Image: Facebook
ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ നടി റിനി ആൻ ജോർജ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് റിനി വ്യക്തമാക്കി. ഇക്കാര്യം നേരത്തെ അറിയിച്ചതാണ്. താനും മൂന്നാം പരാതിക്കാരിയും തമ്മിൽ നേരിട്ടുള്ള ബന്ധം തെളിയിക്കുന്ന കാര്യങ്ങൾ പുറത്തു വിടണം. അനാവശ്യമായ പ്രചരണങ്ങൾ തുടർന്നാൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും റിനി ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെയാണ് റിനിക്കെതിരെ ആരോപണം ഉന്നയിച്ച് ഫെനി നൈനാൻ ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. രാഹുലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ യുവതിയെ റിനി ആൻ ജോർജ് 2025 ഓഗസ്റ്റിൽ തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് പരാതിക്കാരി തന്നോട് ചാറ്റിൽ പറഞ്ഞിട്ടുണ്ടെന്നാണ് ഫെനി ആരോപിച്ചത്. കേസുകളുടെ പിന്നിൽ വലിയ ഗൂഢാലോചനയുണ്ട് എന്നതിന്റെ തെളിവുകളാണ് ഇതെല്ലാമെന്നും ഫെനി പറയുന്നു.
ഗൂഢാലോചന ഓരോന്നായി പുറത്ത് വരും. റിനിയുടെ മുഖത്ത് കള്ളത്തരമുണ്ട്. റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്. അത് അഭിനയമാണ്. എത്ര മറച്ച് വയ്ക്കാൻ ശ്രമിച്ചാലും അത് പുറത്ത് വരും. അല്ലെങ്കിൽ പുറത്ത് കൊണ്ടുവരുമെന്നും ഫെനി വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകൾ പുറത്തുവിടാൻ ഫെനിയെ റിനി വെല്ലുവിളിച്ചിരിക്കുന്നത്.