ലോകത്തിന്‍റെ നാനാഭാഗങ്ങളിൽ സമീപകാലങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവവികാസങ്ങളിൽ പലപ്പോഴും ഉയരുന്ന ചോദ്യം റഷ്യയും അമേരിക്കയും തമ്മിൽ ഒരു യുദ്ധം ഉണ്ടാകുമോ എന്നതാണ്. അറ്റ്ലാന്‍റിക്കില്‍ റഷ്യൻ പതാകയുള്ള ‘മാരിനേര’ എന്ന എണ്ണക്കപ്പല്‍ അമേരിക്ക പിടിച്ചെടുത്തത് കഴിഞ്ഞ ദിവസമാണ്. ലാറ്റിനമേരിക്കയിലെ റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര, സൈനിക സഖ്യകക്ഷിയായ വെനിസ്വേലയിൽ അമേരിക്ക നടത്തിയ അധിനിവേശവും റഷ്യ - അമേരിക്ക ബന്ധത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉയർത്തിയിരുന്നു.
മാസങ്ങൾക്ക് മുൻപ് റഷ്യൻ നേതാവ് ദിമിത്രി മെദ്‌വദേവും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടന്ന യുദ്ധഭീഷണികൾ അന്ന് വാർത്തയായതാണ്. ട്രംപിനെ ചൊടിപ്പിക്കാനായി മെദ്‌വദേവ് അന്ന് നടത്തിയ 'ഡെഡ് ഹാൻഡ്' എന്ന പരാമർശം ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇപ്പോൾ വീണ്ടും റഷ്യയുടെ 'ഡെഡ് ഹാൻഡ്' രഹസ്യവും വീണ്ടും ചർച്ചകളിൽ നിറയുകയാണ്.
'ഡെഡ് ഹാൻഡ്' രഹസ്യം ഒളിച്ചിരിക്കുന്നത് 1947-1991 കാലഘട്ടത്തിലാണ്. ലോകത്തെ ശീതസമരകാലം. സാങ്കേതികരംഗത്തു വൻ കുതിച്ചുചാട്ടമുണ്ടാക്കിയ കാലയളവ്. ജിപിഎസിന്റെയും ഇൻ്റർനെറ്റിന്റെയും കണ്ടെത്തലുകൾക്കൊപ്പം അതിതീവ്ര പ്രഹര ശേഷിയുള്ള ആണവായുധങ്ങൾ ഉൾപ്പെടെയുള്ള നശീകരണ സംവിധാനങ്ങളും ആ കാലത്ത് വികസിപ്പിക്കപ്പെട്ടു.
റഷ്യ സോവിയറ്റ് യൂണിയനായിരുന്ന ഈ കാലത്താണ് ഡെഡ് ഹാൻഡ് എന്ന സംവിധാനം വികസിപ്പിക്കപ്പെട്ടത്. മനുഷ്യനിൽനിന്ന് ഒരു നിർദേശം പോലുമില്ലാതെ ആണവായുധങ്ങൾ പ്രയോഗിക്കാൻ കഴിയുന്ന സംവിധാനമാണിത്. ഏതെങ്കിലും തരത്തിൽ റഷ്യയിൽ ഒരു ആണവാക്രമണം നടന്നാലുടൻ ഡെഡ് ഹാൻഡ് ആക്‌ടിവേറ്റ് ചെയ്യപ്പെടും. ഇതു സജീവമാകുന്നതോടെ റേഡിയോ പോർമുനയുമായി ഒരു മിസൈൽ റഷ്യയിലുടനീളം പറക്കും. ഈ പോർമുനയിൽ നിന്നുള്ള സിഗ്നലുകൾ റഷ്യയിലെമ്പാടുമുള്ള ആണവ മിസൈൽ കേന്ദ്രങ്ങള്‍ക്ക് വിക്ഷേപണത്തിനു നിർദേശം നൽകും.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ആണവായുധങ്ങളുള്ള രാജ്യമാണു റഷ്യ. സൈനകാവശ്യങ്ങള്‍ക്ക് സജ്ജമായ 1600 ആണവായുധങ്ങൾ റഷ്യയ്ക്കുണ്ട്. ഭൂഖണ്ഡാന്തര ബാലിസ്‌റ്റിക് മിസൈലുകളിൽ ചേർക്കപ്പെട്ട 2400 ആണവായുധങ്ങൾ വേറെയുമുണ്ട്. ഇവയെല്ലാം ഡെഡ്ഹാൻഡിലേക്ക് കൂട്ടിച്ചേർക്കപ്പെട്ടിട്ടുള്ളവയാണ്. ഇവയെല്ലാം ഒന്നിച്ച് വിക്ഷേപിക്കപ്പെട്ടാൽ പിന്നെ ഒന്നും ബാക്കിയുണ്ടാവില്ല . ഭൂമി ഒന്നാകെ നശിക്കും. എത്രവലിയ ആക്രമണം ഉണ്ടായാലും, റഷ്യൻ സൈനികർ പൂർണമായും ഇല്ലാതായാൽ പോലും ഡെഡ് ഹാൻഡ് പ്രവർത്തിക്കും.
ഡെഡ് ഹാൻഡ് എന്ന് മറ്റ് രാജ്യങ്ങൾ വിശേഷിപ്പിക്കുന്ന ഈ സംവിധാനത്തിന് പെരിമീറ്റർ എന്നാണ് റഷ്യ നൽകിയിട്ടുള്ള പേര്. 1985ൽ ആണ് പെരിമീറ്റർ സംവിധാനത്തിനു തുടക്കമിട്ടത്. പെരിമീറ്ററിനെ കുറിച്ചുള്ള കഥകൾ അന്ന് മുതൽ പാശ്ചാത്യ ലോകത്ത് പ്രചരിക്കുന്നുണ്ടെങ്കിലും 2011ലാണ് ഭൂമി മുഴുവൻ നിഷ്പ്രഭമാക്കാൻ കഴിയുന്ന തങ്ങളുടെ സംവിധാനത്തെക്കുറിച്ച് റഷ്യ സ്‌ഥികീരണം നൽകിയത്. തങ്ങളെ ആക്രമിക്കുന്ന ശത്രുക്കൾ എത്ര ശക്തരാണെങ്കിലും അവരെ തങ്ങൾ തീർച്ചയായും നശിപ്പിച്ചിരിക്കും എന്നതാണു ഡെഡ് ഹാൻഡിലൂടെ റഷ്യ ഉയർത്തുന്ന സന്ദേശം.