A man reacts, as smoke rises while flames engulf bamboo scaffolding across multiple buildings at Wang Fuk Court housing estate, in Tai Po, Hong Kong, China, November 26, 2025. REUTERS/Tyrone Siu
ഹോങ്കോങ്ങിലെ വടക്കന്‍ തായ്പോയില്‍ പാര്‍പ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 44 ആയി. 40 പേര്‍ സംഭവ സ്ഥലത്ത് വച്ചും നാലുപേര്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്. 45 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. നിസാരപരുക്കുകളോടെ നിരവധിപ്പേര്‍ ചികിത്സയിലുമുണ്ട്. 279 പേരെ കാണാതായെന്നും ചീഫ് എക്സിക്യുട്ടീവ് ജോണ്‍ ലീ അറിയിച്ചു. കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണിക്കായി ജനാലകളുടെ ഭാഗത്ത് സ്ഥാപിച്ച പോളിസ്റ്റെറൈന്‍ ബോര്‍ഡുകളും കൂറ്റന്‍ മുള ഗോവണികളും ദുരന്തത്തിന്‍റെ ആഘാതമേറ്റി. അതിവേഗത്തില്‍ തീ മറ്റു കെട്ടിടങ്ങളിലേക്ക് പകരുന്നതിന് ഈ നിര്‍മാണ സാമഗ്രികള്‍ കാരണമായെന്നാണ് കണ്ടെത്തല്‍.
Smoke rises while flames burn bamboo scaffolding on a building at Wang Fuk Court housing estate, in Tai Po, Hong Kong, China, November 26, 2025. REUTERS/Tyrone Siu
പ്രദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.51നാണ് തീപിടിത്തമുണ്ടായത്. 31 നിലയുള്ള കെട്ടിടത്തില്‍ നിന്നാണ് ആദ്യം തീ ഉയര്‍ന്നത്. എട്ടു ബ്ലോക്കുകളുള്ള ഈ സമുച്ചയത്തില്‍ രണ്ടായിരത്തോളം ഫ്ലാറ്റുകളിലായി 4,800 പേരാണ് താമസിച്ചിരുന്നത്. ദുരന്തത്തില്‍ നിര്‍മാണക്കമ്പനിയുടെ രണ്ട് ഡയറക്ടര്‍മാരെയും എന്‍ജിനീയറെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ അനാസ്ഥയാണ് ദുരന്തത്തിന് വഴിവച്ചതെന്നും തീപിടിത്തം പ്രതിരോധിക്കാനുള്ള ഒരു മുന്‍കരുതലും കമ്പനി സ്വീകരിച്ചിരുന്നില്ലെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം, തീ പിടിച്ചതെങ്ങനെയെന്ന് വ്യക്തമായിട്ടില്ല.
തീപിടിത്തമുണ്ടായ കെട്ടിട സമുച്ചയത്തില്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എന്നാല്‍ കനത്ത ചൂട് മുകള്‍ നിലകളിലേക്ക് എത്തിച്ചേരുന്നതിന് രക്ഷാപ്രവര്‍ത്തകര്‍ക്ക് തടസമാകുന്നുണ്ട്. എട്ട് കെട്ടിടങ്ങളിലേക്കാണ് തീ പടര്‍ന്ന് പിടിച്ചത്. ഇതില്‍ നാലെണ്ണത്തിലെ തീ നിയന്ത്രണ വിധേയമാക്കിയതായി അഗ്നിരക്ഷാസേനയുടെ ഡപ്യൂട്ടി ഡയറക്ടര്‍ ഡെറക് ആംസ്ട്രോങ് അറിയിച്ചു. 800 ലേറെ അഗ്നിരക്ഷാ സേനാംഗങ്ങളാണ് 15 മണിക്കൂറായി തുടരുന്ന തീയണയ്ക്കുന്നതിനായി പണിപ്പെടുന്നത്. കൂടുതല്‍ ജീവനക്കാരെയും സന്നദ്ധ പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചിട്ടുണ്ട്.