Image Credit: Reuters
അഫ്ഗാനിസ്ഥാനുമായുള്ള സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടെ യുദ്ധഭീഷണി മുഴക്കി പാക് വിദേശകാര്യമന്ത്രി ഖ്വാജ ആസിഫ്. തുര്‍ക്കിയില്‍ നടക്കുന്ന വെടിനിര്‍ത്തല്‍–സമാധാന ചര്‍ച്ച പരാജയപ്പെട്ടാല്‍ യുദ്ധം മാത്രമാണ് മുന്നിലുള്ള വഴിയെന്നും താലിബാനോട് പൊരുതാന്‍ പാക്കിസ്ഥാന് മടിയില്ലെന്നും ഖ്വാജ ആസിഫ് അഭിമുഖത്തില്‍ തുറന്നടിച്ചു. മൂന്നാംഘട്ട ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ജിയോ ടിവിയിലൂടെ പാക് മന്ത്രിയുടെ പ്രകോപനം.
നേരത്തെ ദോഹയിലും ഇസ്താംബൂളിലുമായി നടന്ന രണ്ട് ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു. ' ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സ്ഥിതിഗതികള്‍ വഷളാകും. പക്ഷേ ഞങ്ങള്‍ക്ക് മുന്നില്‍ പല സാധ്യതകളുണ്ട് . എങ്ങനെയാണ് പ്രതികരണമെന്ന് വിലയിരുത്തിയ ശേഷം അതേനാണയത്തില്‍ പാക്കിസ്ഥാന്‍ തിരിച്ചടിക്കും' എന്നായിരുന്നു പാക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
വെടിനിര്‍ത്തല്‍ കരാറില്‍ നേരത്തെ എത്തിയെങ്കിലും ഇരുപക്ഷവും കരാര്‍ ലംഘനം നടത്തിയിരുന്നു. ഇതോടെ അതിര്‍ത്തിഗ്രാമങ്ങളിലെ സ്ഥിതി കലുഷിതമായി. തുര്‍ക്കിയാണ് പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമിടയില്‍ സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. ശുഭകരമായ വാര്‍ത്തയുണ്ടാകുമെന്നായിരുന്നു പാക് വിദേശകാര്യ വക്താവ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചത്. പാക്കിസ്ഥാനെതിരായ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അഫ്ഗാനിസ്ഥാന്‍റെ മണ്ണ് ഉപയോഗിക്കുന്നത് തടയാന്‍ താലിബാന്‍ തയാറാകണമെന്നതാണ് ആവശ്യമെന്ന് പാക് വിദേശകാര്യ വക്താവ് താഹിര്‍ അന്ദ്രാബി പറഞ്ഞു.
ഒക്ടോബര്‍ 18,19 തീയതികളില്‍ ദോഹയില്‍ വച്ചാണ് ആദ്യ വട്ട സമാധാന ചര്‍ച്ചകള്‍ നടന്നത്. ഒക്ടോബര്‍ 25ന് ഇസ്താംബൂളില്‍ വച്ച് രണ്ടാംവട്ട ചര്‍ച്ചയും നടന്നു. ഇത് ദിവസങ്ങള്‍ നീണ്ടു നിന്നു. എന്നാല്‍ പരസ്പര വിശ്വാസം ഇരുപക്ഷത്തിനും നഷ്ടമായതിനെ തുടര്‍ന്ന് വെടിനിര്‍ത്തല്‍ പരാജയപ്പെടുകയായിരുന്നു. അഫ്ഗാനിസ്ഥാനില്‍ നിന്നും ഭീകരവാദികള്‍ പാക്കിസ്ഥാനിലെത്തി അക്രമം നടത്തുന്നുവെന്നാണ് പാക്കിസ്ഥാന്‍റെ ആരോപണം. എന്നാല്‍ അഫ്ഗാനിസ്ഥാന്‍ ഇത് നിഷേധിക്കുന്നുമുണ്ട്.താലിബാന്‍ ഭരണം മാറാതെ അഫ്ഗാനിസ്ഥാന്‍ സമാധാനത്തിലേക്ക് മടങ്ങില്ലെന്നും അതിര്‍ത്തി ശാന്തമാകില്ലെന്നുമാണ് ആസിഫിന്‍റെ വാദം. താലിബാന്‍ സര്‍ക്കാരില്‍ തീവ്രവാദികളെ പ്രോല്‍സാഹിപ്പിക്കുന്നവരുണ്ടെന്നും ഖ്വാജ ആസിഫ് ആരോപിക്കുന്നു