സഹകരണം അടുത്ത തലത്തിലേക്കെന്ന് പ്രഖ്യാപിച്ച് ഇന്ത്യ റഷ്യ ഇരുപത്തിമൂന്നാം ഉച്ചകോടി. വ്യാപാരം 100 ബില്യണ്‍ യുഎസ് ഡോളറാക്കും. സംയുക്ത പ്രസ്താവനയില്‍ യുക്രെയിന്‍ പരാമര്‍ശമില്ല. ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും സൈനിക സഹകരണം ശക്തിപ്പെടുത്തുമെന്നും പുടിന്‍ പ്രഖ്യാപിച്ചു. റഷ്യന്‍ പ്രസിഡന്റിന് വൈകിട്ട് രാഷ്ട്രപതി അത്താഴവിരുന്ന് നല്‍കും.
റഷ്യന്‍ എണ്ണ ഇറക്കുമതി നിര്‍ത്തണമെന്ന് ആവശ്യപ്പെടുന്ന യുഎസിന് മറുപടിയെന്നോണം ഇന്ത്യയുെട ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ തയാറെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്‍. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഉറപ്പാക്കുമെന്നും എണ്ണ, കൽക്കരി, വാതകം എന്നിവ മുടക്കമില്ലാതെ നല്‍കാന്‍ തയാറെന്നും പുടിന്‍റെ പ്രഖ്യാപനം. 2030 വരെയുള്ള സമഗ്ര സാമ്പത്തിക സഹകരണത്തിനുള്ള റോഡ് മാപ്പ് പുറത്തിറക്കി. ഇന്ത്യന്‍ സൈന്യത്തെ ആധുനിക വല്‍ക്കരിക്കാനും ആയുധവല്‍ക്കരിക്കാനുമുള്ള സഹായം തുടരുമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.
ഭീകരവാദത്തിനെതിരെ സന്ധിയില്ലാത്ത പോരാട്ടമെന്നും ഇന്ത്യ - റഷ്യ ബന്ധത്തിന് ദർശനവും ദിശാബോധവും നൽകിയത് പ്രസിഡന്റ് പുടിനെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യക്കാര്‍ക്ക് റഷ്യയില്‍ പോയി പഠിക്കാനും ജോലി ചെയ്യാനുള്ള മൊബിലിറ്റി സഹകരണം അടക്കം എട്ട് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പിട്ടു. സംയുക്തമായി യൂറിയ ഉൽപ്പാദിപ്പിക്കും. ആർട്ടിക് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍, ഷിപ്പിങ്, അപൂര്‍വ ധാതുക്കൾ, കപ്പൽ നിർമാണം എന്നിവയിലും സഹകരണം. വിനോദസഞ്ചാരികളായ റഷ്യൻ പൗരന്മാർക്ക് 30 ദിവസത്തെ സൗജന്യ ഇ-വീസ, നോര്‍ത്ത് – സൗത്ത് ഗതാഗത ഇടനാഴി, വടക്കന്‍ കടല്‍ പാത, ചെന്നൈയും റഷ്യന്‍ നഗരമായ വ്ലാഡിവോസ്റ്റോക് തമ്മില്‍ സമുദ്ര ഇടനാഴിയും പ്രഖ്യാപിച്ചു.
ഇന്ത്യൻ മരുന്ന് കമ്പനി റഷ്യയില്‍ സ്ഥാപിക്കും. ഇന്ത്യൻ നാവികർക്ക് ആർട്ടിക് നാവിഗേഷനിൽ റഷ്യ പരിശീലനം നൽകും. ചെറിയ ആണവ റിയാക്ടറുകളും പ്രസിഡന്റ് പുട്ടിന്‍ വാഗ്ദാനം ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പുട്ടിന്‍ വൈകിട്ട് മടങ്ങും. രാവിലെ രാഷ്ട്രപതി ഭവനില്‍ റഷ്യന്‍ പ്രസിഡന്‍റിന് ഔദ്യോഗിക സ്വീകരണം നല്‍കിയിരുന്നു.