പോര്‍മുഖത്തിന്റെ ഇന്നര്‍സര്‍ക്കിളില്‍ ഇസ്രയേല്‍ മിലിട്ടറി. ഔട്ടര്‍ സര്‍ക്കിളില്‍ അമേരിക്കന്‍ കപ്പല്‍പ്പട. പത്മവ്യൂഹത്തിലായിരുന്നു ഇറാന്‍. ആത്മരക്ഷാര്‍ഥം അമ്പുകള്‍ തൊടുത്തപ്പോഴേക്കും സര്‍വാധികാരിയും കൊട്ടാരവും കുടുംബവുമടക്കം സര്‍വതും താറുമാറായി. പ്രാണപ്പിടപ്പില്‍ ഇറാന്‍ സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പറത്തി. ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡിന്റെ തലയും മുഖവും ചതഞ്ഞരഞ്ഞു.
കഴിഞ്ഞ ജനുവരി മുതലാണ് ഇറാനില്‍ നിന്നും അസംതൃപ്തിയുെട നീറ്റലും പുകയും അതിര്‍ത്തിവിട്ട് പുറത്തേക്ക് വന്നുതുടങ്ങിയത്. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിക്കെതിരെ സാമ്പത്തിക പ്രതിസന്ധിയിലും ആഭ്യന്തര നിലപാടുകളിലും മടുത്ത ജനം തെരുവിലിറങ്ങി. അധിനിവേശ ശക്തികള്‍ക്ക് മുന്‍പില്‍ പോലും കൂസാത്ത നേതാവ് സ്വന്തം ജനതയ്ക്ക് മുന്‍പിലും പത്തി താഴ്ത്തിയില്ല. സൈന്യത്തെ നിരത്തി സമരം അടിച്ചമര്‍ത്തി. ഇറാനുമേല്‍ കടന്നുകയറാന്‍ ഒരവസരം നോക്കിയിരുന്ന ഡോണള്‍ഡ് ട്രംപും ബെന്യമിന്‍ നെതന്യാഹുവും സമരക്കാര്‍ക്ക് പിന്തുണ നല്‍കി. ഇത് പന്തിയില്ലെന്ന് അന്നേ ബോധ്യപ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ നയതന്ത്രത്തിന് വേദികളൊരുക്കി.
ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍–യുഎസ് ആണവചര്‍ച്ച പല ഘട്ടങ്ങള്‍ നടന്നു. പശ്ചിമേഷ്യയില്‍ ട്രംപിനേയും നെതന്യാഹുവിനേയും കൈചൂണ്ടി ഭീഷണിപ്പെടുത്താന്‍ പോന്ന തലപ്പൊക്കമുള്ള ഇറാനാവട്ടെ നിലപാടുകളില്‍ നിന്നും അണുവിട പിന്നോട്ട് പോയില്ല. പരമാധികാരം കയ്യാളുന്ന ആ 86വയസുകാരനെ ഇനിയും വളര്‍ത്തിയാല്‍ യുഎസിനും സഖ്യകക്ഷികള്‍ക്കും സുരക്ഷാഭീഷണിയാകുമെന്ന് കണ്ട് ട്രംപും നെതന്യാഹുവും നീക്കം തുടങ്ങി.
ഖമനയിയുടേയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റേയും വസതികള്‍ സ്ഥിതി ചെയ്യുന്ന നഗരഭാഗങ്ങളിലായിരുന്നു ആദ്യഘട്ടത്തില്‍ തന്നെ മിസൈലാക്രമണം നടന്നത്. ഖമനയിയുടെ കൊട്ടാരം ആക്രമണത്തില്‍ നിലംപൊത്തി . ഖമനയിയേയും മകളേയും പേരക്കുട്ടിയേയുമടക്കം വിശുദ്ധ വ്രതനാളില്‍ തുടച്ചുനീക്കി. ഇറാനെ ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചുട്ട്കരിക്കുമെന്ന് ബോധ്യമുള്ളതിനാല്‍ തന്നെ ഇറാനെ ആക്രമിക്കാന്‍ തങ്ങളുെട വ്യോമപാത തുറന്നുതരില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയോടും ഇസ്രയേലിനോടും നേരത്തേ വ്യക്തമാക്കിയിരുന്നു. അവര്‍ വാക്ക് പാലിച്ചു. പക്ഷേ ഇറാന്‍ മര്യാദ കാട്ടിയില്ല. അമേരിക്കയ്ക്കുള്ള ആദ്യ തിരിച്ചടി ഗള്‍ഫിലേക്ക ്നല്‍കി. ഇന്നോളം ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടിട്ടില്ലാത്തത്രയും ശക്തമായ വ്യോമാക്രമണം.
