FILE PHOTO: Iranian Kurdish fighters from the Kurdistan Freedom Party (PAK) take part in a training session at a base on the outskirts of Erbil, Iraq February 12, 2026. REUTERS/Thaier Al-Sudani/File Photo
കനത്ത വ്യോമാക്രമണത്തിനൊപ്പം ഇറാനെതിരെ കരയുദ്ധത്തിന് കോപ്പുകൂട്ടി അമേരിക്കയും ഇസ്രയേലും. കുര്‍ദിഷ് വംശജരെ ഇറക്കി വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ യുദ്ധം തുടങ്ങാനാണ് യുഎസ്–ഇസ്രയേല്‍ പദ്ധതിയെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുര്‍ദുകള്‍ ഇറങ്ങുന്നതോടെ ഭരണമാറ്റത്തിന് ടെഹ്റാനെ സമ്മര്‍ദത്തിലാക്കാന്‍ കഴിയുമെന്നും ഇറാന്‍റെ പലഭാഗങ്ങളില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുമെന്നുമാണ് അമേരിക്കയുടെ കണക്കുകൂട്ടല്‍. Also Read: ഇസ്രയേലില്‍ വന്‍ മിസൈല്‍ വര്‍ഷം
ഇറാഖില്‍ അഭയം തേടിയിട്ടുള്ള കുര്‍ദുകളുടെ അഞ്ച് സംഘടനകള്‍ ചേര്‍ന്ന് ഇറാനിയന്‍ കുര്‍ദുകളുടെ രാഷ്ട്രീയ സംഘടന രൂപീകരിച്ചിരുന്നു. ആയിരക്കണക്കിന് വരുന്ന സായുധ സൈന്യം ഈ സംഘടനകള്‍ക്കുണ്ട്. ഇവയെല്ലാം ഇറാന്‍–ഇറാഖ് അതിര്‍ത്തിയിലാണ് തമ്പടിച്ചിരിക്കുന്നതും. യുദ്ധം തുടങ്ങിയതിന് പിന്നാലെ ഇറാനില്‍ നിന്നും അതിര്‍ത്തി കടന്ന് ഇവരില്‍ വലിയൊരു സംഘം ഇറാഖിലെത്തി. കരയുദ്ധത്തിന്‍റെ സാഹചര്യമുണ്ടായാല്‍ ഇറാനെതിരെ പോരാടുന്നതിനായാണ് ഈ നീക്കം നടത്തിയതെന്നും ഇവരുമായാണ് യുഎസ്–ഇസ്രയേല്‍ ധാരണയുണ്ടാക്കിയതെന്നും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സിഐഎയും മൊസാദുമാണ് ഇവര്‍ക്ക് വേണ്ട സാമ്പത്തിക–സൈനിക സഹായങ്ങള്‍ ചെയ്തുവരുന്നത്.
കുര്‍ദുകള്‍ക്ക് സ്വയംഭരണം വാഗ്ദാനം
ഇറാനുള്ളില്‍ കുര്‍ദുകള്‍ കൂടുതലായുള്ള സ്ഥലം കേന്ദ്രീകരിച്ച് പ്രത്യേക രാജ്യമെന്ന വാദം ഉയര്‍ത്തുകയും അസ്ഥിരത സൃഷ്ടിക്കുകയുമാണ് ആഭ്യന്തരകലാപത്തിലൂടെ അമേരിക്കയും ഇസ്രയേലും ലക്ഷ്യമിടുന്നതെന്നാണ് സൂചന. അമേരിക്കയും ഇസ്രയേലുമാണ് യുദ്ധം തുടങ്ങിയതെങ്കിലും ഇത് മൊസാദിന്‍റെയും സിഐഎയുടെയും രഹസ്യ നീക്കങ്ങള്‍ വഴി ആഭ്യന്തര കലാപമായി മാറ്റാന്‍ കൂടി പദ്ധതിയുണ്ടെന്നാണ് ഇസ്രയേലി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നത്.
ആയുധം നല്‍കുന്നില്ലെന്ന് മാര്‍ക്കോ റൂബിയോ
അതേസമയം, കുര്‍ദുകള്‍ക്ക് അമേരിക്ക ആയുധം നല്‍കുന്നുവെന്ന വാര്‍ത്തകള്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാര്‍ക്കോ റൂബിയോ തള്ളി. 'അമേരിക്ക കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്നില്ല. ഇസ്രയേലികള്‍ നല്‍കുന്നുണ്ടോയെന്ന് അറിയില്ല' എന്നായിരുന്നു യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചത്. കുര്‍ദുകളെ സിഐഎ പിന്തുണയ്ക്കുന്നുവെന്നും കരയുദ്ധത്തിന് ഉപയോഗിച്ചേക്കുമെന്നും സിഎന്‍എന്‍ ആണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ഐഡിയ നെതന്യാഹുവിന്‍റേത്, ട്രംപ് പച്ചക്കൊടി കാട്ടുമോ?
അതേസമയം, കുര്‍ദുകളെ ഇറക്കി ഇറാനെ പ്രതിസന്ധിയിലാക്കുകയെന്നത് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുലിന്‍റെ ആശയമാണെന്നും സിഐഎ പിന്നീട് അതിനോട് യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും യുഎസ് ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ വെളിപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഇറാനിലെ ഭരണകൂടം തകര്‍ന്നാല്‍ കുര്‍ദുകള്‍ക്ക് സ്വയംഭരണാവകാശമുള്ള പ്രത്യേക ഭൂഭാഗം അനുവദിക്കാെന്നും സാമ്പത്തിക–സൈനിക സഹായങ്ങള്‍ക്ക് പുറമെ രാഷ്ട്രീയ സഹായവും നല്‍കാമെന്നുമാണ് ഇസ്രയേലിന്‍റെ വാഗ്ദാനം. അതേസമയം, ഈ പദ്ധതിക്ക് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇറാഖിലെ കുര്‍ദുകളുടെ നേതാക്കളായ മസൂദ് ബര്‍സാനിയുമായും ബഫേല്‍ തലബാനിയുമായും ഇറാനിയന്‍ കുര്‍ദിസ്ഥാന്‍ വാദിയായ മുസ്തഫ ഹിജ്രിയുമായും ട്രംപ് ഫോണ്‍ സംഭാഷണം നടത്തിയതായും ആക്സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു യുദ്ധവും പേടിയില്ലെന്ന് ഇറാന്‍
എന്നാല്‍ കരയുദ്ധത്തിന് ഇസ്രയേലും യുഎസ് സൈന്യവും ഇറങ്ങിയാല്‍ പേടിയില്ലെന്നും അവരുടെ സൈനികരെ തങ്ങള്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചി ഇന്നലെ വ്യക്തമാക്കിയത്. ഈ യുദ്ധത്തിന് ഇറാന്‍ സുസജ്ജമാണെന്നും ജീവനോടെ ഒരു അമേരിക്കന്‍ സൈനികനും സ്വന്തനാട്ടിലേക്ക് മടങ്ങിപ്പോകില്ലെന്ന് ഇറാനിലെ ഉന്നത നേതാവും ഖമനയിയുടെ വിശ്വസ്തനുമായ അലി ലാരിജാനിയും തുറന്നടിച്ചിരുന്നു.