Image Credit: x/GoFundMe

ഗായകന്‍ ഡേവിഡ് ആന്തണി ബര്‍ക്കിന്‍റെ കാറില്‍ നിന്ന് 15കാരിയുടെ വികൃതമാക്കപ്പെട്ട മൃതദേഹം കണ്ടെത്തിയതില്‍ ദുരൂഹതയേറുന്നു. ഡേവിഡ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ക്രൂര കൊലപാതകത്തിന്‍റെ സാധ്യതകളിലേക്ക് നിലവിലെ തെളിവുകള്‍ വിരല്‍ ചൂണ്ടുന്നതെന്നും ലോസ് ഏയ്ഞ്ചല്‍സ് പൊലീസ് പറയുന്നു. സംശയമുന ഡേവി‍ഡിലേക്ക് തന്നെയാണ് നീളുന്നതെന്ന് പൊലീസ് പറയുന്നു. സെലസ്റ്റ് റിവാസ് ഹെര്‍ണാണ്ടസെന്ന പെണ്‍കുട്ടിയുടെ വെട്ടിനുറുക്കപ്പെട്ട മൃതദേഹമാണ് കാറില്‍ നിന്നും പൊലീസ് കണ്ടെത്തിയത്.

കൊല്ലപ്പെട്ട സെലസ്റ്റിനും ഡേവിഡുമായി പ്രണയത്തിലായിരുന്നതായി നേരത്തെ തന്നെ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നുവെന്നതിന് തെളിവായി ചാറ്റുകളും പൊലീസ് കണ്ടെടുത്തു. സെലസ്റ്റിനൊപ്പമുള്ള ഡേവിഡിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പ്രണയം സംബന്ധിച്ച് ഇരുവരും വെളിപ്പെടുത്തിയിരുന്നില്ല.ഡേവിഡിനൊപ്പം സിനിമ കാണാന്‍ പോയതിന് ശേഷമാണ് മകളെ കാണാതായതെന്ന് കുടുംബം അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. 

2024 ഏപ്രില്‍ അഞ്ചിനാണ് കലിഫോര്‍ണിയയില്‍ നിന്നും സെലസ്റ്റിനെ കാണാതായത്. മാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ എട്ടിന് തല അറുത്തു മാറ്റിയ നിലയില്‍ കൈകാല്‍ മുട്ടുകള്‍ പലതായി വെട്ടി നുറുക്കി, ശരീരത്തിലെ മറ്റ് ഭാഗങ്ങളും വെട്ടിനുറുക്കി പ്ലാസ്റ്റിക് ബാഗിലാക്കിയ നിലയില്‍ മൃതദേഹം ഡേവിഡിന്‍റെ കാറില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഡേവിഡിന്‍റെ ഹോളിവുഡ് ഹില്‍സിലെ പ്രോപ്പര്‍ട്ടിയില്‍ ഒരുമാസമായി നിര്‍ത്തിയിട്ടിരുന്ന ടെസ്‌ല കാറിനുള്ളിലായിരുന്നു മൃതദേഹം. വീടിന്‍റെ മുന്‍വശത്ത് നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ട തൊഴിലാളികള്‍ പൊലീസില്‍ വിവരമറിയിച്ചതോടെ നടത്തിയ പരിശോധനയിലാണ് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയത്. ശാസ്ത്രീയ പരിശോധനയില്‍ ഇത് സെലസ്റ്റിന്‍റെ മൃതദേഹമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

സെലസ്റ്റിനെ കൊലപ്പെടുത്തി മൃതദേഹം ഫ്രീസ് ചെയ്ത് സൂക്ഷിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഡേവിഡാണോ കൊലയാളിയെന്നും അങ്ങനെയെങ്കില്‍ മൃതദേഹം വെട്ടിമുറിക്കുന്നതിനടക്കം പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും  പൊലീസ് അന്വേഷിക്കുകയാണ്.  

ഇതിനിടെ 20കാരനായ ഡേവിഡ് വാലന്‍റൈന്‍സ് ദിനത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പും ദുരൂഹതയുണര്‍ത്തുന്നുണ്ട്.  'വാലന്റൈന്‍ ദിനത്തിന് ഇനി നാല് ദിവസം കൂടി സമയമുണ്ട്, പക്ഷേ വാലന്‍റൈന്‍ ഇല്ലെന്നതാണ് വാസ്തവം' എന്നായിരുന്നു വിഡിയോ പോസ്റ്റ്. സന്തോഷിച്ചുല്ലസിച്ച് വീടിനുള്ളിലിരിക്കുന്ന ഡേവിഡിനെയാണ് വിഡിയോയില്‍ കാണാന്‍ കഴിയുക. തണുത്ത് മരവിച്ചൊരാള്‍ അകത്ത് കിടക്കുമ്പോഴും ഒരു കൂസലുമില്ലാതെയാണ് ഇത്തരം പോസ്റ്റുകളെന്നാണ് ഡേവിഡിെന്‍റെ കാറില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ആളുകള്‍ കുറിച്ചത്.

ENGLISH SUMMARY:

Police are investigating the horrific murder of 15-year-old Celeste Rivas Hernandez, whose decapitated and dismembered body was found inside singer David Anthony Burke's parked car in Los Angeles on September 8. Celeste, who went missing in April 2024, was allegedly romantically involved with the singer. Authorities suspect Burke, who is not cooperating with the investigation, murdered her and then stored the body, possibly frozen, before dismembering it. Evidence, including chats and photos confirming their relationship, points towards the singer. A disturbing social media post by Burke from Valentine's Day has also raised suspicion