AI Generated Image
കുടുംബ കലഹത്തെത്തുടര്‍ന്ന് പിണങ്ങിപ്പോയ ഭാര്യ തിരിച്ചുവരാത്ത ദേഷ്യത്തില്‍ അയല്‍ വീടുകളിലെ വാഹനങ്ങള്‍ തീയിട്ട് നശിപ്പിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴ്നാട്ടില്‍ ഈറോഡിനടുത്ത് പെരുന്തുറയില്‍ ഒരു കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും കത്തിനശിച്ചത്. കടലൂര്‍ ജില്ലയില്‍ അംബാനി നഗറിലെ വൈദ്യനാഥനാണ് പ്രതി.
വിവാഹ ബന്ധത്തിലെ പ്രശ്നങ്ങള്‍ക്കാകരണം വൈദ്യനാഥനും ഭാര്യ ഗായത്രിയും അകന്ന് കഴിയുകയായിരുന്നു. പെരുന്തുറയിലെ സഹോദരിയുടെ വീട്ടിലായിരുന്നു ഗായത്രിയുടെ താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വൈദ്യനാഥന്‍ ഇവിടെയെത്തി ഭാര്യയെ തിരികെ വിളിച്ചിരുന്നു.
എന്നാൽ വൈദ്യനാഥനൊപ്പം പോകാന്‍ ഗായത്രി വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. തുടര്‍ന്ന് വൈദ്യനാഥന്‍ അയല്‍വാസികളുടെ സഹായം തേടിയെങ്കിലും ആരും സഹകരിച്ചില്ല.
ഇക്കാരണത്താല്‍ പ്രദേശവാസികള്‍ ഉറങ്ങിയശേഷം തിരിച്ചെത്തിയ ഇയാള്‍ അയല്‍വീടുകളോട് ചേര്‍ന്ന് പാര്‍ക്ക് ചെയ്തിരുന്ന കാറിനും ഇരുചക്രവാഹനങ്ങള്‍ക്കും തീയിട്ട് രക്ഷപ്പെടുകയായിരുന്നു. പുക ഉയരുന്നത് കണ്ട വീട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
ഉടന്‍തന്നെ അവരെത്തി തീ അണച്ചെങ്കിലും വാഹനം പൂര്‍ണമായി കത്തിനശിക്കുകയായിരുന്നു. ഒളിവിലായിരുന്ന വൈദ്യനാഥനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.