sreerag-death

ആഫ്രിക്കൻ രാജ്യം മൊസാംബിക്കിൽ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടു മലയാളികളില്‍ ഒരാള്‍ മരിച്ചതായി സ്ഥിരീകരണം. കൊല്ലം തേവലക്കര സ്വദേശി ശ്രീരാഗ് രാധാകൃഷ്ണനാണ് മരിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞു. ശ്രീരാഗിന്‍റെ മരണം കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. 36 വയസ്സുള്ള ശ്രീരാഗ് കുറച്ചു വർഷങ്ങളായി ഇതേ കപ്പലിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

കാണാതായതില്‍ മറ്റൊരാള്‍ പിറവം സ്വദേശി ഇന്ദ്രജിത്താണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കപ്പലിലെ ജോലിക്കായി 22 വയസ്സുള്ള ഇന്ദ്രജിത്ത് വീട്ടിൽ നിന്ന് പോയത്. കപ്പലിൽ തന്നെ ജോലി ചെയ്യുന്ന ഇന്ദ്രജിത്തിന്റെ പിതാവ് സന്തോഷ് മൊസാംബിക്കിൽ എത്തിയിട്ടുണ്ട്. വ്യാഴാഴ്ച ബെയ്റാ തുറമുഖത്തിന് സമീപം കപ്പലിന്റെ അറ്റകുറ്റപ്പണിക്കായി പോകുമ്പോൾ കടൽക്ഷോഭത്തിൽപ്പെട്ട് ബോട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ബോട്ടിൽ ഉണ്ടായിരുന്ന 21 പേരിൽ 14 പേരെ രക്ഷപ്പെടുത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

A Malayali man, Sreerag Radhakrishnan from Thevalakkara, Kollam, has been confirmed dead in a boat accident off Mozambique. His body has been identified and steps are being taken to repatriate it to Kerala. Another Malayali, Indrajith from Piravom, remains missing after the boat capsized near Beira port.