വെടിനിര്‍ത്തല്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 28 പേര്‍ കൊല്ലപ്പെട്ടു. ഹമാസ് ഇസ്രയേല്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ത്തെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.
ഡോണള്‍ഡ് ട്രംപിന്റെ സമാധാന ഉടമ്പടി നിലവില്‍ വന്ന് ആറാഴ്ച പിന്നിടുമ്പോള്‍ മൂന്നാംവട്ടമാണ് ഇസ്രയേല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്. ഗാസ സിറ്റിയിലെ സെയ്തൂൻ മേഖലയിലും കിഴക്കൻ മേഖലയായ ഷെജയ്യയിലും തെക്കൻ ഗാസയിലെ ഖാൻ യൂനിസിലുമായിരുന്നു ആക്രമണങ്ങള്‍. സെയ്തൂനില്‍ ഒരു കുടുംബത്തിലെ പത്തുപേര്‍ കൊല്ലപ്പെട്ടു. വ്യോമാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അഭയാര്‍ഥികളുടെ താമസമേഖലയില്‍ ഉള്‍പ്പെടെ ആക്രമണം ഉണ്ടായി.
ആക്രമണത്തിന് പിന്നാലെ പരസ്പരം പഴിചാരി ഇസ്രയേലും ഹമാസും രംഗത്തെത്തി. വെടിനിർത്തൽ കരാര്‍ തകർക്കാനാണ് ഹമാസ് ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ ആരോപിച്ചു. ആക്രമണം അവസാനിപ്പിച്ച് വെടിനിർത്തൽ നടപ്പാക്കാന്‍ ഇസ്രയേലിനുമേൽ അടിയന്തരമായി സമ്മർദം ചെലുത്തണമെന്ന് ഹമാസ് യുഎസിനോട് ആവശ്യപ്പെട്ടു. അതിനിടെ ഇസ്രയേല്‍ സേന തെക്കൻ ലബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കി. അഭയാര്‍ഥി ക്യാംപില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ റോക്കറ്റ് യൂണിറ്റിന്റെ ആയുധ സംഭരണശാലകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് ഇസ്രയേല്‍ വാദം