ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ കേരളത്തിലെ മത്സ്യ കയറ്റുമതിമേഖലയ്ക്ക് വലിയ ഉണർവാണ് നൽകുന്നത്. കയറ്റുമതി 20 ശതമാനത്തിലേറെ വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നികുതി പൂർണമായും ഒഴിവാക്കപ്പെടുന്നതോടെ, വിയറ്റ്നാം, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളോട് തുല്യവിലയിൽ മത്സരിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സാധിക്കും.
അമേരിക്കൻ വിപണിയെ വലിയ രീതിയിൽ ആശ്രയിച്ചിരുന്ന ഇന്ത്യൻ സമുദ്രോൽപ്പന്ന കയറ്റുമതിക്കാർക്ക് സന്തോഷത്തിന്‍റെ വാതിലാണ് ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ തുറന്നിരിക്കുന്നത്. വനാമി ചെമ്മീൻ, കൂന്തൽ എന്നിവയാണ് പ്രധാനമായും ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്നത്. നിലവിൽ 6 മുതൽ 12 ശതമാനം വരെയാണ് യൂറോപ്പിലേക്ക് ഇന്ത്യൻ സമുദ്രോൽപ്പന്നങ്ങൾ അയക്കുമ്പോൾ നൽകേണ്ടിയിരുന്ന നികുതി. ഇത് പൂർണ്ണമായും ഒഴിവാക്കപ്പെടുന്നതോടെ, വിയറ്റ്നാം, ഇക്വഡോർ തുടങ്ങിയ രാജ്യങ്ങളോട് തുല്യവിലയിൽ മത്സരിക്കാൻ ഇന്ത്യൻ കയറ്റുമതിക്കാർക്ക് സാധിക്കും. ഇത് ഇന്ത്യൻ ചെമ്മീനിന്റെ വില കുറയാനും, വിപണിയിൽ ഡിമാൻഡ് വർധിക്കാനും സഹായിക്കും.
കരാറിന് മുന്നോടിയായി യൂറോപ്യൻ യൂണിയൻ ഇന്ത്യയിലെ 102 സമുദ്രോൽപ്പന്ന സംസ്കരണ യൂണിറ്റുകൾക്ക് കൂടി കയറ്റുമതി അനുമതി നൽകിയിരുന്നു. ഇതോടെ യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ അനുമതിയുള്ള ഇന്ത്യൻ യൂണിറ്റുകളുടെ ആകെ എണ്ണം 604 ആയി ഉയർന്നു. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴ് മാസങ്ങളിൽ തന്നെ യൂറോപ്പിലേക്കുള്ള ചെമ്മീൻ കയറ്റുമതിയിൽ 57 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തിയിരുന്നു. നികുതി ഇളവ് കൂടി വരുന്നതോടെ ഈ വളർച്ച ഇരട്ടിയാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യൻ യൂണിയൻ്റെ കർശനമായ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്ന അംഗീകൃത സംസ്കരണ യൂണിറ്റുകൾ ഏറ്റവും കൂടുതലുള്ളത് കൊച്ചിയിലും ആലപ്പുഴയിലുമാണ്. അതുകൊണ്ടുതന്നെ സമുദ്രോല്പന കയറ്റുമതിയിൽ ഏറ്റവുമധികം ഗുണം ലഭിക്കാൻ പോകുന്നതും കേരളത്തിന് തന്നെ.