ഇറാന് ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. യുഎസ് അയച്ച അര്‍മാഡ കണ്ട് ഇറാന്‍ ഭയപ്പെട്ടുവെന്നാണ് ട്രംപിന്‍റെ അവകാശവാദം. 'ഇറാനുമായുള്ള സാഹചര്യം മാറിക്കൊണ്ടിരിക്കുകയാണ്. ഇറാന് സമീപം അമേരിക്കയുടെ ഭീമന്‍ അര്‍മാഡയുണ്ട്, വെനസ്വേലയെക്കാള്‍ വലുത്. നാവിക വ്യൂഹത്തെ അയച്ചതിന് പിന്നാലെ അവർ ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. അവർ ഒരു കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നു. എനിക്കറിയാം. അവർ പലതവണ വിളിച്ചു. അവർക്ക് സംസാരിക്കാൻ ആഗ്രഹമുണ്ട്,' അമേരിക്കന്‍ മാധ്യമമായ ആക്സിയോസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
പശ്ചിമേഷ്യയിൽ യുഎസ് വ്യോമസേനയുടെ നേതൃത്വത്തിൽ വൻതോതിലുള്ള സൈനികാഭ്യാസങ്ങളും ട്രംപ് പ്രഖ്യാപിച്ചു. നാവിക സേനയുടെ യുഎസ്എസ് എബ്രഹാം ലിങ്കണ്‍ കപ്പല്‍ പശ്ചിമേഷ്യയിൽ എത്തിയെന്ന് യുഎസ് സൈന്യം പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്‍റെ പ്രഖ്യാപനം.
അയ്യായിരത്തിലധികം നാവികര്‍, അത്യാധുനിക എഫ്35 യുദ്ധവിമാനങ്ങള്‍, ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകള്‍ എന്നിവ അടങ്ങുന്നതാണ് യുഎസ് അര്‍മാഡ. കൂടാതെ, മേഖലയിലെ അമേരിക്കന്‍ താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ പാട്രിയറ്റ് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും വിന്യസിച്ചിട്ടുണ്ട്.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് പിന്തുണയുമായി യുഎഇയും സൗദിയും രംഗത്തെത്തിയിരുന്നു. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇറാനെതിരായ സൈനികനടപടികളോട് സഹകരിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.