TOPICS COVERED

രാജ്യാന്തര ചലച്ചിത്രമേളയില്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദര്‍ശനാനുമതി നല്‍കാത്ത ആറു ചിത്രങ്ങള്‍ ഇന്ന് തീയറ്ററുകളിലെത്തും. പലസ്തീൻ പാക്കേജിലെ ‘വൺസ് അപ്പോൺ എ ടൈം ഇൻ ഗാസ’ ന്യൂ തിയേറ്റർ സ്ക്രീൻ രണ്ടിൽ രാത്രി 8.30നും പലസ്തീൻ ബാലന്റെ കഥ പറയുന്ന ഇസ്രയേലി ചിത്രം ‘ദി സീ’ ശ്രീ തിയറ്ററിൽ വൈകിട്ട് 6.15നും പ്രദർശിപ്പിക്കും. അതേസമയം, ഐ.എഫ്.എഫ്.കെയിലെ 19 സിനിമകൾക്ക് പ്രദർശനാനുമതി നൽകുന്നതിൽ കേന്ദ്രസർക്കാർ ഇന്ന് അന്തിമ തീരുമാനമെടുക്കും. വിദേശകാര്യമന്ത്രാലയം സിനിമകൾ കണ്ട് അന്തിമ തീരുമാനമെടുക്കുകയാണെന്നും പൊളിറ്റിക്കൽ ക്ലിയറൻസിൽ ഉച്ചയോടെ തീരുമാനമാകുമെന്നുമാണ് മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന വിവരം. 

പല സിനിമകളും രാഷ്ട്രീയ വിവാദങ്ങളുണ്ടാക്കാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിക്ക് അയച്ചിരിക്കുന്നത്. വിദേശ സിനിമകൾ ഉൾപ്പെടെ ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര ഫിലിം സർട്ടിഫിക്കേഷൻ ബോർഡിന്റെ അനുമതി ആവശ്യമാണ്. ചലച്ചിത്രമേളകൾക്കായി സിനിമകൾ പ്രദർശിപ്പിക്കുമ്പോൾ സർട്ടിഫിക്കേഷന്റെ കാര്യത്തിൽ പ്രത്യേക ഇളവു നൽകാറുണ്ട്. പല ഘട്ടങ്ങളിലും സിനിമകൾ, രാഷ്ട്രീയ-ഉഭയകക്ഷി ബന്ധത്തിൽ ഉൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്നതിനാലാണു അനുമതിക്കുവേണ്ടി വിദേശകാര്യമന്ത്രാലയത്തിന്റെ തീരുമാനത്തിനുവിടുന്നത്.

മേളയുടെ ആറാം ദിനത്തില്‍ 11 തീയേറ്ററുകളിലെ 16 സ്‌ക്രീനുകളിൽ 72 ചിത്രങ്ങളാണ് എത്തുന്നത്. ഗാരിൻ നുഗ്രോഹോ സംവിധാനം ചെയ്ത, 1930കളിലെ ബാലി പശ്ചാത്തലമാക്കിയ സംസാരയുടെ ആദ്യ പ്രദർശനവും ഇന്നാണ്. പ്രശസ്ത വിയറ്റ്നാം ചലച്ചിത്രകാരനും ജൂറി അംഗവുമായ ‘ബൂയി താക് ചുയെൻ’ പങ്കെടുക്കുന്ന സംഭാഷണം ഉച്ചയ്ക്ക 2.30ന് നിള തിയേറ്ററിൽ നടക്കും.

ENGLISH SUMMARY:

Kerala Film Festival: Six films, previously denied permission, will be screened today at the International Film Festival of Kerala, and the final decision of the 19 films will be out today.