സ്ക്രീൻ ടൈം നമ്മുടെ ജീവിതത്തിന്‍റെ വലിയൊരു ഭാഗം കവർന്നെടുക്കുന്ന ഈ കാലത്ത്, സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മാറ്റിവെക്കാനുള്ള നീക്കത്തിലാണ് ജെന്‍സി കിഡ്സ്. ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ നോട്ടിഫിക്കേഷനുകൾക്കും സോഷ്യൽ മീഡിയ സ്ക്രോളിംഗിനും പിന്നാലെയുള്ള ജിവിതം അവര്‍ മടുത്തിരിക്കുന്നു. ‘അനലോഗ് മൂവ്‌മെന്‍റ് ’ എന്ന് വിളിക്കപ്പെടുന്ന ‘അനലോഗ് ലൈഫ് സ്റ്റൈലാണ് പുതിയ ട്രെന്‍ഡ്. ജെൻ സി തലമുറ ഫോണുകൾ ഉപേക്ഷിച്ച് പഴയ തലമുറ ചെയ്തിരുന്ന വിനോദങ്ങളിലേക്ക് മടങ്ങുകയാണ്.
സ്ക്രീനുകളും അൽഗോരിതങ്ങളും നമ്മുടെ ജീവിതം നിയന്ത്രിക്കുന്ന ഈ കാലഘട്ടത്തിൽ നിശബ്ദമായ ഒരു വിപ്ലവം നടക്കുകയാണ്. സോഷ്യൽ മീഡിയ വഴിയാണ് ഈ ട്രെന്‍ഡ് പ്രചരിക്കുന്നതെങ്കിലും, ഇതിന്‍റെ ലക്ഷ്യം സ്ക്രീനുകളിൽ നിന്ന് വിട്ടുനിൽക്കുക എന്നതാണ്. ഡിജിറ്റൽ ഉള്ളടക്കങ്ങളുടെ അതിപ്രസരത്തിൽ മടുത്ത യുവതലമുറ സ്പർശിക്കാവുന്നതും നേരിട്ട് അനുഭവിക്കാൻ കഴിയുന്നതുമായ രീതികളിലേക്ക് മടങ്ങുകയാണ്. ഇത് വെറുമൊരു പഴയകാല നൊസ്റ്റാള്‍ജിയ അല്ല, മറിച്ച് ഡിജിറ്റൽ ലോകം നൽകുന്ന മടുപ്പിനുള്ള മരുന്നാണ്.
റെക്കോർഡുകളും, ഫിലിം ഫോട്ടോഗ്രഫിയും, കൈപ്പടയിലെഴുതിയ ഡയറികളുമൊക്കെ വീണ്ടും തരംഗമാവുകയാണ്. സ്പോട്ടിഫൈയിൽ പാട്ടുകൾ മാറ്റിക്കൊണ്ടിരിക്കുന്നതിന് പകരം, പഴയ രീതിയിലുള്ള റെക്കോർഡ് പ്ലെയറുകളിൽ പാട്ട് കേൾക്കുന്നത് ആളുകൾ കൂടുതൽ ഇഷ്ടപ്പെടുന്നു. റെക്കോർഡിംഗ് ഇൻഡസ്ട്രി അസോസിയേഷൻ ഓഫ് അമേരിക്കയുടെ കണക്കനുസരിച്ച്, 2025-ൽ മാത്രം വിനൈൽ റെക്കോർഡുകളുടെ വിൽപ്പനയിൽ 17% വർദ്ധനവുണ്ടായി. ഇതിൽ ഭൂരിഭാഗവും 25 വയസ്സിൽ താഴെയുള്ളവരാണ്.
സംഗീതത്തിലും ഫോട്ടോഗ്രഫിയിലും മാത്രം ഒതുങ്ങുന്നതല്ല ഈ മാറ്റം. ഓഫ്‌ലൈൻ കമ്മ്യൂണിറ്റികൾ വീണ്ടും സജീവമാകുകയാണ്. ചിലർ ഡെലിവറി ആപ്പുകൾ ഉപേക്ഷിച്ച് നേരിട്ട് മാർക്കറ്റിൽ പോയി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയിരിക്കുന്നു. പുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും വിൽപ്പനയിലും വലിയ കുതിച്ചുചാട്ടമാണ് പ്രകടമാകുന്നത്. വിന്‍റേജ് വസ്ത്രങ്ങളോടുള്ള പ്രിയവും ഏറിവരുകയാണ്.
2025-ൽ പ്യൂ റിസർച്ച് സെന്‍റര്‍ നടത്തിയ പഠനമനുസരിച്ച്, 62% യുവാക്കളും സോഷ്യൽ മീഡിയ അമിതമായ സമ്മർദമുണ്ടാക്കുന്നതായി കരുതുന്നു. ഇതിനെ പ്രതിരോധിക്കാൻ അനലോഗ് അനുഭവങ്ങൾ അവരെ സഹായിക്കുന്നു. ഗൂഗിൾ പോലുള്ള വൻകിട ടെക് കമ്പനികൾ പോലും ഇപ്പോൾ തങ്ങളുടെ ഓഫീസുകളിൽ വൈറ്റ് ബോർഡുകളും പേപ്പറും മാത്രം ഉപയോഗിക്കുന്ന 'അൺപ്ലഗ്ഡ്' സോണുകൾ (Unplugged Zones) ഏർപ്പെടുത്തിക്കഴിഞ്ഞു. ഇത് സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നു എന്നാണ് അവരുടെ കണ്ടെത്തൽ.
എല്ലാ കാര്യങ്ങളും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് നിമിഷനേരം കൊണ്ട് ചെയ്തുതരുന്ന ഈ ലോകത്ത്, മനുഷ്യന്‍റെ കരസ്പർശമുള്ള കാര്യങ്ങൾക്ക് മൂല്യം ഏറുകയാണ്. ഈ മാറ്റം വിപണിയിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. 2030 വരെ അനലോഗ് ഉൽപ്പന്നങ്ങളുടെ വിപണി വലിയ വളർച്ച കൈവരിക്കുമെന്നാണ് റിപ്പോർട്ടുകൾ.