യു.എസ് സൈന്യം പാക്കിസ്ഥാനില്‍
ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമാകുന്നതിനിടെ ആശങ്കയില്‍ പാക്കിസ്ഥാന്‍. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ബലൂചിസ്ഥാനിലെ അസ്വസ്ഥതകളാണ് പാക്ക് ഭയത്തിന് അടിസ്ഥാനം. ഇറാനിലെ പ്രശ്നങ്ങള്‍ ആഭ്യന്തര കാര്യമാണെന്ന് പാക്കിസ്ഥാന്‍ പറയുമ്പോഴും അസ്വസ്ഥതകള്‍ അതിര്‍ത്തി കടന്നെത്തുമോ എന്ന ഭയത്തിലാണ് സുരക്ഷാ സേനകള്‍.
ഇറാനുമായുള്ള പാക്കിസ്ഥാന്‍റെ 900 കിലോമീറ്ററോളം വരുന്ന അതിര്‍ത്തി ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണ്. ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാനിലും പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിലും ഒരേ വംശീയത പങ്കിടുന്ന ബലൂച് വിഭാഗക്കാരാണ് താമസിക്കുന്നത്. ബലൂച് വിഘടനവാദികളുടെ നേതൃത്വത്തില്‍ ആക്രമണം നടക്കുന്ന മേഖലയാണിത്.
ഇറാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ പാക്ക് അതിര്‍ത്തിയില്‍ അസ്ഥിരത ഉണ്ടാക്കുമോ എന്നാണ് സുരക്ഷാ ഏജന്‍സികളുടെ ആശങ്ക. പതിറ്റാണ്ടുകളായി ഈ മേഖലയിൽ വിഘടനവാദികൾ പാക്കിസ്ഥാൻ സൈന്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ നടത്തിയ ഓപ്പറേഷന്‍ റൈസിങ് ലയണിന്റെ സമയത്തും പാക്ക് സുരക്ഷാ സേന മുന്‍കരുതലെടുത്തിരുന്നു.
ഇതിനൊപ്പമാണ് യു.എസ് സൈന്യത്തിന്‍റെ സ്പെഷ്യല്‍ ഫോഴ്സ് പാക്കിസ്ഥാനിലെത്തിയെന്ന അഭ്യൂഹം പരക്കുന്നത്. ഇറാനില്‍ ആക്രമണത്തിനായി യുഎസ് സൈന്യം പാക്കിസ്ഥാനിലെത്തി എന്നാണ് എക്സ് അക്കൗണ്ടുകളില്‍ പ്രചരിക്കുന്നത്. യു.എസ് സൈന്യത്തിന്‍റെ വരവ് പാക്കിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നുണ്ടെങ്കിലും ഇത് ഇറാന്‍റെ സൈനിക നടപടിയുടെ ഭാഗമായിട്ടല്ലെന്നാണ് വിശദീകരണം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഭീകര വിരുദ്ധ സൈനിക പരിശീലനത്തിനായാണ് യു.എസ് സൈന്യം എത്തിയിരിക്കുന്നത്. പാക്ക് പാഞ്ചാബിലെ ഖാറിയാന്‍ ജില്ലയിലെ ദേശിയ ഭീകരവിരുദ്ധ കേന്ദ്രത്തിലാണ് സംയുക്ത ഭീകരവിരുദ്ധാഭ്യാസങ്ങൾ എന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം.
ഇറാനിലെ സംഘര്‍ഷം തുടരുകയാണെങ്കില്‍ എണ്ണയും മറ്റു വസ്തുക്കളുടെയും വില ഉയരുന്നതും പാക്കിസ്ഥാന് പ്രതിസന്ധിയാണ്. സാമ്പത്തികമായി തളര്‍ന്ന പാക്കിസ്ഥാനില്‍ കള്ളക്കടത്ത് വര്‍ധിക്കുന്നതാണ് മറ്റൊരു ആശങ്ക. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തെ ഇറാന്‍ സംഘര്‍ഷം ബാധിക്കാനും സാധ്യതയുണ്ട്.