സ്ത്രീകളുടെ സാമീപ്യമുണ്ടാകുമ്പോഴോ അവരെക്കുറിച്ച് ചിന്തിക്കുമ്പോഴോ പെട്ടെന്നൊരു ഭയം. അവരുമായി ഇടപഴകേണ്ട സാഹചര്യങ്ങൾ ഒഴിവാക്കാനാകും പിന്നത്തെ ശ്രമം. ഇനി സംസാരിക്കേണ്ടി വന്നാലോ അമിതമായ ഉത്കണ്ഠ. ഇതൊരു രോഗമൊന്നുമല്ലെങ്കിലും സവിശേഷമായൊരു മാനസികാവസ്ഥയാണ്, ഗൈനോഫോബിയ. ഒരു വ്യക്തിയുടെ ജോലി, പഠനം, സാമൂഹിക ജീവിതം എന്നിവയെ ഈ ലക്ഷണങ്ങൾ ആറുമാസമെങ്കിലും ബാധിക്കുന്നുണ്ടെങ്കിൽ മാത്രമേ ഇതിനെ ഒരു ഫോബിയ ആയി കാണേണ്ടതുള്ളൂ.
സ്ത്രീകളോടുള്ള അമിതവും യുക്തിരഹിതവുമായ ഭയമാണ് ഗൈനോഫോബിയ. ഇത് കേവലം പ്രണയബന്ധങ്ങള്‍ക്കായി സ്ത്രീകളെ സമീപിക്കാനുള്ള മടി മാത്രമല്ല, മറിച്ച് ഒരു വ്യക്തിയുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഗുരുതരമായ ഒരു മാനസികാവസ്ഥയാണ്. മാനസികരോഗ ചികിത്സാവിഭാഗത്തിൽ ഇതൊരു 'സ്പെസിഫിക് ഫോബിയ' ആയിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഒരു പ്രത്യേക സാഹചര്യത്തോടോ വസ്തുവിനോടോ തോന്നുന്ന അമിതമായ ഭയമാണ് സ്പെസിഫിക് ഫോബിയ. ഗൈനോഫോബിയ ഉള്ളവരിൽ ഈ ഭയം സ്ത്രീകളോടാണ്. യഥാർത്ഥത്തിൽ അപകടമൊന്നും ഇല്ലെന്ന് ബോധ്യമുണ്ടെങ്കിലും, സ്ത്രീകളെ കാണുമ്പോഴോ അവരെക്കുറിച്ച് ചിന്തിക്കുമ്പോഴോ ഇവർക്ക് വലിയ രീതിയിലുള്ള ഉത്കണ്ഠയും പരിഭ്രാന്തിയും അനുഭവപ്പെടുന്നു.
ഗൈനോഫോബിയയുടെ കൃത്യമായ കാരണം ഗവേഷകർക്ക് ഇപ്പോഴും അറിവില്ല. എങ്കിലും ജനിതകപരവും സാഹചര്യപരവുമായ ഘടകങ്ങൾ ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. സാധാരണയായി കുട്ടിക്കാലത്താണ് ഇത്തരം ഫോബിയകൾ വികസിക്കുന്നത്. കൂടുതൽ സെൻസിറ്റീവായ വ്യക്തിത്വമുള്ളവർക്കോ നിഷേധാത്മക ചിന്താഗതിയുള്ളവർക്കോ ഇത്തരം ഭയങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. മുൻകാലങ്ങളിലുണ്ടായ മോശമായ അനുഭവങ്ങളും ഇതിന് ഒരു കാരണമായേക്കാം.
ഗൈനോഫോബിയയ്ക്ക് മാത്രമായി പ്രത്യേക ചികിത്സാ രീതികൾ ഇല്ലെങ്കിലും, പൊതുവെ ഫോബിയകൾക്ക് നൽകുന്ന ചികിത്സകൾ ഇതിനും ഫലപ്രദമാണ്. സ്ത്രീകളോട് ഇത്തരമൊരു ഭയം വെച്ചുപുലർത്തുന്നത് ഒരാളുടെ ജീവിതത്തെ സാരമായി ബാധിക്കും. എന്നാൽ കൃത്യമായ ചികിത്സയിലൂടെയും പിന്തുണയിലൂടെയും ഈ അവസ്ഥയെ മറികടന്ന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ സാധിക്കും.