യൂറോപ്പിലും ഹമാസിന്റെ രഹസ്യശൃംഖല പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് ഇസ്രായേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. യൂറോപ്പിലുടനീളം പ്രവര്‍ത്തനശൃംഖല വളര്‍ത്തിയെടുക്കുന്ന സംഘത്തില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതായും മൊസാദ് അവകാശപ്പെടുന്നു. യൂറോപ്പിലെ സുരക്ഷാ സേവനങ്ങളുമായുള്ള സഹകരണത്തിലൂടെ സംശയമുള്ളവരെ അറസ്റ്റ് ചെയ്യാനും ആസൂത്രിത ആക്രമണങ്ങള്‍ തടയാനും സാധിച്ചെന്നും മൊസാദ് പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.
ഇസ്രയേലി ജൂത സമൂഹത്തെ ലകഷ്യംവച്ചുള്ള ഗൂഢാലോചനകളാണ് നിലവില്‍ തകര്‍ത്തതായി രഹസ്യാന്വേഷണ ഏജന്‍സി പറയുന്നത്. ജർമ്മനി, ഓസ്ട്രിയ എന്നീ രാജ്യങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഓസ്ട്രിയയിലെ ഡിഎസ്എൻ സുരക്ഷാ സംഘം ഹമാസ് ഗ്രൂപ്പിന്റേതെന്ന് കരുതുന്ന കൈത്തോക്കുകളും സ്ഫോടകവസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം ചെന്നെത്തി നിന്നത് മുതിർന്ന ഹമാസ് രാഷ്ട്രീയ ബ്യൂറോ ഉദ്യോഗസ്ഥനായ ബസ്സം നായിമിന്റെ മകൻ മുഹമ്മദ് നായിമിനടുത്താണ്. ഗാസയിലെ മുതിർന്ന ഹമാസ് നേതാവായ ഖലീൽ അൽ-ഹയ്യയുമായി അടുത്ത ബന്ധമുള്ളയാളാണ് ബസ്സം നായിം.
അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രതിച്ഛായ സംരക്ഷിക്കാനായി ഹമാസ് നേതാക്കള്‍ ഈ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണെന്ന് മൊസാദ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറിൽ ഖത്തറിൽ വെച്ച് മുഹമ്മദ് നായിമും പിതാവും തമ്മിൽ നടന്ന കൂടിക്കാഴ്ചയും ഏജൻസി ചൂണ്ടിക്കാട്ടുന്നു. അതേസമയം തുര്‍ക്കിയില്‍ നിന്നുള്ള ഹമാസ് അനുകൂലികളേയും സംഘടന രഹസ്യമായി നിരീക്ഷിച്ചു വരികയാണ്.
ഒക്ടോബര്‍ 7നുണ്ടായ ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെയാണ് ഹമാസ് വിദേശ രാജ്യങ്ങളിലെ രഹസ്യനീക്കങ്ങള്‍ ശക്തിപ്പെടുത്തിയതെന്നും മൊസാദ് വിവരിക്കുന്നു. എന്നാല്‍ യൂറോപ്പിലെ പങ്കാളികളുമായി ചേര്‍ന്നുള്ള മൊസാദിന്റെ നീക്കങ്ങളിലൂടെ പല ആക്രമണ ആസൂത്രണങ്ങളും ഇല്ലാതാക്കാനായെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.