Image; Instagram,Diana Bahadori
ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ രാജ്യത്ത് ആളിക്കത്തുന്ന പ്രക്ഷോഭത്തില്‍ പങ്കാളിയായതിന്‍റെ പേരില്‍ സോഷ്യല്‍മീഡിയ സുരക്ഷാസേന ഇന്‍ഫ്ലുവന്‍സറെ വെടിവച്ചുകൊന്നു. 19കാരിയായ ബൈക്കര്‍ ഇന്‍ഫ്ലുവന്‍സര്‍ ദയന ബഹാദോരിയാണ് കൊല്ലപ്പെട്ടത്. ജനുവരി 9നാണ് കൊലപ്പെടുത്തിയതെന്ന് ഇറാന്‍ വയറിനെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദയനയ്ക്കായി രണ്ടു ദിവസം കുടുംബം തിരച്ചില്‍ നടത്തിയതിനു പിന്നാലെയാണ് ജനുവരി 11ന് മൃതദേഹം ലഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം ദയനയുടേത് അപകടമരണമാണെന്ന തരത്തില്‍ ഒഫിഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജില്‍ ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടതാണ് സംഭവത്തില്‍ നിര്‍ണായകമായത്. അപകട മരണമാണെന്നായിരുന്നു പോസ്റ്റിലുണ്ടായിരുന്നത്. പ്രക്ഷോഭകര്‍ക്കുനേരെ ഗോര്‍ഗന്‍ നഗരത്തിലുള്‍പ്പെടെ അതിക്രൂരമായ ആക്രമണമാണ് നടക്കുന്നതെന്നും ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നു.
ദയനയുടെ മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദികളല്ലെന്ന് പ്രസ്താവനയിറക്കാനാവശ്യപ്പെട്ട് കുടുംബത്തിനുമേലെ സുരക്ഷാ ഏജന്‍സികള്‍ കടുത്ത സമ്മര്‍ദം ചെലുത്തിയതായും റിപ്പോര്‍ട്ടുണ്ട്. ദയനയുടെ മൃതദേഹം രഹസ്യമായി സുരക്ഷാസേന കുഴിച്ചുമൂടിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമിക ഏകാധിപത്യം നിറഞ്ഞ നാട്ടില്‍ ജനിച്ചുവെന്നത് മാത്രമാണ് ആ കുട്ടി ചെയ്ത കുറ്റമെന്ന് ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായ മസിഹ് അലൈന്‍ജദ് പ്രതികരിച്ചു.
ഒരു ലകഷത്തോളം ഫോളോവേഴ്സുള്ള ദയന ‘ബേബി റൈഡര്‍’ എന്ന പേരിലാണ് ഇന്‍സ്റ്റഗ്രാമില്‍ അറിയപ്പെട്ടിരുന്നത്. ഡിസംബര്‍ അവസാനവാരം പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം മാറ്റമില്ലാതെ തുടരുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇറാനില്‍ നടക്കുന്നതെന്ന ആക്ഷേപം ഉയരുന്നതിനിടെ ആറായിരത്തിലേറെ ആളുകള്‍ മരിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.