പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ക്വറ്റയില്‍ അര്‍ധ സൈനിക വിഭാഗമായ ഫ്രോന്‍റിയര്‍ കോൺസ്റ്റാബുലറിയുടെ ആസ്ഥാനത്തിന് മുന്‍പില്‍ കാര്‍ ബോംബ് സ്ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. സൈനിക ആസ്ഥാനം സ്ഥിതി ചെയ്യുന്ന ക്വറ്റയിലെ സർഘുൻ റോഡിലാണ് സ്ഫോടനം. 32 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാം എന്ന് ബലൂചിസ്ഥാന്‍ ആരോഗ്യ മന്ത്രി മുഹമ്മദ് കാക്കർ അറിയിച്ചു.
മോഡൽ ടൗണിലും സമീപ പ്രദേശങ്ങളിലും സ്‌ഫോടന ശബ്ദം കേട്ടു എന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനൽച്ചില്ലുകൾ തകരുകയും ചെയ്തു. സ്ഫോടനത്തിന് പിന്നാലെ സ്ഥലത്ത് വെടിയൊച്ച കേട്ടതായും വിവരമുണ്ട്. രക്ഷാപ്രവര്‍ത്തകും പൊലീസും ആംബുലന്‍സ് സര്‍വീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഫോടനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം മോഡൽ ടൗണിൽ നിന്ന് സൈനിക ആസ്ഥാനത്തിന് സമീപമുള്ള ഹാലി റോഡിലേക്ക് തിരിയുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് (എസ്എസ്‌പി) ഡോൺ മുഹമ്മദ് ബലോച്ച് അറിയിച്ചു. ഔദ്യോഗിക വിവരം അനുസരിച്ച് 10 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രി ബഖ്ത് മുഹമ്മദ് കാക്കർ പറഞ്ഞു. അഞ്ചു പേര്‍ സംഭവസ്ഥലത്തും അഞ്ചു പേര്‍ ആശുപത്രിയിലുമാണ് മരിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) പോലുള്ള ഗ്രൂപ്പുകളിൽ നിന്നുള്ള അക്രമങ്ങൾ നടക്കുന്ന മേഖലയാണ് ബലൂചിസ്ഥാന്‍. പ്രവിശ്യയുടെ തലസ്ഥാനമാണ് സ്ഫോടനം നടന്ന ക്വറ്റ. ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷാവറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസ് ഈ വർഷം ബിഎൽഎ റാഞ്ചിയിരുന്നു. ജൂണില്‍ 17 സൈനിക, സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ബലൂചിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് (ബിഎൽഎഫ്) ആക്രമണം നടത്തിയിരുന്നു. പഞ്ച്ഗുർ, സുരബ്, കെച്ച്, ഖരാൻ എന്നിവിടങ്ങളിൽ സൈനിക കേന്ദ്രങ്ങളാണ് അന്ന് ലക്ഷ്യമിട്ടിരുന്നത്.