calixte-nzomvite-man-whol-live-alone-due-to-gynophobia

TOPICS COVERED

പലതരം ഫോബിയകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാകും.ഇരുട്ടിനോട്, വെള്ളത്തോട്  ഉയരത്തോട്, ഇടുങ്ങിയ സ്ഥലങ്ങളോട് അങ്ങനെ അങ്ങനെ.. എന്നാൽ സ്ത്രീകളോടുള്ള ഫോബിയയെക്കുറിച്ച് കേട്ടിട്ടുണ്ടോ?..സ്ത്രീകളോടുള്ള അകാരണമായ ഭയത്തെയാണ് ഗൈനോ ഫോബിയ എന്ന് പറയുന്നത്. സ്ത്രീകളുമായി ഇടപഴകാനും മിണ്ടാനും എന്തിന് അടുത്ത് നിൽക്കാൻ പോലും ഗൈനോ ഫോബിയ ഉള്ള വ്യക്തികൾക്ക് പ്രയാസമായിരിക്കും.

ആഫ്രിക്കയിലെ റുവാൻഡക്കാരനായ കാലിക്സ്റ്റേ സോംവിറ്റേയും അത്തരത്തിലുള്ള ഒരു വ്യക്തിയാണ്. സ്ത്രീകൾ എന്നുകേൾക്കുമ്പോഴേ കാലിക്സ്റ്റേക്ക്  ഉള്ളു വിറക്കും.അവരെ കാണുന്നത് പോലും അസ്വസ്ഥത ഉണ്ടാക്കും.എന്ത് കൊണ്ടാണ് സ്ത്രീകളോടുള്ള ഈ അകാരണമായ ഭയം തന്നിൽ ഉടലെടുത്തത് എന്ന് അദ്ദേഹത്തിന് അറിയില്ലെങ്കിലും  പതിനാറാം വയസില്‍ കാലിക്സ്റ്റേ ഈ അവസ്ഥ തിരിച്ചറിഞ്ഞു.

മനഃശാസ്ത്ര പ്രകാരം കുട്ടികാലത്തെപ്പൊഴോ  ഉണ്ടായ ചില മോശം അനുഭവങ്ങളിൽ നിന്നോ ചില സംസ്കാരങ്ങളുടെ സ്വാധീനം മൂലമോ എല്ലാം ആണ് ഇത്തരത്തിൽ ഗൈനോഫോബിയ ഉണ്ടാകുന്നത്.. എന്നാൽ ഗൈനോഫോബിയ  ഒരിക്കലും സ്ത്രീകളോടുള്ള വിദ്വേഷം, അഥവാ മീസോജിനി അല്ല...

കാലിക്സ്റ്റേയുടെ  ജീവിത്തിലേക്ക് വന്നാൽ സ്ത്രീകളിൽ  നിന്നും സുരക്ഷിതനാവാൻ  അയാള്‍ തന്‍റെ  മൺ കുടിലിന് ചുറ്റും 15 അടി  ഉയരത്തിൽ മരകഷണങ്ങൾ കൊണ്ടൊരു  വേലി തീർത്തു.. സ്ത്രീകൾ തന്‍റെ പരിസരത്തു പോലും വരരുത് എന്നതു മാത്രമല്ല  അടുത്ത് താമസിക്കുന്ന സ്ത്രീകളെ കാണുക കൂടി ചെയ്യരുത്എന്ന ഉദ്ദേശ്യവും ഈ വേലിക്ക് പിന്നിലുണ്ടായിരുന്നു.

വേലിക്കെട്ടിനുള്ളില്‍ നിര്‍മിച്ച  കഷ്ടി  ഒരാൾക്ക് മാത്രം താമസിക്കാവുന്ന  ഇടുങ്ങിയ മൺ കുടിലിലാണ്  കഴിഞ്ഞ 57 വർഷമായി കാലിക്സ്റ്റേ  താമസിക്കുന്നത്. ഭക്ഷണവും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതുമെല്ലാം ഈ മൺകുടിലിനുള്ളിൽ തന്നെ..പഴയ തുണികളും ഉണങ്ങിയ ഇലയും കമ്പും എല്ലാം കൊണ്ടു നിർമിച്ച കിടക്കയിലാണ് ഉറക്കം.  പുറത്തിറങ്ങിയാൽ സ്ത്രീകളെ കണ്ടുമുട്ടേണ്ടി വരും എന്നതിനാൽഈ വേലിക്കെട്ട് വിട്ട്  പുറത്തിറങ്ങാറുമില്ല.

എന്നാല്‍ അതിലുമുണ്ടൊരു വിരോധാഭാസം. കാലിക്സ്റ്റേക്ക് സ്ത്രീ നിഷിധമാണെങ്കിലും വീട്ടിലേക്കാവശ്യമായ അവശ്യാധനങ്ങള്‍ പുറത്തു നിന്നെത്തിക്കുന്നത് 

‌അയൽവാസികളായ സ്ത്രീകൾ തന്നെ. തങ്ങളെ കാണുന്നത് Calixte ക്ക് ഭയമായതിനാല്‍  അവരാരും   ബുദ്ധിമുട്ടിക്കാന്‍  അടുത്തേക്ക് ചെല്ലാറില്ല.. മറിച്ച്  സാധനങ്ങൾ വേലിക്കു മുകളിലൂടെ അകത്തേക്ക് എറിഞ്ഞു കൊടുക്കും.. അവർ പോയി എന്ന് ഉറപ്പായി കഴിഞ്ഞാൽ അദ്ദേഹം പതിയെ കുടിലിൽ നിന്നും പുറത്തിറങ്ങി സാധനങ്ങൾ എടുത്ത് അകത്ത് വയ്ക്കും. 

എന്തായാലും പതിനാറാം വയസിൽ തുടങ്ങിയ ഈ ഏകാന്ത വാസം കാലിക്സ്റ്റേ  ഇപ്പോഴും തുടരുന്നു. .മറ്റുള്ളവര്‍ക്ക് ഇതെന്ത് ജീവിതമാണ് ഹേ എന്ന് തോന്നുമെങ്കിലും അയാളുടേതായ ജീവിതത്തില്‍ കാലിക്സ്റ്റേ ഹാപ്പിയാണ്.

ENGLISH SUMMARY:

Gynophobia is the irrational fear of women. This psychological condition can significantly impact a person's life, causing avoidance and anxiety in social situations involving women.