greta-idf-flotila

Image Credit:Reuters

TOPICS COVERED

സ്വീഡനില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗിനോട് ഇസ്രയേല്‍ സൈന്യം അപമര്യാദയായി പെരുമാറിയെന്ന് റിപ്പോര്‍ട്ട്. കരുതല്‍ തടങ്കലിലാക്കിയ സമയത്ത് ഗ്രേറ്റയെയും ഒപ്പമുള്ളവരെയും നിര്‍ബന്ധിച്ച് ഇസ്രയേല്‍ പതാക പുതപ്പിച്ചുവെന്നും  അതില്‍ ചുംബിപ്പിച്ചുവെന്നും ആക്ടിവിസ്റ്റുകള്‍ ആരോപിക്കുന്നു. സുമോഡ് ഫ്ലോട്ടിലയുടെ ഭാഗമായി ഗാസയിലേക്ക് അവശ്യ സാധനങ്ങളുമായി പോയതിനെ തുടര്‍ന്ന് തുര്‍ക്കിയിലേക്ക് നാടുകടത്തപ്പെട്ട സംഘത്തിന്‍റേതാണ് വെളിപ്പെടുത്തല്‍. 'മൃഗങ്ങളോട് ചിലര്‍ പെരുമാറുന്നത് പോലെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഗ്രേറ്റയെ പിടിച്ച് തള്ളിയിട്ടു. അടിച്ചു, ഇസ്രയേലി പതാക  പുതപ്പിച്ചു'-മലേഷ്യയില്‍ നിന്നുള്ള ആക്ടിവിസ്റ്റായ ഹെല്‍മി വെളിപ്പെടുത്തി. 

അതേസമയം, ഗ്രേറ്റയുമായി ബന്ധപ്പെടാന്‍ എംബസിക്ക് സാധിച്ചുവെന്നും നിര്‍ജലീകരണം സംഭവിച്ച് അവശനിലയിലായിരുന്നു ഗ്രേറ്റയെന്നും ദ് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീര്‍ഘനേരം ഒരേയിരുപ്പില്‍  കഠിനമായ പ്രതലത്തില്‍ ഇരുത്തിയെന്നും കിടക്കാന്‍ നല്‍കിയ കിടക്കയില്‍ ആകെ മൂട്ടയായിരുന്നുവെന്നും മൂട്ടകടിയേറ്റ് ശരീരമാകെ അലര്‍ജിയായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കരുതല്‍ തടങ്കലില്‍ നേരിട്ടത് കടുത്ത പീഡനമാണെന്ന് പിടിയിലായ മറ്റുള്ളവരും പറയുന്നു. കുടിക്കാന്‍ വെള്ളമോ, വൃത്തിയുള്ള ഭക്ഷണമോ നല്‍കിയില്ലെന്നും ഗാസയിലേക്കായി കൊണ്ടുപോയ മരുന്നുകളടക്കം ഇസ്രയേലി സൈന്യം പിടിച്ചെടുത്തുവെന്നും ആക്ടിവിസ്റ്റുകള്‍ വെളിപ്പെടുത്തി. 'മുഖം നിലത്തോട് ചേര്‍ത്ത് മുട്ടില്‍ നിര്‍ത്തി. അനങ്ങിയാല്‍ മര്‍ദിക്കുമായിരുന്നു. വേദന കൊണ്ട് പുളയുന്നത് കണ്ട് ഉറക്കെ ചിരിച്ചു'.  ശാരീരിക അക്രമത്തിന് പുറമെ മാനസികമായും ഉപദ്രവിച്ചുവെന്നും അക്രമത്തിനിരയായവര്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു.

137 പേരെയാണ് ഇസ്രയേല്‍ ഇത്തരത്തില്‍ തുര്‍ക്കിയിലേക്ക് അയച്ചത്. ഇവരില്‍ 36 പേര്‍ തുര്‍ക്കി പൗരന്‍മാരും മറ്റുള്ളവര്‍ യുഎസ്, യുഎഇ, അള്‍ജീരിയ, മൊറോക്കോ, ഇറ്റലി, കുവൈത്ത്, ലിബിയ,മലേഷ്യ, മൗറീഷ്യാനിയ,സ്വിറ്റ്സര്‍ലന്‍ഡ്, തുണീഷ്യ,ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. 

അതേസമയം, നുണക്കഥകളാണ് ആക്ടിവിസ്റ്റുകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം. കരുതല്‍ തടങ്കലില്‍ ശാരീരിക–മാനസിക അതിക്രമങ്ങളേറ്റെന്ന വാദങ്ങളെ ഇസ്രയേല്‍ നിഷേധിച്ചു. ഭക്ഷണവും വെള്ളവും നിയമസഹായവും തടവിലാക്കപ്പെട്ടവര്‍ക്ക് ലഭ്യമാക്കിയെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം.  

ENGLISH SUMMARY:

Greta Thunberg's mistreatment by Israeli forces is being reported. Activists allege she and others were forced to kiss and cover themselves with the Israeli flag during detention.