ചോദ്യം ജെന്‍ സി കഡ്സിനോടാണ്... നിങ്ങൾക്ക് ഉള്ള പ്രായത്തേക്കാൾ കൂടുതൽ പ്രായം തോന്നിക്കുന്നുണ്ടെന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? എങ്കില്‍ അത് വെറും തോന്നല്‍ അല്ലെന്നാണ് പുതിയ കണ്ടെത്തലുകള്‍ പറയുന്നത്. എന്തുകൊണ്ടാണ് ജെൻ സി തലമുറയ്ക്ക് മില്ലേനിയല്‍സിനെക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കുന്നത്? മില്ലേനിയല്‍സ് കൂടുതല്‍ ചെറുപ്പമാവുകയും ജെന്‍സിയെ അവരുടെ പ്രായത്തേക്കാള്‍ കൂടുതല്‍ പക്വതയുള്ളവരായി തോന്നിക്കുകയും ചെയ്യുന്നതിന് കാരണങ്ങളുണ്ട്.
ജെൻ സി തലമുറ ചർമ്മസംരക്ഷണത്തിൽ അതീവ ശ്രദ്ധാലുക്കളാണ്. 20-കളുടെ തുടക്കത്തിൽ തന്നെ റെറ്റിനോയിഡുകളും ബേബി ബോട്ടോക്സും ഒക്കെ പരീക്ഷിക്കുന്നത് അവർക്കിടയിൽ സാധാരണമാണ്. എന്നാൽ വിദഗ്ധരുടെ അഭിപ്രായത്തിൽ, ചെറുപ്രായത്തിൽ തന്നെ ഇത്തരം വീര്യമേറിയ ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തിന്‍റെ സ്വാഭാവിക പ്രതിരോധശേഷിയെ നശിപ്പിക്കുകയും പ്രായം കൂടുതൽ തോന്നിപ്പിക്കുകയും ചെയ്യും. കൂടാതെ, ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള ബ്ലൂ ലൈറ്റും ചർമ്മത്തിലെ കൊളാജൻ നശിപ്പിക്കാൻ കാരണമാകുന്നു.
‘ക്രോണിക് ഇമോഷണൽ ഫാറ്റിഗ്’ അഥവാ വിട്ടുമാറാത്ത മാനസിക തളർച്ചയാണ് മറ്റൊരു പ്രധാന കാരണം. മില്ലേനിയലുകളെ അപേക്ഷിച്ച്, ജെൻ സി തലമുറ വലിയ സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കും ആഗോള മഹാമാരികൾക്കും ഇടയിലാണ് വളർന്നത്. എപ്പോഴും മികച്ച രീതിയിൽ പ്രകടനം നടത്തണമെന്ന സമ്മർദവും സോഷ്യൽ മീഡിയയിലെ മത്സരവും അവരെ മാനസികമായി തളർത്തുന്നു. ഈ മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോൺ വർദ്ധിപ്പിക്കുകയും അത് ചർമ്മത്തിൽ ചുളിവുകൾക്കും മങ്ങലിനും കാരണമാവുകയും ചെയ്യുന്നു.
മില്ലേനിയലുകൾക്ക് പ്രായപൂർത്തിയാകാൻ കൃത്യമായ സമയം ലഭിച്ചിരുന്നു. 20 വയസ്സിൽ തന്നെ എല്ലാം തികഞ്ഞവരാകണമെന്ന് അവർക്ക് നിർബന്ധമില്ലായിരുന്നു. തെറ്റുകൾ വരുത്തിയും സാവധാനം കാര്യങ്ങൾ പഠിച്ചുമാണ് അവർ വളർന്നത്. ഇപ്പോൾ തങ്ങളുടെ 30-കളിലും 40-കളിലും അവർ സെല്‍ഫ് കെയറിനും, തെറാപ്പിക്കും, ശാന്തമായ ജീവിതശൈലിക്കും പ്രാധാന്യം നൽകുന്നു. ഈ മാനസിക സമാധാനമാണ് അവരുടെ മുഖത്തെ തിളക്കത്തിന് പിന്നിൽ.
ശരിക്കും ജെൻ സിക്ക് പ്രായമാവുകയല്ല, അവര്‍ തളർന്നിരിക്കുകയാണ്. വാർദ്ധക്യമല്ല യഥാർത്ഥ ശത്രു, മറിച്ച് നിങ്ങളെ ശ്വാസം മുട്ടിക്കുന്ന ഈ ഓട്ടമാണ്. ഇടയ്ക്ക് ഇന്‍റർനെറ്റിൽ നിന്ന് വിട്ടുനിൽക്കുന്നതും സ്വയം സമയം നൽകുന്നതും നിങ്ങളെ സഹായിക്കും. എല്ലാ ദിവസവും എല്ലാം തികഞ്ഞ രീതിയിൽ ജീവിക്കണമെന്ന് നിർബന്ധമില്ല. ചില ദിവസങ്ങളിൽ അതിജീവിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്.