ഇറാനെതിരെ യുഎസിന്റെ സൈനിക നടപടിയുണ്ടാകുമെന്ന ആശങ്ക നിലനിൽക്കെ ഇറാന് പിന്തുണയുമായി ഗൾഫ് രാജ്യങ്ങൾ. ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ വ്യക്തമാക്കി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് കിരീടാവകാശി ഇക്കാര്യം ഉറപ്പുനൽകിയത്.
ഇറാന്റെ പരമാധികാരത്തെ മാനിക്കുന്ന സൗദിയുടെ നിലപാട് കിരീടാവകാശി ആവർത്തിച്ചു. മേഖലയിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഇറാനിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഭരണകൂടത്തിന്റെ നീക്കങ്ങളെക്കുറിച്ചും പ്രസിഡന്റ് പെസെഷ്കിയാൻ വിശദീകരിച്ചു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിലെ പുരോഗതിയും പെസെഷ്കിയാൻ പങ്കുവെച്ചു.
യുഎസിനെതിരെ കടുത്ത നിലപാടുമായി നേരത്തെ യുഎഇയും രംഗത്തെത്തിയിരുന്നു. ഇറാനെതിരായ സൈനികനടപടികളോട് സഹകരിക്കില്ലെന്ന് യുഎഇ വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇറാനെതിരായ ഒരു സൈനിക നടപടിക്കും യുഎഇയുടെ വ്യോമ, കര, സമുദ്ര അതിർത്തികൾ ഉപയോഗിക്കാൻ അനുവദിക്കില്ല. നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍, രാജ്യാന്തര നിയമങ്ങള്‍ പാലിക്കുക, രാജ്യങ്ങളുടെ പരമാധികാരത്തോടുള്ള ബഹുമാനം എന്നിവയാണ് മാര്‍ഗങ്ങളെന്നും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.