ഡോണള്‍ഡ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്കുമേല്‍ ചുമത്തിയ പകരം തീരുവയുടെ ഭാവി ഇന്നറിയാം. യു.എസ് കോണ്‍ഗ്രസ് അനുമതിയില്ലാതെ ട്രംപ് രാജ്യാന്തര അടിയന്തര സാമ്പത്തിക അധികാരനിയമം പ്രയോഗിക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ യു.എസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
ആരെയും കൂസാത്ത ഡോണള്‍ഡ് ട്രംപിന് യു.എസ് പരമോന്നത കോടതി മൂക്കുകയറിടുമോ എന്നതാണ് പ്രധാന ചോദ്യം. അമേരിക്കയും ലോകവും ഉറ്റുനോക്കുന്ന കേസിലെ സുപ്രീം കോടതി നിലപാട് ഇന്ത്യയക്കമുള്ള രാജ്യങ്ങള്‍ക്കും നിര്‍ണായകമാകും. യു.എസ് കോണ്‍ഗ്രസ് അനുമതിയില്ലാതെ പ്രസിഡന്റിന് തീരുവ ചുമത്താനാകുമോയെന്നാണ് കോടതി പരിശോധിക്കുക. തീരുവ ചുമത്താന്‍ പ്രസിഡന്റിന് അധികാരമില്ലെന്ന് വന്നാല്‍ രാജ്യത്തിന് അപകടമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. കേസ് ജയിച്ചാല്‍ അമേരിക്ക ഏറ്റവും സമ്പന്നമാകുമെന്നും തോറ്റാല്‍ മൂന്നാംലോക രാജ്യമാകുമെന്നുമാണ് ട്രംപിന്‍റെ നിലപാട്.
താരിഫുകളിലൂടെ സർക്കാരിന് 100 ബില്യൺ ഡോളറിലധികം വരുമാനം ലഭിച്ചിട്ടുണ്ട്. കോടതി വിധി എതിരായി ഈ തുക തിരികെ നൽകേണ്ടിവന്നാല്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. വ്യാപാരക്കരാര്‍ ചര്‍ച്ചകളും അനിശ്ചിതത്വത്തിലാകും. അതിനാല്‍ കോടതി തീരുമാനം എതിരായാലും തീരുവയില്‍ പെട്ടെന്ന് മാറ്റമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. 1974-ലെ ട്രേഡ് ആക്ട് പോലുള്ള മറ്റ് നിയമങ്ങൾ ഉപയോഗിച്ച് താരിഫുകൾ നിലനിർത്തുമെന്ന് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍, ചൈന എന്നീ രാജ്യങ്ങള്‍ക്കുമേലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ തീരുവയുള്ളത്. ഇന്ത്യയ്ക്കും ബ്രസീലിനും 50 ശതമാനവും ചൈനയ്ക്ക് 47 ശതമാനവുമാണ് പകരം തീരുവ.