾപ്പെടുന്നതാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍. ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ളതാണെങ്കിലും റേഞ്ച് റോവർ യുകെയിലാണ് നിർമ്മിച്ചിരിക്കുന്നത്. മെഴ്‌സിഡസ് ബെൻസാകട്ടെ ഒരു ജർമ്മൻ ഓട്ടോമോട്ടീവ് ബ്രാൻഡാണ്. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ യുകെയും ജർമ്മനിയും റഷ്യയ്‌ക്കെതിരെ വ്യാപക ഉപരോധങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. മാത്രമല്ല യുക്രെയിനിനായി ആയുധ സഹായവും നല്‍കിയിരുന്നു. അങ്ങിനെയിരിക്കെ പുട്ടിന്‍ ഒരു യൂറോപ്യൻ ബ്രാൻഡഡ് വാഹനത്തിൽ യാത്ര ചെയ്യുന്നത് പലതരത്തിലുള്ള ചര്‍ച്ചകള്‍ക്കും വഴിവയ്ക്കും. അതിനാലായിരിക്കാം ഇരുനേതാക്കളും ഫോർച്യൂണറിൽ യാത്ര ചെയ്തതെന്നും അഭിപ്രായങ്ങളുണ്ട്. എങ്കിലും മോദിയുടെയും പുട്ടിന്‍റെയും പ്രധാനമന്ത്രിയുടെ വസതിയിലേക്കുള്ള യാത്രയില്‍ മോദിയുടെ റേഞ്ച് റോവറും പുടിന്റെ ഓറസ് സെനറ്റും ഫോര്‍ച്യൂണറിനെ അനുഗമിച്ചിരുന്നു.
അതേസമയം, കുറച്ചുകൂടി സൗകര്യപ്രദമായ സീറ്റിങിന് വേണ്ടിയാണ് ഫോര്‍ച്യൂണര്‍ തിരഞ്ഞെടുത്തതെന്നാണ് വൃത്തങ്ങള്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ റേഞ്ച് റോവറിൽ സീറ്റിങിനായി മൂന്നാമതൊരു നിരയില്ലാത്തതിനാല്‍ ഇരുനേതാക്കള്‍ക്കുമൊപ്പം ഇന്റർപ്രെട്ടർമാര്‍ക്ക് ഇരിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഫോർച്യൂണറിൽ ഒരു അധിക നിര കൂടി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. മോദിയും പുട്ടിനും കാറിൽ കയറുന്നതിന് മുമ്പ് തന്നെ ഇന്റർപ്രെറ്റർമാർ വാഹനത്തിൽ കയറിയിരുന്നുവെന്നും ഇരു രാജ്യങ്ങളിലെയും സുരക്ഷാസംഘം കാറിന് അനുമതി നല്‍കിയിരുന്നെങ്കിലും വൃത്തങ്ങൾ അറിയിച്ചു.
മഹാരാഷ്ട്ര രജിസ്ട്രേഷന്‍
വെള്ള ടൊയോട്ട ഫോർച്യൂണര്‍ മാത്രമല്ല, ഈ കാറിന്‍റെ നമ്പർ പ്ലേറ്റും ഏറെ കൗതുകമുണര്‍ത്തുന്നതാണ്. ടൊയോട്ട ഫോര്‍ച്യൂണറിന്റെ 'സിഗ്മ 4 മാനുവല്‍' പതിപ്പാണ് വാഹനം. ‘MH01EN5795’ എന്നായിരുന്നു രജിസ്ട്രേഷന്‍ നമ്പര്‍. 2024 ഏപ്രിലിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. BS-VI എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നതാണ് വാഹനം. 2039 ഏപ്രിൽ വരെ സാധുവായ ഫിറ്റ്നസ് സർട്ടിഫിക്കറ്റും 2026 ജൂൺ വരെയുള്ള മലിനീകരണ സർട്ടിഫിക്കറ്റും വാഹനത്തിനുണ്ട്. മോദിയുടെ യാത്രക്കായി സുരക്ഷാ ഏജൻസികൾ വിന്യസിച്ചിരിക്കുന്ന ആധുനിക വാഹനവ്യൂഹത്തിന്റെ ഭാഗമാണ് ഈ ഫോര്‍ച്യൂണറും. മോദിയു പുട്ടിനും മാത്രമല്ല റഷ്യൻ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവിനൊപ്പം ദേശീയ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കാൻ പോയപ്പോൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങും ഒരു വെളുത്ത ഫോർച്യൂണറിലാണ് സഞ്ചരിച്ചിരുന്നത്.
പുട്ടിന്‍റെ ഓറസ് സെനറ്റ്
റഷ്യയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ സ്റ്റേറ്റ് കാറായ ലിമോസിൻ ഓറസ് സെനറ്റുമായാണ് പുട്ടിന്‍ ഇന്ത്യയിലേക്കെത്തിയത്. ലോകത്തിലെ അത്യാഢംബര കാറുകളില്‍ പ്രഥമസ്ഥാനമാണ് ലിമോസിനുള്ളത്. അത്യാധുനിക സൗകര്യങ്ങളുള്ള ലിമോസിന്‍ വിട്ടൊരു യാത്ര പുടിനു താല്‍പര്യമില്ല. സൗകര്യങ്ങള്‍ മാത്രമല്ല സുരക്ഷയും കണക്കിലെടുത്താണ് പോകുന്നിടത്തെല്ലാം ലിമോസിന്‍ പുട്ടിന്‍ കൊണ്ടുപോകുന്നത്. സുരക്ഷയുടെ കാര്യത്തില്‍ ട്രംപിന്റെ ബീസ്റ്റിനൊപ്പം നില്‍ക്കുന്നതാണ് ഈ മോസ്കോ നിർമ്മിത വാഹനം. അങ്ങിനെയിരിക്കെ മോദിയുടെ ഫോര്‍ച്യൂണറില്‍ പുട്ടിന്‍ യാത്ര ചെയ്തത് നിലവിലുള്ള സുരക്ഷാ പ്രോട്ടോകോളുകള്‍ മാറ്റിവച്ചാണ്. പുട്ടിനെ സംബന്ധിച്ചിടത്തോളം അത് വളരെ അപൂര്‍വ്വവുമാണ്.