Image credit: Reuters

പാക്കിസ്ഥാന്‍റ ആണവശേഖരം ലക്ഷക്കണക്കിന് ഡോളറിന് അമേരിക്കയ്ക്ക് വിറ്റെന്ന് വെളിപ്പെടുത്തല്‍. സിഐഎ മുന്‍ ഓഫിസറായ ജോണ്‍ കിരിയാകോവിന്‍റേതാണ് വെളിപ്പെടുത്തല്‍. ജനറല്‍ പര്‍വേസ് മുഷാറഫ് പ്രസിഡന്‍റായിരിക്കെയാണ് ആണവായുധ ശേഖരത്തിന്‍റെ നിയന്ത്രണം അമേരിക്ക വിലയ്ക്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 15 വര്‍ഷത്തോളം സിഐഎയില്‍ അനലിസ്റ്റായും പിന്നീട് ഭീകരവിരുദ്ധ സംഘത്തിലുമാണ് ജോണ്‍ പ്രവര്‍ത്തിച്ചത്. അഴിമതിയില്‍ അടിമുടി മുങ്ങിയ ഭരണസംവിധാനവും നേതാക്കളുമാണ് പാക്കിസ്ഥാന്‍റേതെന്നും രാജ്യത്തെ സാധാരണക്കാര്‍ നട്ടംതിരിഞ്ഞപ്പോഴും പാക് മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ ഉള്‍പ്പടെയുള്ളവര്‍ വിദേശത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

മുഷാറഫ് സര്‍ക്കാരും യുഎസുമായി അടുത്തബന്ധമാണ് പുലര്‍ത്തിയിരുന്നതെന്ന്  ജോണ്‍ അവകാശപ്പെടുന്നു. 'പാക്കിസ്ഥാനി സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം വളരെ ഊഷ്മളമായിരുന്നു. പ്രത്യേകിച്ചും ജനറല്‍ പര്‍വേസ് മുഷാറഫിന്റെ കാലത്ത്.ഉള്ളത് പറയാലോ, ഏകാധിപതികളോടൊന്നിച്ച് പ്രവര്‍ത്തിക്കാന്‍ യുഎസിന് ഇഷ്ടമാണ്. പൊതുജനാഭിപ്രായത്തെ കുറിച്ച് ആവലാതി വേണ്ട, മാധ്യമങ്ങളെന്ത് പറയുമെന്ന് കരുതേണ്ടതില്ല. അതുകൊണ്ട് തന്നെ മുഷാറഫിനെ ഞങ്ങള്‍ വിലയ്ക്കെടുത്തു'.  പകരമായി ദശലക്ഷക്കണക്കിന് ഡോളര്‍ അമേരിക്കയില്‍ നിന്നും സൈനിക, സാമ്പത്തിക സഹായമായും മുഷാറഫിന്‍റെ സ്വകാര്യ അക്കൗണ്ടിലേക്കുമെല്ലാം ഒഴുകി. ആഴ്ചയില്‍ പലവട്ടമെന്ന നിലയില്‍ മുഷാറഫുമായി കൂടിക്കാഴ്ചകളും നടത്തിവന്നു. മെല്ലെ മെല്ലെ, ഞങ്ങള്‍ക്ക് വേണ്ടതെല്ലാം ചെയ്യാന്‍ മുഷാറഫ് അനുവദിച്ചു. സത്യമാണ്. പക്ഷേ, മുഷാറഫിന് സ്വന്തം ജനങ്ങളോട് പലതും വിശദീകരിക്കേണ്ടതായും വന്നിട്ടുണ്ട്'– അദ്ദേഹം വിശദീകരിച്ചു. 

പാക്കിസ്ഥാന്‍റെ കൈവശമുള്ള ആണവശേഖരത്തിന്‍റെ നിയന്ത്രണം അമേരിക്കയ്ക്കാണെന്നും ജോണ്‍ ആവര്‍ത്തിച്ചു. 2002ലാണ് താന്‍ പാക്കിസ്ഥാനിലെത്തുന്നത്. അന്നുതന്നെ അനൗദ്യോഗികമായി ഇക്കാര്യം തന്നോട് പറഞ്ഞിരുന്നു. തീവ്രവാദികളുടെ കൈവശം ആണവായുധമെത്തിയാല്‍ എന്താവും സ്ഥിതിയെന്ന ഭയം മുഷാറഫിനുണ്ടായിരുന്നത് കൊണ്ടാണ് അദ്ദേഹം ഇതിന് തയാറായതെന്നും ജോണ്‍ വ്യക്തമാക്കി. 

ഇരട്ടത്താപ്പാണ് മുഷാറഫ് ഭരണത്തില്‍ എക്കാലവും തുടര്‍ന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. ഭീകരവാദത്തെ എതിര്‍ക്കാനുള്ള അമേരിക്കന്‍ പദ്ധതിക്ക് ഒപ്പം നിന്നപ്പോഴും ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനം നടത്താന്‍ മുഷാറഫ് അനുകൂലമായിരുന്നു. സൈന്യത്തെ പിണക്കാന്‍ അദ്ദേഹം തയാറായിരുന്നില്ല. അല്‍ഖ്വയ്ദയെ കുറിച്ച് സൈന്യവും  ആവലാതിപ്പെടാറില്ല. സൈന്യത്തെയും ഭീകരവാദികളെയും സന്തോഷിപ്പിക്കാന്‍ മുഷാറഫ് പിശുക്ക് കാട്ടിയതുമില്ല. 2002 ല്‍ ഇന്ത്യയും പാക്കിസ്ഥാനും യുദ്ധത്തിന്‍റെ വക്കോളമെത്തിയിരുന്നു. 2001 ഡിസംബറിലാണ് പാര്‍ലമെന്‍റിന് നേരെ ആക്രമണമുണ്ടായതെന്നും ജോണ്‍ സൂചിപ്പിച്ചു. 

ENGLISH SUMMARY:

Pakistan nuclear arsenal control was allegedly sold to the US, according to former CIA officer John Kiriakou. He claims this happened during Pervez Musharraf's presidency, with the US gaining control in exchange for millions of dollars.