ക്രിസ്മസ് ആഘോഷങ്ങള്‍ക്കൊരുങ്ങിയ ലാത്വിയ
വിവാഹം കഴിക്കാനോ വീട്ടുജോലികളില്‍ സഹായിക്കാനോ പുരുഷന്‍മാരെ ലഭിക്കാത്ത രാജ്യം. അവിടെ ഭര്‍ത്താക്കന്‍മാരെയും പുരുഷ തൊഴിലാളികളെയും വാടകയ്ക്കെടുക്കാന്‍ നിര്‍ബന്ധിതരാകുന്ന യുവതികള്‍. പറഞ്ഞുവരുന്നത് വടക്കന്‍ യൂറോപ്യന്‍ രാജ്യമായ ലാത്വിയയെ കുറിച്ചാണ്.
ന്യൂയോർക്ക് പോസ്റ്റിന്‍റെ റിപ്പോർട്ടനുസരിച്ച് സ്ത്രീ– പുരുഷ ലിംഗാനുപാതം അസന്തുലിതമായി തുടരുന്ന രാജ്യമാണ് ലാത്വിയ. ഇതാണ് നിരവധി സ്ത്രീകളെ ‘താൽക്കാലിക ഭർത്താക്കന്മാരെ’ വാടകയ്ക്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. യൂറോസ്റ്റാറ്റിന്‍റെ കണക്കനുസരിച്ച്, രാജ്യത്ത് പുരുഷന്മാരേക്കാൾ 15.5% കൂടുതൽ സ്ത്രീകളാണുള്ളത്. ഇത് യൂറോപ്യൻ യൂണിയനിലെ തന്നെ ശരാശരി സ്ത്രീ– പുരുഷ അന്തരത്തിന്‍റെ മൂന്നിരട്ടിയിലധികമാണ്. അതേസമയം, ലാത്വിയയില്‍ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരിൽ പുരുഷന്മാരേക്കാൾ ഇരട്ടി സ്ത്രീകൾ ഉണ്ടെന്നാണ് വേൾഡ് അറ്റ്ലസിന്‍റെ റിപ്പോർട്ട്.
ജോലിസ്ഥലങ്ങളിലും ദൈനംദിന ജീവിതത്തിലും പുരുഷന്മാരുടെ ലാത്വിയയില്‍ പ്രകടമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്ലംബിങ്, മരപ്പണി, അറ്റകുറ്റപ്പണികൾ, ടെലിവിഷൻ ഇൻസ്റ്റലേഷന്‍ എന്നിവയ്ക്കൊന്നും പുരുഷ തൊഴിലാളികളില്ല. ഇതോടെയാണ് ഈ ‘വാടകയ്ക്ക് എടുക്കല്‍’ പതിവായത്. ഭര്‍ത്താക്കന്‍മാരെ മാത്രമല്ല, വീട്ടുജോലികളിൽ സഹായിക്കുന്ന പുരുഷന്‍മാരെയും ഇത്തരത്തില്‍ ലഭിക്കുമത്രേ. ഹാൻഡ്‌മാൻമാരെ വാടകയ്‌ക്ക് നല്‍കുന്ന സേവനങ്ങളും ലാത്വിയയിലുണ്ട്. സ്വന്തം രാജ്യത്ത് പങ്കാളികളെ കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളതനിനാല്‍ നിരവധി സ്ത്രീകള്‍ മറ്റു രാജ്യങ്ങളില്‍ പങ്കാളികളെ കണ്ടെത്തി താമസം മാറ്റുന്ന പ്രവണതയുമുണ്ട്.
Komanda24 പോലുള്ള പ്ലാറ്റ്‌ഫോമുകൾ പ്ലംബിങ് മരപ്പണി, അറ്റകുറ്റപ്പണികൾ, ടെലിവിഷൻ ഇൻസ്റ്റലേഷൻ എന്നിവയ്ക്കായി ‘ഗോൾഡൻ ഹാൻഡ്‌സ് ഉള്ള പുരുഷന്മാരെ’ വാടകയ്ക്ക് നല്‍കുന്നുണ്ട്. മറ്റൊരു സേവനമായ Remontdarbi.lvയാകട്ടെ സ്ത്രീകൾക്ക് ഓൺലൈനായോ ഫോണിലൂടെയോ ഒരു മണിക്കൂർ നേരത്തേക്ക് ‘ഭർത്താവിനെ ബുക്ക് ചെയ്യാൻ’ അനുവദിക്കുകയും ചെയ്യുന്നു.
ലാത്വിയയില്‍ സംഭവിക്കുന്നത്
പുരുഷന്മാരുടെ ആയുർദൈർഘ്യം കുറയുന്നതും പുകവലിയുള്‍പ്പെടെയുള്ള ജീവിതശൈലികളും അവയുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളുമാണ് ലാത്വിയയിലെ ലിംഗ അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് വിദഗ്ദ്ധർ പറയുന്നുണ്ട്. ലാത്വിയയിലെ പുരുഷന്മാരിൽ 31% പേർ പുകവലിക്കുന്നവരാണ്. അതേസമയം, സ്ത്രീകളിൽ ഇത് വെറും 10% മാത്രമാണ്. മാത്രമല്ല പുരുഷന്മാരേറെയും അമിതഭാരമുള്ളവരുമാണ്. മദ്യപാനവും പുരുഷന്‍മാര്‍ക്കിടയില്‍ കൂടുതലാണ്. ഡ്രൈവിങിനിടയിലേയും ജോലിസ്ഥലത്തെയും അപകടങ്ങളും പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യത്തെ ബാധിക്കുന്നുണ്ട്. മാത്രമല്ല രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരില്‍ 80 ശതമാനത്തിലധികവും പുരുഷന്മാരാണ്.
അതേസമയം, ലാത്വിയയിലെ സ്ത്രീകൾ പുരുഷന്മാരേക്കാൾ വിദ്യാഭ്യാസമുള്ളവരും, ആരോഗ്യമുള്ളവരും, കൂടുതൽ കാലം ജീവിക്കുന്നവരുമാണ്. ഇവിടെ സ്ത്രീകൾ പുരുഷന്മാരേക്കാൾ 11 വർഷം കൂടുതൽ ജീവിക്കുന്നതായതാണ് കണക്ക്. യൂറോപ്യൻ യൂണിയനിലെ തന്നെ സ്ത്രീ– പുരുഷ ആയുർദൈർഘ്യത്തിലെ ഏറ്റവും ഉയര്‍ന്ന അന്തരമാണിത്. എന്നാല്‍ ഭർത്താക്കന്മാരെ വാടകയ്‌ക്കെടുക്കുന്ന ഈ പ്രവണത കാണിക്കുന്ന ആദ്യത്തെ രാജ്യമല്ല ലാത്വിയ. മുന്‍പ് യുകെയിൽ ‘റെന്റ് മൈ ഹാൻഡി ഹസ്ബൻഡ്’ തരംഗമായിരുന്നു.