Local residents stand by burnt vehicles after police in Pakistan clashed with thousands of protesters during a march in support of Palestinians, in Muridke near Lahore, Pakistan, Monday, Oct. 13, 2025. (AP Photo/Jahanzeb Khan)
പാക്കിസ്ഥാനിലെ ലഹോറില്‍ ഇസ്രയേല്‍ വിരുദ്ധ പ്രതിഷേധ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും നിരവധി പ്രതിഷേധക്കാരും കൊല്ലപ്പെട്ടു. തലസ്ഥാനമായ ഇസ്ലാമാബാദ് ലക്ഷ്യമാക്കി തെഹ്‌രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതോടെയാണ് പൊലീസ് നടപടിയുണ്ടായത്. ഇസ്രയേല്‍ അനുകൂല നിലപാടിന്‍റെ പേരില്‍ ഇസ്ലാമാബാദിലെ യു.എസ് എംബസിയിലേക്ക് മാര്‍ച്ച് നടത്താനുള്ള ശ്രമമാണ് സംഘര്‍ഷത്തിലെത്തിയത്.
ഇസ്ലാമാബാദിലെത്തി ഗാസയ്ക്കും പലസ്തീനിനും പിന്തുണ പ്രഖ്യാപിച്ച് യുഎസ് എംബസിക്ക് പുറത്ത് പ്രകടനം നടത്താനായിരുന്നു ടിഎല്‍പി പ്രവര്‍ത്തകരുടെ പദ്ധതി. ഇസ്ലാമാബാദിലേക്ക് മാര്‍ച്ച് നടത്താന്‍ മുരിദ്കെയില്‍ ടിഎല്‍പി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. എന്നാല്‍, പാക്കിസ്ഥാൻ റേഞ്ചേഴ്‌സ് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ നിന്നുള്ള വലിയ പൊലീസ് സംഘത്തെ മുരിദ്കെയിലേക്ക് അയച്ച് അധികൃതര്‍ ടിഎൽപി പ്രതിഷേധ ക്യാമ്പ് വളഞ്ഞു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. രണ്ട് തവണ മാര്‍ച്ച് നടത്താനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
പ്രതിഷേധക്കാര്‍ പൊലീസിനു നേര്‍ക്ക് വെടിയുതിര്‍ത്തതായി പഞ്ചാബ് പൊലീസ് ചീഫ് ഉസ്മാന്‍ അന്‍വര്‍ പറഞ്ഞു. വെടിവെയ്പ്പില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പ്രതിഷേധക്കാരില്‍ എത്രപേര്‍ക്ക് പരിക്കേറ്റെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ ടിഎല്‍പി പുറത്തിറക്കിയ പ്രസ്താവനയില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് കൊല്ലപ്പെട്ടതായും പരിക്കേറ്റതായും പറയുന്നുണ്ട്.
തെഹ്‌രീക്-ഇ-ലബ്ബയ്ക് പാകിസ്ഥാൻ അധ്യക്ഷന്‍ സാദ് റിസ്‍വിക്കും പരിക്കേറ്റിട്ടുണ്ട്. പ്രകടനക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് പരിക്കേറ്റതെന്നാണ് റിപ്പോർട്ട്. നിലവില്‍ ഇയാൾ അതീവ ഗുരുതരാവസ്ഥയിലാണ്. ചർച്ചയ്ക്കു തയാറാണെന്ന് സാദ് റിസ്‌വി പൊലീസിനോട് അഭ്യർഥിക്കുന്ന വിഡിയോ പാർട്ടി സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.
റോഡുകൾ തടസപ്പെടുത്താൻ പൊലീസ് സ്ഥാപിച്ച കണ്ടെയ്‌നറുകൾ നീക്കം ചെയ്യാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെയാണ് പുതിയ സംഘർഷങ്ങൾ ആരംഭിച്ചത്. ലാഹോറിൽ വെച്ച് പൊലീസുമായി ഏറ്റുമുട്ടിയ പ്രവര്‍ത്തകര്‍ പിന്നീട് മുരിദ്‌കെയില്‍ തമ്പടിക്കുകയും മാർച്ച് പുനരാരംഭിക്കുകയും ചെയ്യുകയായിരുന്നു. ഗാസയിലെ യുദ്ധം അവസാനിപ്പിച്ച് സമാധാനത്തിലേക്ക് പോകുന്ന സമയത്താണ് പാർട്ടി വിഷയം ഉയർത്തി പ്രതിഷേധിക്കുന്നത്. ഗാസയിലെ സമാധാനം ആഘോഷിക്കുന്നതിനു പകരം ടി.എൽ.പി. എന്തിനാണ് അക്രമം തിരഞ്ഞെടുത്തതെന്ന് മനസിലാകുന്നില്ലെന്ന് പാക്കിസ്ഥാൻ ഡെപ്യൂട്ടി ഇൻ്റീരിയർ മന്ത്രി തലാൽ ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.