michelle-obama-book-1-

TOPICS COVERED

ഫാഷന്‍ കാഴ്ചപ്പാടുകള്‍ തുറന്നു പറഞ്ഞ്  യു.എസ് പ്രഥമവനിതയായിരുന്ന  മിഷേല്‍ ഒബാമയുടെ പുസ്തകം  ദ് ലുക്ക്(The Look) വായനക്കാരുടെ കൈകളിലേക്ക്. ‌മിഷേലിന്‍റെ ഫാഷന്‍ സങ്കല്‍പങ്ങള്‍, സ്റ്റൈൽ പരിണാമം എന്നിവയെക്കുറിച്ചാണ് ‘ദ് ലുക്ക് ’ പറയുന്നത്. വസ്ത്രത്തിനുമപ്പുറം കറുത്തവർഗ്ഗക്കാരിയായ സ്ത്രീ എന്ന നിലയിൽ പൊതുരംഗത്ത് നേരിട്ട നിരന്തര  വിമർശനങ്ങളെ  എങ്ങനെയാണ് തന്‍റെ വ്യക്തിത്വത്തെയും ആത്മവിശ്വാസത്തെയും ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള ഒരു ഉപാധിയായി ഉപയോഗിച്ചതെന്ന് മിഷേല്‍  പുസ്തകത്തില്‍ വിശദീകരിക്കുന്നു. 

വൈറ്റ് ഹൗസിലെ എട്ട് വർഷക്കാലവും അതിനുശേഷവും മിഷേൽ ധരിച്ച ഓരോ വസ്ത്രവും ഓരോ സന്ദേശങ്ങളായിരുന്നു. വളർന്നു വരുന്ന അമേരിക്കൻ ഡിസൈനർമാർക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക്, വലിയ പിന്തുണ നൽകാൻ വസ്ത്രധാരണത്തിലൂടെ മിഷേല്‍ ശ്രമിച്ചു. തന്‍റെ സ്റ്റൈലിസ്റ്റ് ഉൾപ്പെടെയുള്ള ക്രിയേറ്റീവ് ടീമുമായി നടത്തിയ സംഭാഷണങ്ങളും, മുന്‍പ് പുറംലോകം കണ്ടിട്ടില്ലാത്ത ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വസ്ത്രധാരണം, മുടി, സൗന്ദര്യം എന്നിവയിലൂടെയുള്ള യാത്ര ജീവിതത്തിന്‍റെ ഐഡന്റിറ്റിയെക്കുറിച്ച് കൂടുതല്‍ ധാരണ നല്‍കാന്‍ സഹായകരമായെന്ന് മിഷേൽ പറയുന്നു. ഫാഷൻ എന്നത് വ്യക്തിപരമായ ശാക്തീകരണത്തിനും ലക്ഷ്യങ്ങൾ സ്വന്തമാക്കുന്നതിനും എങ്ങനെ ഉപയോഗിക്കാം എന്ന് ഈ പുസ്തകം പറഞ്ഞുവയ്ക്കുന്നു.

33 വർഷത്തെ ഒബാമ ദമ്പതികളുടെ ഹൃദയസ്പർശിയായ ദാമ്പത്യരഹസ്യം.

പുസ്തകം പുറത്തിറങ്ങുന്നതിനോടനുബന്ധിച്ച് ഈയടുത്തകാലത്തായി മിഷേലും ഒബാമയും ഒട്ടേറെ അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. വിവാഹമോചനത്തെക്കുറിച്ചുയര്‍ന്ന എല്ലാ  വാര്‍ത്തകളേയും തള്ളുന്നതായിരുന്നു ആ അഭിമുഖങ്ങള്‍. ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയുടെ ഭാര്യയായിരുന്ന കാലത്ത് വൈറ്റ് ഹൗസിലെ സായാഹ്നങ്ങൾ ലളിതവും വികാര തരളവുമായിരുന്നു എന്ന് മിഷേല്‍ സാക്ഷ്യപ്പെടുത്തുന്നു. തിരക്കിട്ട ഔപചാരിക മണിക്കൂറുകൾ മാറി കാലം ഇപ്പോൾ ഒന്നിച്ചിരിക്കാനുള്ള സമയം നൽകിയിരിക്കുന്നു. ഹൃദയസ്പർശിയായ 33 വര്‍ഷക്കാലത്തെ സ്നേഹബന്ധത്തിന്റെ കഥ. അധികാരത്തിന്‍റെ ഔപചാരികതകൾക്കിടയിലും ബന്ധം കാത്തുസൂക്ഷിക്കുന്നതിലെ ലാളിത്യം ജീവിതത്തില്‍ സുപ്രധാനമായിരുന്നുവെന്നാണ് മിഷേല്‍ തുറന്നുപറയുന്നത്.