അമേരിക്കയിലേക്ക് മിസൈല്‍ അയയ്ക്കുന്നതിനു പകരം ഗള്‍ഫിലെ യുഎസ് സേനാതാവളങ്ങളിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇറാന്‍ യുഎസ് സൈനികര്‍ക്ക് നേരിട്ടുള്ള തിരിച്ചടി നല്‍കി. ഗള്‍ഫ് മേഖലയെ സംഘര്‍ഷ ഭൂമിയാക്കി യുഎസിനുമേല്‍ സമ്മര്‍ദം ചെലുത്താനാണ് ഇറാന്‍ ഈ നീക്കം നടത്തിയത്. ആയിരക്കണക്കിനു മൈലുകള്‍ അപ്പുറമുള്ള അമേരിക്കയെ ആക്രമിക്കല്‍ അസാധ്യമാണ്. തിരിച്ച് ഇസ്രയേല്‍ ഒരുക്കുന്ന സുരക്ഷിത താവളങ്ങളുടെ ബലത്തിലാണ് അമേരിക്ക ആക്രമണം നടത്തുന്നത്. ഏറ്റവും വലിയ രാജ്യമായ സൗദിയുള്‍പ്പെടെയുള്ള അഞ്ച് ഗള്‍ഫ് രാജ്യങ്ങളേയും ആക്രമിച്ചു. വര്‍ഷങ്ങള്‍ നീണ്ട ഉറ്റചങ്കായ ഒമാനെ തൊട്ടില്ല.
സയണിസ്റ്റ് ഭരണകൂടത്തെ ഇല്ലായ്മ ചെയ്ത് അമേരിക്കയുടെ വേരറുക്കുമെന്ന് പ്രഖ്യാപിച്ചാണ് ആയത്തുല്ല അലി ഖമനയിയുടെ മകന്‍ മൊജ്തബ ഖമനയിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ഭരണസമിതിനിലവില്‍ വന്നത്. എന്നാല്‍ പരമോന്നത നേതാവായി ഖമനയിയുടെ പിന്‍ഗാമിയാകാന്‍ മൊജ്തബയ്ക്ക് ഭരണഘടനാപരമായ വെല്ലുവിളികളുണ്ട്. 88അംഗ വിദഗ്ധസമിതിയാണ് അക്കാര്യം തീരുമാനിക്കുക. ഏതായാലും ഭരണസമിതി നിലവില്‍ വന്നതിനു പിന്നാലെ ദോഹയിലും ദുബായിലും വീണ്ടും സ്ഫോടനമുണ്ടായി. ഇതിവിടം കൊണ്ട് തീരില്ലെന്ന് വ്യക്തം. ചോരപ്പുഴ ഇനിയുമൊഴുകും, കുഞ്ഞുപ്രാണന്‍ ഇനിയും സ്കൂളുകളിലും വീടുകളിലും വീണുപിടയും.....
റഷ്യ യുക്രെയിന്‍ സംഘര്‍ഷത്താല്‍ യൂറോപ്പിന്റെ ഒരു ഭാഗം കലുഷിതമാണ്. പശ്ചിമേഷ്യയും താറുമാറാവുകയാണ്. പലസ്തീന്‍, വെനസ്വേല, ക്യൂബ, ഇറാന്‍...അങ്ങനെ അധിനിവേശം തുടരുന്ന രാജ്യങ്ങളുടെ എണ്ണം കൂടുകയാണ്. അധിനിവേശ അജന്‍ഡയുമായി അമേരിക്കയുടെ ചതുരംഗവും തുടരുന്നു. സമാധാന ശ്രമങ്ങളും രാജ്യാന്തര നിയമങ്ങളും ശക്തമാകണം. ഇല്ലെങ്കില്‍ വലിയ വില നല്‍കേണ്ടിവരും, മണ്ണിനും മനുഷ്യനും.