Mexico's President Claudia Sheinbaum walks on the day of a press conference at the National Palace in Mexico City, Mexico November 3, 2025. REUTERS/Henry Romero
മെക്സിക്കന്‍ പ്രസിഡന്‍റിന് നേരെ പൊതുവിടത്തില്‍ ലൈംഗികാതിക്രമം. ചൊവ്വാഴ്ച മെക്സിക്കോ സിറ്റിയില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് ക്ലൗഡിയ ഷെയ്ന്‍ബോമിന് നേരെ അതിക്രമം ഉണ്ടായത്. അനുയായികളെ അഭിവാദ്യം ചെയ്യുന്നതിനായി ക്ലൗഡിയ തെരുവിലേക്കിറങ്ങി നടന്നപ്പോഴാണ് സുരക്ഷാഉദ്യോഗസ്ഥരെ മറികടന്ന് യുവാവ് അടുത്തേക്ക് എത്തിയത്. ഒരു കൈ കൊണ്ട് ക്ലൗഡിയയുടെ തോളിലും മറുകൈ കൊണ്ട് മാറിടത്തിലും പിടിച്ച യുവാവ് ഒപ്പമുണ്ടായിരുന്നവര്‍ തട്ടിമാറ്റാന്‍ ശ്രമിച്ചതോടെ പ്രസിഡന്‍റിനെ ചുംബിക്കാനായും ആഞ്ഞു. അനുചിതമായ സ്പര്‍ശനമുണ്ടായതും യുവാവിന്‍റെ കൈ ക്ലൗഡിയ തട്ടി നീക്കി.
പ്രസിഡന്‍റ് പോലും തെരുവുകളില്‍ സുരക്ഷിതയല്ലേയെന്ന വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുന്നതെല്ലാം നല്ലതാണ് എന്നാല്‍ അക്രമികളും ഇതുപോലെ അടുത്തുവരില്ലേയെന്നും ജീവന് ഭീഷണിയല്ലേയെന്നും ആളുകള്‍ ചോദ്യമുയര്‍ത്തുന്നു. 'സ്ത്രീകള്‍ക്ക് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എത്താനുള്ള വഴികള്‍ തുറന്നു. പക്ഷേ അതിക്രമങ്ങള്‍ക്ക് കുറവില്ലെന്ന് ഒരാളും, സുരക്ഷാ ഉദ്യോഗസ്ഥര്‍ എവിടെ എന്ന് മറ്റൊരാളും കുറിച്ചു. അക്രമിയോട് ഇത്രയും അനുഭാവമൊന്നും വേണ്ടെന്നും വിഡിയോയ്ക്ക് ചുവടെ കമന്‍റുകളുണ്ട്. അതിനിടെ, അതിക്രമം നേരിട്ടപ്പോഴും അങ്ങേയറ്റം സമചിത്തതയോടെയാണ് ക്ലൗഡിയ പ്രതികരിച്ചതെന്നും അത് പ്രശംസനീയമാണെന്നും ചിലര്‍ കുറിച്ചു.
അതേസമയം, സംഭവത്തില്‍ ക്ലൗഡിയയുടെ ഓഫിസ് ഇതുവരേക്കും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പുതിയ സുരക്ഷാനയം പ്രസിഡന്‍റ് ആവിഷ്കരിച്ചതിന് പിന്നാലെയാണ് അതിക്രമമെന്നതും ശ്രദ്ധേയമാണ്. അടുത്തിയിടെയാണ് ഉറ്വാപന്‍ മേയര്‍ കാര്‍ലോസ് ആല്‍ബര്‍ട്ടോ മന്‍സോ കൊല്ലപ്പെട്ടത്. മൂന്ന് വര്‍ഷത്തിനിടെ വെടിയേറ്റ് കൊല്ലപ്പെടുന്ന ഏഴാമത്തെ മേയറാണ് മന്‍സോ. മന്‍സോയുടെ കൊലപാതകത്തിന് പിന്നാലെ വലിയ ജനകീയ പ്രക്ഷോഭമുണ്ടായിരുന്നു. മൊറേലിയ, ഉറ്വാപന്‍, തുടങ്ങിയ നഗരങ്ങളില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. ഈ സംഘര്‍ഷങ്ങള്‍ക്കിടയിലാണ് പ്രസിഡന്‍റിന് നേരെ തന്നെ അതിക്രമം ഉണ്ടായിരിക്കുന്നത്. കാലാവസ്ഥ ശാസ്ത്രജ്ഞയും നൊബേല്‍ ജേതാവുമായ ക്ലൗഡിയ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മെക്സിക്കോയുടെ പ്രസിഡന്‍റായി അധികാരമേറ്റത്.