മെഴുകുതിരി വെട്ടത്തിലെ അത്താഴവും സംഭാഷണവും

എല്ലാ തിരക്കുകള്‍ക്കുമിടയിലും അവര്‍ ​ഒരുമിച്ച് അത്താഴം കഴിക്കാൻ സമയം കണ്ടെത്തുന്നു. മെഴുകുതിരി വെട്ടവും മനോഹരമായ സംഗീതവും ഡിന്നർ ടേബിളിലെ സ്ഥിരം സാന്നിധ്യമാണ്. എന്നാൽ അതിലുപരി പ്രാധാന്യം നൽകുന്നത് ഹൃദയത്തിന്‍റെ ആഴങ്ങളിലേക്ക് പോകുന്ന സംഭാഷണങ്ങൾക്കാണ്. ​"ആംഗ്യവിക്ഷേപങ്ങളിലൂടെയല്ല ഞങ്ങളുടെ സ്നേഹം കടന്നുപോകുന്നത്. അവിടെ ഇരുവരുടെയും സജീവമായ സാന്നിധ്യമുണ്ടാകും"  എന്ന് മിഷേല്‍ പ്രണയാര്‍ദ്രമായി പറയുന്നു. എത്ര തിരക്കുണ്ടെങ്കിലും ഇരുവര്‍ക്കും മാത്രമായി സമയം മാറ്റിവയ്ക്കാൻ കഴിയുന്നുണ്ടെന്നും, സമയം എങ്ങനെ ചെലവഴിക്കണമെന്ന് കൃത്യമായ ബോധ്യമുണ്ടെന്നും മിഷേല്‍ പറയുന്നു.

ഓരോ വാർഷികവും ഒരു തിരഞ്ഞെടുപ്പ് ഓർമ്മപ്പെടുത്തൽ

ഓരോ വിവാഹ വാർഷികവും വെറും ആഘോഷ വേളകൾ മാത്രമല്ലെന്ന് മിഷേൽ പറയുന്നു. എന്തുകൊണ്ട് ഞങ്ങൾ പരസ്പരം തിരഞ്ഞെടുത്തു എന്ന് ഓർമ്മിക്കാന്‍ കൂടിയുള്ളതാണ് ഓരോ വാർഷിക ദിനങ്ങളും. 'സ്നേഹത്തിൽനിന്ന് ഒരിക്കലും അകന്നുപോകാതിരിക്കുന്നതിനുള്ള മാസ്റ്റർക്ലാസ്' എന്നാണ് ബറാക്കിന്റെ സ്നേഹത്തെ മിഷേൽ വിശേഷിപ്പിക്കുന്നത്. ഒരു ഡിന്നർ ടേബിളിൽ നടക്കുന്ന ആ സംഭാഷണം ഒരിക്കലും അവസാനിക്കരുതേ എന്ന് ആഗ്രഹിച്ചിട്ടുണ്ടെന്നും അവർ വികാരഭരിതയായി പറയുന്നു. 33 വർഷം പിന്നിടുമ്പോഴും ഒബാമ ദമ്പതികൾ പ്രണയകഥ ലോകത്തിന് മുന്നിൽ പങ്കുവെച്ച്, ദാമ്പത്യ ബന്ധം കാത്തുസൂക്ഷിക്കുന്നതിൽ മാതൃകയായി തുടരുകയാണ്.

ENGLISH SUMMARY:

Michelle Obama's new book, 'The Look', explores her fashion choices and their deeper meaning. It reveals how she used fashion as a tool for self-expression and empowerment, especially as a Black woman.