ഫിഫ ലോകകപ്പ് ജേതാക്കളായ സ്പെയിനിന് ലോകകപ്പ് കൈമാറുന്ന പോഡിയത്തില്‍ നാടകീയ രംഗങ്ങള്‍. ട്രോഫി കൈമാറിയതിന് ശേഷവും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് വേദിയില്‍ തുടര്‍ന്നതോടെയാണ് സ്പെയ്ന്‍ താരങ്ങള്‍ അങ്കലാപ്പിലായത്. ന്യൂയോർക്ക് ന്യൂജേഴ്‌സി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ, അധികസമയത്ത് അർജന്റീനയെ 1-0 ന് തോൽപ്പിച്ചാണ് സ്പെയിൻ കിരീടം ചൂടിയത്.
കിരീടം കൈമാറുന്ന ചടങ്ങുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി, വിജയികൾക്കുള്ള മെഡലുകൾ സമ്മാനിക്കുന്നതിനായി ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോയ്ക്ക് ഒപ്പം ഡോണൾഡ് ട്രംപ് മൈതാനത്തേക്ക് എത്തിയപ്പോള്‍ തന്നെ കാണികളിൽ വലിയൊരു വിഭാഗം ഉച്ചത്തിൽ കൂവാനും വിസിലടിക്കാനും തുടങ്ങിയിരുന്നു. സ്റ്റേഡിയത്തിൽ പ്ലേ ചെയ്ത സംഗീതം പോലും ഈ കൂവലിൽ മുങ്ങിപ്പോയി.
ട്രംപും ഇൻഫാന്‍റിനോയും ചേർന്ന് ലോകകപ്പ് ട്രോഫി സ്പാനിഷ് ക്യാപ്റ്റൻ റോഡ്രിക്ക് കൈമാറി. എന്നാൽ, ട്രോഫി നൽകിയതിന് ശേഷവും ക്യാമറക്കണ്ണുകളിൽ നിന്നും മാറി നിൽക്കുന്നതിന് പകരം, ട്രംപ് പോഡിയത്തിന്‍റെ മധ്യത്തിൽ തന്നെ തുടർന്നു നിന്നു. സ്പാനിഷ് താരങ്ങൾ ക്യാപ്റ്റന് ചുറ്റും കൂടി തങ്ങളുടെ ചരിത്ര നിമിഷം ആഘോഷിക്കാൻ തുടങ്ങിയപ്പോഴും ട്രംപ് അവർക്കിടയിൽ തന്നെ നിന്നു. ഇതോടെ കപ്പുയര്‍ത്താവാതെ ക്യാപ്റ്റനും ടീമംഗങ്ങളും അക്ഷമരായി.
രംഗം വഷളായതോടെ ഫിഫ പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ ഇടപെട്ടു. അദ്ദേഹം ട്രംപിനെ അരികിലേക്ക് മാറി നിൽക്കാൻ ആംഗ്യത്തിലൂടെയും തൊട്ടും ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സ്പാനിഷ് ടീമിന് കപ്പ് ഉയർത്തി ആഘോഷം തുടങ്ങാനായത്. ഈ സമയത്തും ട്രംപ് ടീമംഗങ്ങളുടെ സമീപത്ത് തന്നെയുണ്ടായിരുന്നു. അപ്പോഴും പോകാമെന്ന് ഇൻഫാന്‍റിനോ പറഞ്ഞെങ്കിലും ട്രംപ് അവിടെ തന്നെ തുടര്‍ന്നു.
ട്രംപ് ഇത്തരത്തിൽ പെരുമാറുന്നത് ഇതാദ്യമായല്ല. ഇതേ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിലും സമാനമായ സംഭവം ഉണ്ടായിരുന്നു. അന്ന് ചെൽസി ടീം കപ്പുമായി ആഘോഷിക്കുമ്പോഴും ട്രംപ് വേദിയിൽ തന്നെ തുടരുകയും, താരങ്ങൾ എങ്ങനെ പ്രതികരിക്കണം എന്നറിയാതെ നിൽക്കുകയും ചെയ്തിരുന്നു.