National Guard members stand together behind yellow tape, after two National Guard members were shot near the White House in Washington, D.C., U.S., November 26, 2025. REUTERS/Nathan Howard
യുഎസില്‍ അതീവസുരക്ഷാമേഖലയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവയ്പ്പില്‍ രണ്ട് ദേശീയ സുരക്ഷാ സൈനികർക്ക് ഗുരുതരമായി പരുക്കേറ്റു. വെസ്റ്റ് വിര്‍ജിനിയ നാഷനല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്കാണ് വെടിയേറ്റത്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. അക്രമിയെ പൊലീസ് കീഴടക്കി. അഫ്ഗാന്‍ സ്വദേശിയായ റഹമാനുല്ല ലാഖന്‍വാലയാണ് പിടിയിലായത്. 2021ലാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് വിവരം. അക്രമിക്ക് കനത്തശിക്ഷ ഉറപ്പാക്കുമെന്ന് ട്രംപ് അറിയിച്ചു.
പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ഫറാഗട്ട് വെസ്റ്റ് മെട്രോ സ്റ്റേഷന് സമീപം വെടിവയ്പ്പുണ്ടായത്. ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് തോക്കുമായി അക്രമി പാഞ്ഞെത്തിയതും വെടിയുതിര്‍ത്തതും. അക്രമി നാലു പ്രാവശ്യം വെടിയുതിര്‍ത്തുവെന്നും റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.വെടിവയ്പ്പിനെ തുടര്‍ന്ന് 500 സുരക്ഷാ ഉദ്യോഗസ്ഥരെ പ്രദേശത്ത് അധികമായി വിന്യസിച്ചിട്ടുണ്ട്.