പാക്കിസ്ഥാന്‍ ടീമുമായി ഔദ്യോഗികമായി ഹസ്തദാനം നടത്തില്ലെന്ന ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ പരിഹസിച്ച് ഓസ്ട്രേലിയന്‍ താരങ്ങളുടെ വിഡിയോ. ഏഷ്യാകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടിയ ഒരു മത്സരത്തിലും പരസ്പരം ഹസ്തദാനം ചെയ്തിരുന്നില്ല. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയുമായി ഹസ്തദാനം ചെയ്യില്ലെന്ന തീരുമാനം ടീമിലെ മറ്റ് താരങ്ങളും പിന്തുടരുകയായിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്കും ഒപ്പപ്പാടുകള്‍ക്കും വഴിവച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ താരങ്ങളുടെ തീരുമാനത്തെ പരിഹസിച്ചുകൊണ്ട് ഓസ്ട്രേലിയന്‍ പുരുഷ–വനിതാ ക്രിക്കറ്റ് താരങ്ങളൊന്നിച്ച് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.
ഇന്ത്യന്‍ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനായി ടീം യാത്രതിരിച്ച സമയം തന്നെയാണ് ഇന്ത്യന്‍ ടീമിനെ അപമാനിക്കുന്ന തരത്തില്‍ ടീം ഓസ്ട്രേലിയ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. കയോ സ്പോര്‍ട്സ് ആണ് ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ‘ഇന്ത്യ മുന്നേറുകയാണെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം, എന്നാല്‍ ഞങ്ങള്‍ നിര്‍ണായകമായ ഒരു പോരായ്മ ഇന്ത്യന്‍ ടീമില്‍ കണ്ടുപിടിച്ചിരിക്കുന്നുവെന്നാണ് വിഡിയോയില്‍ അവതാരകന്‍ പറയുന്നത്.
ഇന്ത്യ പരമ്പരാഗതമായ അഭിവാദ്യരീതിയായ ഹസ്തദാനം ഇഷ്ടപ്പെടുന്നില്ല, അതുകൊണ്ട് ഓരോ പന്തും എറിയുന്നതിനു മുന്‍പും നമുക്കവരെ ആശയക്കുഴപ്പത്തിലാക്കാമെന്നാണ് ആദ്യം പറയുന്നത്. പിന്നാലെ വനിതാ പുരുഷ താരങ്ങള്‍, ഇന്ത്യയെ മറ്റേതെല്ലാം രീതിയില്‍ അഭിവാദ്യം ചെയ്യാമെന്ന് കാണിക്കുകയാണ് വിഡിയോയില്‍. ഇന്ത്യൻ താരങ്ങളുമായി പരീക്ഷിക്കാൻ കഴിയുന്ന വിവിധ അഭിവാദ്യ രീതികൾ നിർദ്ദേശിക്കുന്ന വിധത്തിലാണ് വിഡിയോ.
എന്നാല്‍ ഇന്ത്യയുടെ ദേശീയ പ്രശ്നമായും അഭിമാനമായും അവതരിപ്പിച്ച നിലപാടിനെ എന്തിനാണിങ്ങനെ ഓസ്ട്രേലിയന്‍ താരങ്ങളും മാധ്യമങ്ങളും അപമാനിക്കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. എന്തിനാണ് ഇങ്ങനെ പരിഹസിച്ചു ചിരിക്കുന്നതെന്നാണ് വിഡിയോ കണ്ട ഇന്ത്യക്കാരുടെ പ്രതികരണം. അതേസമയം ഓസ്ട്രേലിയന്‍ പര്യടനത്തിനായി ടീം ഇന്ത്യ ഇന്നല യാത്ര തിരിച്ചു. പരുക്കേറ്റ് ആഴ്ച്ചകളായി കളിക്കളത്തില്‍ നിന്നും മാറി നില്‍ക്കുന്ന ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഏകദിനത്തില്‍ കളിക്കുമോയെന്ന കാര്യത്തില്‍ തീരുമാനമായില്ല.